
ആലപ്പുഴ: തിരുവനന്തപുരം കോർപറേഷൻ മേയർ വിവി രാജേഷ് മുതിർന്ന സിപിഎം നേതാവ് ജി സുധാകരനെ സന്ദർശിച്ചു. ആലപ്പുഴ പറവൂരിലെ വീട്ടിലെത്തിയാണ് വിവി രാജേഷ് അദ്ദേഹത്തെ കണ്ടത്. കാലിന് പരിക്കേറ്റ് ഏറെ നാളായി വിശ്രമത്തിൽ കഴിയുകയാണ് ജി സുധാകരൻ. മുൻ മന്ത്രിയായ ജി സുധാകരനെ പൊന്നാടയണിയിച്ച് ആദരിച്ച് ആരോഗ്യവിവരം ചോദിച്ചറിഞ്ഞ ശേഷമാണ് തിരുവനന്തപുരം മേയർ മടങ്ങിയത്. ആലപ്പുഴയിലെ ബിജെപി നേതാക്കളും പ്രവർത്തകരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പുതിയ ദൗത്യത്തിന് പിന്തുണ തേടിയുള്ള സന്ദർശനമെന്നാണ് പിന്നീട് മേയർ വിവി രാജേഷ് വിശദീകരിച്ചത്. പുതിയ ചുമതല ഏറ്റെടുത്ത വിവി രാജേഷിന് ജി സുധാകരൻ ആശംസ അറിയിച്ചു.
ഇന്ന് പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുത്ത ശേഷം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയെ കാണാൻ വിവി രാജേഷ് ആലപ്പുഴയിലേക്ക് വന്നിരുന്നു. ഈ സന്ദർശനത്തിന് ശേഷം മടങ്ങും വഴിയാണ് പറവൂരിലെ വീട്ടിലെത്തി ജി സുധാകരനെയും കണ്ടത്. സന്ദർശനത്തിന് ശേഷം അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി. പാർട്ടി നേതൃത്വത്തിൽ നിന്ന് പ്രായ പരിധി നിബന്ധനയെ തുടർന്ന് മാറ്റിനിർത്തപ്പെട്ട ജി സുധാകരന് പിന്നീട് പാർട്ടിയുമായി പലപ്പോഴും അസ്വാരസ്യത്തിലായിരുന്നു. ഇതിന് ശേഷം കോൺഗ്രസ് - ബിജെപി നേതാക്കൾ ഇദ്ദേഹത്തെ വസതിയിലെത്തി കാണുന്നത് പതിവാണ്. ചികിത്സയിലിരുന്ന ജി സുധാകരനെ മുഖ്യമന്ത്രിയടക്കം മുതിർന്ന സിപിഎം നേതാക്കളെല്ലാം വീട്ടിലും ആശുപത്രിയിലുമെത്തി കണ്ടിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam