പഞ്ച് ചെയ്ത മുങ്ങിയാൽ പണി പാളും! പ്രതിഷേധത്തിൽ മുങ്ങി നിയമസഭയും പാര്‍ലമെന്‍റും, ദേവികുളത്തെ സ്റ്റേ - 10 വാർത്ത

By Web TeamFirst Published Mar 21, 2023, 6:40 PM IST
Highlights

ഇന്നത്തെ പ്രധാന 10 വാര്‍ത്തകള്‍ ഇതാ...

തിരുവനന്തപുരം: കേരള നിയമസഭയിലും പാര്‍ലമെന്‍റിലും തുടര്‍ച്ചയായി കടുത്ത പ്രതിഷേധങ്ങള്‍ക്ക് വേദിയാകുന്നതാണ് കേരളം ഇന്ന് ചര്‍ച്ച ചെയ്ത പ്രധാന വാര്‍ത്തകള്‍.  പ്രതിപക്ഷത്തിൻറെ കടുത്ത പ്രതിഷേധത്തിനൊടുവിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ഭരണ-പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തുടര്‍ച്ചയായ ഏഴാം ദിനവും പാര്‍ലമെന്‍റ്  സ്തംഭിച്ചു. പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്രം തീരുമാനം യുഎപിഎ ട്രൈബ്യൂണൽ ശരിവെച്ചതും ഇന്നത്തെ സുപ്രധാന വാര്‍ത്തയാണ്. ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിക്ക് ഇടക്കാല സ്റ്റേയും ലഭിച്ചിട്ടുണ്ട്. ഇന്നത്തെ പ്രധാന 10 വാര്‍ത്തകള്‍ ഇതാ...

പോപ്പുലർ ഫ്രണ്ട് നിരോധനം; കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണൽ

പോപ്പുലർ ഫ്രണ്ട് നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണൽ. ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാർ അധ്യക്ഷനായ ട്രൈബ്യൂണലാണ് പോപ്പുലർ ഫ്രണ്ട് നിരോധനം ശരിവച്ചത്. നിരോധനം സംബന്ധിച്ച് സർക്കാർ ഉത്തരവ് പരിശോധിക്കാനാണ് ട്രൈബ്യൂണലിനെ കേന്ദ്രം നിയമിച്ചത്.

ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിക്ക് ഇടക്കാല സ്റ്റേ

ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് വിധി റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ. സുപ്രീംകോടതിയെ സമീപിക്കുന്നതിനായി 10 ദിവസത്തെ സാവകാശം അനുവദിച്ചാണ് വിധി നടപ്പാക്കുന്നതിന് കോടതി സ്റ്റേ അനുവദിച്ചത്. നിയമസഭാംഗത്വത്തിൽ  നിന്ന് അയോഗ്യനാക്കപ്പെട്ട എ രാജ നൽകിയ അപേക്ഷയിലാണ് ഉത്തരവ് പുറപ്പെടുവിച്ച അതേ ബെഞ്ച് തന്നെ സ്റ്റേ നൽകിയത്.

ഇന്നും അടിച്ചുപിരിഞ്ഞു; ഭരണ-പ്രതിപക്ഷ ബഹളം, തുടര്‍ച്ചയായ ഏഴാം ദിനവും സ്തംഭിച്ച് പാര്‍ലമെന്‍റ്

ഭരണ-പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തുടര്‍ച്ചയായ ഏഴാം ദിനവും സ്തംഭിച്ച് പാര്‍ലമെന്‍റ്. സര്‍വകക്ഷി യോഗം വിളിച്ച് നടപടികളുമായി മുന്‍പോട്ട് പോകാനുള്ള സഭാധ്യക്ഷന്മാരുടെ ശ്രമവും പാളി. സംസാരിക്കാന്‍ അനുവദിക്കാതെ സമാന്യ നീതി നിഷേധിക്കപ്പെടുന്നുവെന്ന് പരാതിപ്പെട്ട് സ്പീക്കര്‍ക്ക് രാഹുല്‍ ഗാന്ധി അയച്ച കത്ത് കോണ്‍ഗ്രസ് പുറത്ത് വിട്ടു. 

പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം; നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു 

 പ്രതിപക്ഷത്തിൻറെ കടുത്ത പ്രതിഷേധത്തിനൊടുവിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാൽ 5 എംഎൽഎമാർ നടുത്തളത്തിൽ രാവിലെ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങിയിരുന്നു. സമരരീതിയെ സ്പീക്കറും മന്ത്രിമാരും രൂക്ഷമായി വിമർശിച്ചു. 

'ഇതുപോലെ പ്രതിഷേധം സഭയിൽ ഉണ്ടായിട്ടില്ല', ഇതെവിടുത്തെ സമരം? പ്രതിപക്ഷ സത്യ​ഗ്രഹത്തെ വിമ‍ർശിച്ച് വി ശിവൻകുട്ടി

പ്രതിപക്ഷത്തിന്‍റെ സഭയിലെ സത്യ​ഗ്രഹത്തെ പരിഹസിച്ച് മന്ത്രി വി.ശിവൻകുട്ടി. ഞങ്ങളും മുൻപ് ശക്തമായി പ്രതിഷേധ നടത്തിയിട്ടുണ്ട്. ഇതുപോലെ പ്രതിഷേധം സഭയിൽ ഉണ്ടായിട്ടില്ല. ഇത് എവിടുത്തെ സമരം എന്നാണ് ശിവൻകുട്ടി ചോദിച്ചത്.

അമൃത്പാൽ കാറിൽ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്

ഖലിസ്ഥാൻ വാദി അമൃത്പാല്‍ സിങ് പൊലീസ് പിടിയിൽ നിന്ന് കാറില്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്. ശനിയാഴ്ച ജലന്ധറിലെ ടോള്‍ പ്ലാസയില്‍ നിന്നും അമൃത്പാൽ രക്ഷപ്പെടുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. നാലു പ്രതികൾ ചേർന്നാണ് അമൃത് പാലിനെ രക്ഷപ്പെടുത്തിയതെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു

മോദിയുടെ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ച: ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരും

പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും. മുൻ പഞ്ചാബ് ഡിജിപി, സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഡിഐജി, എസ്പി എന്നിവർക്കെതിരെയാണ് നടപടിയെടുക്കാൻ മുഖ്യമന്ത്രി ഭഗവന്ത് മാൻ നിർദേശിച്ചത്.

'പഞ്ച് ചെയ്ത് മുങ്ങുന്നു'; ഉഴപ്പുന്നവരെ പിടിക്കാൻ ഏപ്രിൽ മുതൽ സെക്രട്ടേറിയേറ്റിൽ ആക്സസ് കൺട്രോൾ സംവിധാനം

പുതിയ സാമ്പത്തിക വർഷത്തിന്റെ ആരംഭമായ ഏപ്രിൽ ഒന്നാം തീയതി മുതൽ സംസ്ഥാന സെക്രട്ടേറിയേറ്റിൽ ആക്സസ് കൺട്രോൺ സംവിധാനം നടപ്പാക്കും. ഇത് സംബന്ധിച്ച് പൊതു ഭരണ സെക്രട്ടറി ജ്യോതി ലാൽ ഉത്തരവിറക്കി. ഉദ്യോഗസ്ഥർ ജോലിയിൽ ഉഴപ്പുന്നത് തടയാനായി നേരത്തെ കൊണ്ടുവന്ന പഞ്ചിംഗ് സംവിധാനവും പോരാതെ വന്നതോടെയാണിത്. പഞ്ച് ചെയ്ത ശേഷവും ജീവനക്കാർ ജോലി സ്ഥലം വിട്ട് പുറത്ത് പോകുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. ഇത് തടയാനാണ് ആക്സസ് കൺട്രോൾ കൊണ്ടു വരുന്നത്.

സ്വപ്ന സുരേഷിനെതിരായ സിപിഎം പരാതി: അന്വേഷണത്തിന് കണ്ണൂർ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ കണ്ണൂർ തളിപ്പറമ്പ് പൊലീസ് എടുത്ത ഗൂഢാലോചന കേസ് കണ്ണൂർ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും. കണ്ണൂർ സിറ്റി എസിപി  രത്നകുമാർ, തളിപ്പറമ്പ് ഡിവൈഎസ്പി എംപി വിനോദ്, തളിപ്പറമ്പ് വനിതാ സെൽ എസ്ഐ ഖദീജ അടക്കമുള്ളവരാണ് സംഘത്തിലുള്ളത്.

തൃശൂർ ചേർപ്പ് സദാചാരക്കൊലക്കേസ്; ഒരു പ്രതി കൂടി അറസ്റ്റിൽ

ചേർപ്പ് സദാചാര കൊലക്കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. കോട്ടം സ്വദേശി ഡിനോൺ ആണ് അറസ്റ്റിലായത്. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് പിടിയിലായത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേർ ഇതിനോടകം പിടിയിലായിട്ടുണ്ട്. ഒന്നാം പ്രതി രാഹുൽ ഉൾപ്പെടെ അഞ്ച് പേർ ഇപ്പോഴും ഒളിവിലാണ്. 

click me!