ആരോഗ്യമേഖലയിൽ 'സിസ്റ്റം' ഐസിയുവിൽ തന്നെ! ശരിയാകാൻ കാത്തിരിക്കണം; 2200 കോടി കുടിശിക തീർത്തില്ല; ഡോ ഹാരിസിനെതിരെ നടപടിയെടുക്കില്ല

Published : Jul 29, 2025, 11:35 AM IST
System

Synopsis

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലടക്കം ഉപകരണങ്ങൾ എത്തിക്കുന്നതിലെ കാലതാമസം തുടരുന്നു

തിരുവനന്തപുരം: ഡോ ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിൽ ഒരു മാസം പിന്നിടുമ്പോഴും ആരോഗ്യമേഖലാ സിസ്റ്റം ഐസിയുവിൽ തന്നെ. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലടക്കം ഉപകരണങ്ങൾ എത്തിക്കുന്നതിലെ കാലതാമസം തുടരുന്നു. പർച്ചേസിങിലെ കുടിശ്ശിക ഇനിയും തീർത്തിട്ടില്ല. പൊതുസമൂഹത്തിന്റെ വൻപിന്തുണ കണക്കിലെടുത്ത് ഡോ ഹാരിസിനെതിരെ അച്ചടക്ക നടപടി വേണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

തിരുവനന്തപുരം മെഡിക്കൽ കോളെജിലെ യൂറോളജി വിഭാഗം മേധാവി ഡോ ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിൽ കേരളം കേട്ടത് അമ്പരപ്പോടെയാണ്. ഉപകരണങ്ങളില്ല, പരാതി പറഞ്ഞിട്ട് കാര്യമില്ല, രോഗികളുടെ ദുരവസ്ഥ കണ്ടു മടുത്തു എന്നിങ്ങനെ പോരായ്മകൾ അക്കമിട്ട് നിരത്തിയാണ് ഡോ.ഹാരിസ് ഫെയ്സ്ബുക്കിൽ വിമർശനം ഉന്നയിച്ചത്. അന്ന് ആരോഗ്യമന്ത്രി കുറ്റപ്പെടുത്തിയത് സിസ്റ്റത്തെയായിരുന്നു.

വെളിപ്പെടുത്തൽ വൻ വിവാദമായതോടെ സിസ്റ്റം തകരാർ പഠിക്കാൻ കമ്മീഷൻ നിയോഗിച്ചിരുന്നു. മരുന്നുകളും ഉപകരണങ്ങളും വാങ്ങിക്കുന്നതിൽ അടക്കം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിനും സൂപ്രണ്ടിനും കൂടുതൽ അധികാരം നൽകണമെന്നടക്കം ശുപാർശകൾ ഉണ്ടായിരുന്നു. റിപ്പോർട്ട് കൈമാറിയിട്ടും ആഴ്ചകൾ പിന്നിട്ടു. അടിസ്ഥാന പ്രശ്നങ്ങളിൽ ഇപ്പോഴും മാറ്റമില്ല. മെഡിക്കൽ കോളേജുകൾക്കും കെഎംഎസ്‍സിഎല്ലിനുമുള്ള കുടിശ്ശിക പോലും വകുപ്പ് തീർത്തിട്ടില്ല. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിലും കെഎംഎസ്‌സിഎൽ വഴിയുമുള്ള പർച്ചേസിലുമായി വരുത്തിയ 2200 കോടിയലധികം രൂപയുടെ കുടിശ്ശിക തീർക്കാതെ സർക്കാർ ആശുപത്രികളിലേക്ക് സുഗമമമായി സാമഗ്രികൾ എത്തിക്കാനാകില്ല.

തിരുവനന്തപുരം മെഡിക്കൽ കോളെജിൽ അത്യാവശ്യ ഉപകരണങ്ങൾ ഓരോ വിഭാഗത്തിലേക്കും എത്തിക്കുന്നതിന് ഇപ്പോഴും കാലതാമസം തുടരുന്നുണ്ട്. അത്യാഹിത വിഭാഗത്തോട് ചേർന്നുള്ള എമർജൻസി ഓപ്പറേഷൻ തിയേറ്ററിലെ തകരാറുകൾ ഉടനടി പരിഹരിക്കാനായിരുന്നു തീരുമാനം, അതും ഒന്നുമായില്ല. കാർഡിയോളജി വിഭാഗത്തിൽ ഇപ്പോഴും രണ്ടാമത്തെ കാത്ത് ലാബ് അടഞ്ഞുതന്നെ കിടക്കുകയാണ്. ഡോ.ഹാരിസിന്റെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു കോട്ടയം മെഡിക്കൽ കോളെജിൽ കെട്ടിടം തകർന്ന് വീണു രോഗിയുടെ കൂട്ടിരിപ്പുകാരി തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചത്. പിന്നീട് നടത്തിയ കണക്കെടുപ്പിൽ, ഡിഎച്ച്എസിന് കീഴിലെ 600ഓളം ആശുപത്രി കെട്ടിടങ്ങൾ കാലപ്പഴക്കം ചെന്നതാണെന്ന് കണ്ടെത്തിയിരുന്നു. ഈ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനോ, ഒഴിപ്പിക്കാനോ ഉള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.

സിസ്റ്റം തകരാറിലെന്ന് ഡോ.ഹാരിസ് വിളിച്ചുപറഞ്ഞതിനെ അതിരൂക്ഷമായി മുഖ്യമന്ത്രി വിമർശിച്ചിരുന്നു. ഹാരിസിന്റേത് സർവീസ് ചട്ടലംഘനമാണെന്ന് നാലംഗ കമ്മീഷൻ കണ്ടെത്തിയിരുന്നു. പക്ഷെ നടപടിക്ക് ശുപാർശ ചെയ്തിരുന്നില്ല. ഡിഎംഇയും നടപടിയൊന്നും നിർദ്ദേശിച്ചിരുന്നില്ല. മന്ത്രിയും നടപടി വേണ്ടെന്നാണ് നിലപാടെടുത്തത്. ഡോ.ഹാരിസിന് പൊതുസമൂഹത്തിൽ നിന്ന് ലഭിച്ച പിന്തുണയാണ് നടപടി വേണ്ടെന്ന നിലപാടിലേക്ക് സർക്കാരിനെ എത്തിച്ചത്. അപ്പോഴും സിസ്റ്റത്തിൽ പരിഹരിക്കാൻ പ്രശ്നങ്ങൾ ബാക്കിയാണ്.

PREV
Read more Articles on
click me!

Recommended Stories

വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്
5 ദിവസത്തേക്ക് മാത്രമായി ബിഎസ്എൻഎല്ലിന്‍റെ താത്കാലിക ടവർ, മൈക്രോവേവ് സംവിധാനത്തിൽ നെറ്റ്‍വർക്ക്; ഭക്തർക്ക് ആശ്വാസം