
തിരുവനന്തപുരം: തിരുവനന്തപുരം മേയർ പദവി ലഭിക്കാത്തതിൽ അതൃപ്തി തുടർന്ന് മുൻ ഡിജിപി ആർ. ശ്രീലേഖ. താൻ അപമാനിതയായെന്ന വികാരമാണ് ശ്രീലേഖ നേതാക്കളോട് പങ്കുവെച്ചത്. ശ്രീലേഖയെ അനുനയിപ്പിക്കാൻ പല ശ്രമങ്ങളും നേതാക്കൾ നടത്തിയെങ്കിലും ഈ ശ്രമങ്ങളൊന്നും ഫലം കണ്ടില്ലെന്നാണ് വിവരം. എങ്കിലും സമവായ ശ്രമം തുടരുകയാണ് നേതാക്കൾ. പുതിയ മേയർക്ക് ആശംസ പോസ്റ്റ് പോലും പങ്കുവെക്കാതെയാണ് ശ്രീലേഖയുടെ പ്രതിഷേധം. ഇന്നലെ മേയർ വിവി രാജേഷും ഡെപ്യൂട്ടി മേയർ ആശ നാഥും ശ്രീലേഖയെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. പ്രധാന നേതാക്കളെ കാണുന്നതിന്‍റെ ഭാഗമായാണ് സന്ദർശനം എന്നായിരുന്നു വിവി രാജേഷിന്‍റെ വിശദീകരണം.
ഇന്നലെ രാവിലെ മേയരുടെ സത്യപ്രതിജ്ഞ ചടങ്ങ് പൂർത്തിയാകും മുമ്പ് ശ്രീലേഖ മടങ്ങിയിരുന്നു. ശ്രീലേഖ കൗൺസിൽ ഹാളിൽ നിന്ന് പുറത്തുപോയത് ചർച്ചയായിരുന്നു. ഹാളിൽ രാജേഷിന്‍റെ സത്യപ്രതിജ്ഞയും ആഘോഷവും പൊടിപൊടിക്കുമ്പോഴാണ് അതിലൊന്നും ചേരാതെ ആർ ശ്രീലേഖ മടങ്ങിയത്. ഹാളിന് പുറത്തേക്കിറങ്ങി അതിവേഗം വാഹനം വിളിച്ച് പോവുകയായിരുന്നു. ശാസ്തമംഗലത്ത് മത്സരത്തിന് ഇറക്കുമ്പോൾ തന്നെ സംസ്ഥാന ഭാരവാഹികളിൽ ചിലർ ഭരണത്തിലെത്തിയാൽ മേയർ പദവി ശ്രീലേഖയ്ക്ക് വാഗ്ദാനം ചെയ്തെന്നാണ് വിവരം. അധികാരം പിടിച്ചശേഷം സംസ്ഥാന നേതൃത്വം ശ്രീലേഖയെ ഉറപ്പിച്ചിരുന്നു. സംസ്ഥാന നേതൃനിരയിലുള്ള ചിലനേതാക്കൾക്ക് വിവി രാജേഷിനോടുള്ള എതിർപ്പും ശ്രീലേഖയെ പിന്തുണക്കാനുള്ള മറ്റൊരു കാരണമായിരുന്നു. എന്നാൽ മുൻ അധ്യക്ഷന്മാരടക്കമുള്ള നേതാക്കളോട് ചർച്ച ചെയ്യാതെ ശ്രീലേഖയെ തീരുമാനിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ കേന്ദ്ര നേതാക്കളെ വിളിച്ച് കടുത്ത ആശങ്ക അറിയിച്ചതും പിന്നാലെ ആർഎസ്എസ് ഇടപെടലും പദവി രാജേഷിലേക്കെത്തിച്ചു.
തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പിൽ ചട്ടലംഘനമുണ്ടായെന്ന് ചൂണ്ടിക്കാട്ടി സിപിഎം കോടതിയിലേക്ക്. വോട്ടെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം. സത്യപ്രതിജ്ഞ ചെയ്ത ഇരുപത് അംഗങ്ങൾ ചട്ടം ലംഘിച്ചുവെന്നാണ് സിപിഎമ്മിൻ്റെ പരാതി. ബിജെപിയുടെ ചട്ടലംഘനത്തിനെതിരെ സിപിഎം പ്രതിഷേധിച്ചിരുന്നു. നേരത്തെ, ഇതിനെതിരെ പരാതി നൽകിയത് നിലവിലുണ്ട്.
ബലിദാനിയുടെ പേരിൽ ഉൾപ്പെടെയുള്ള പ്രതിജ്ഞ അംഗീകരിക്കാൻ കഴിയില്ലെന്ന് സിപിഎം നേതാവ് എസ്പി ദീപക് പറഞ്ഞു. ചട്ടപ്രകാരം പ്രതിജ്ഞ എടുത്തവരുടെ വോട്ട് മാത്രം സാധുവായി കണക്കാക്കണം. ബിജെപി, യുഡിഎഫ് അംഗങ്ങളായ ഇരുപത് പേർ ചട്ടം ലംഘിച്ചെന്നും വോട്ടെടുപ്പ് നിയമവിരുദ്ധമാണെന്നും സിപിഎം ആരോപിച്ചു. ചട്ടം ലംഘിച്ചവരെ മാറ്റിനിർത്തി വോട്ടെടുപ്പ് നടത്തണമെന്നാണ് സിപിഎമ്മിൻ്റെ ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam