Latest Videos

തലസ്ഥാനത്തെ സ്മാ‍ര്‍ട്ട് റോഡ‍് നി‍ർമ്മാണം വൈകുന്നതിൽ ഉദ്യോഗസ്ഥ‍ര്‍ക്ക് മന്ത്രിമാരുടെ ശകാരം

By Web TeamFirst Published Apr 21, 2022, 7:19 PM IST
Highlights

ഏഷ്യാനെറ്റ് ന്യൂസ് സ്മാര്‍ട്ടല്ല സിറ്റി വാര്‍ത്താ പരമ്പര അപാകതകളും പ്രശ്നങ്ങളും ഒന്നൊന്നായി പുറത്തുകൊണ്ടു വന്നിരുന്നു. വീഴ്ച പരിശോധിക്കാൻ കളക്ടറെ ചുമതലപ്പെടുത്തിയിട്ടും കാര്യമായ വേഗമുണ്ടായില്ല. 
 

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ സ്മാര്‍ട്ട് റോഡ് നിര്‍മ്മാണം വൈകുന്നതിൽ ഉദ്യോഗസ്ഥർക്ക് മന്ത്രിമാരുടെ ശകാരം. സർക്കാരിന്‍റെ പ്രതിച്ഛായയെ പോലും ബാധിക്കുന്ന രീതിയിൽ തലസ്ഥാനത്തെ വെട്ടിപൊളിച്ച റോഡുകളുടെ അവസ്ഥ മാറിയെന്ന് വി ശിവൻകുട്ടി ഉദ്യോഗസ്ഥരുടെ യോഗത്തിൽ പറഞ്ഞു. കരാറുകാരുടെ അനാസ്ഥയാണ് പൂർത്തീകരണം വൈകാൻ കാരണമെന്ന് മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. 

സ്മാർട്ടാക്കാൻ ശ്രമിച്ച് കുളമായി മാറിയതാണ് നഗര ഹൃദയത്തിലെ പല ഇടറോഡുകളുടെയും അവസ്ഥ. നിശ്ചയിച്ച സമയം കഴിഞ്ഞിട്ടു ആസൂത്രണവും ഏകോപനവുമില്ലാതെയായിരുന്നു നിർമ്മാണം.ഇതിൽ ദുരിതത്തിലായത് ജനങ്ങളും. ഏഷ്യാനെറ്റ് ന്യൂസ് സ്മാര്‍ട്ടല്ല സിറ്റി വാര്‍ത്താ പരമ്പര അപാകതകളും പ്രശ്നങ്ങളും ഒന്നൊന്നായി പുറത്തുകൊണ്ടു വന്നിരുന്നു. വീഴ്ച പരിശോധിക്കാൻ കളക്ടറെ ചുമതലപ്പെടുത്തിയിട്ടും കാര്യമായ വേഗമുണ്ടായില്ല. 

ഒടുവിലാണ് മന്ത്രിമാരായ വി.ശിവൻകുട്ടിയും ആന്‍റണി രാജുവും ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.മേയറും കളക്ടറും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ മന്ത്രി വി ശിവൻകുട്ടി ഉദ്യോഗസ്ഥരെ ശകാരിച്ചു. പ്രധാന റോഡുകളുടെ പണി ഇഴയുന്നത് കാരണം സർക്കാർ പോലും പഴികേട്ട് തുടങ്ങിയെന്ന് മന്ത്രി പറഞ്ഞു.ഉദ്യോഗസ്ഥരുടെ ശ്രദ്ധ എത്താത്തതിലും അപകടന സൂചന ബോർഡ് സ്ഥാപിക്കാത്തതിലും പണി നടക്കുന്ന ഇടങ്ങൾ ജനങ്ങളെ അറിയിക്കാൻ പരസ്യം ചെയ്യാത്തതിലും വിമർശനമുയർന്നു.

മഴക്കാലത്തിന് മുൻപ് കുഴിച്ചിട്ട റോഡുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി മൂടാനണ് പുതിയ തീരുമാനം.ഡിപിആർ മാറിയതും പണി തീർത്ത് കുഴിച്ച് മൂടിയ ഇടങ്ങളിൽ മലിന ജല പൈപ്പ് സ്ഥാപിക്കാൻ വീണ്ടും കുഴിക്കുന്നതും പ്രശ്നമാണ്. ജൂണ്‍ പകുതിയോടെ മുഴുവൻ റോഡുകളും പൂർണമായി സഞ്ചാര യോഗ്യമാക്കാനാണ് നിർദ്ദേശം.ഇതിനായുള്ള ദൈനംദിന മേൽനോട്ടത്തിനും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

40 റോഡുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ 17 റോഡുകളുടെ പ്രവർത്തികൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിൽ ചരിത്രവീഥി റോഡ് ടൈൽ പാകി ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. ഫോർട്ട് വാർഡിലെ പത്മാനഗർ കോളനിയിലെ രണ്ട് റോഡുകളിലും താലൂക്ക് ഓഫീസ് റോഡിലെ അഗ്രഹാരതെരുവുകളിലെ നാല് റോഡുകളിലും അവസാനഘട്ട പ്രവർത്തികൾ നടന്നുവരികയാണ്. ഇവ ഏപ്രിൽ 25ന് മുമ്പ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ബാക്കി വരുന്ന 10 റോഡുകളുടെ പ്രവർത്തികൾ 2022 മെയ് മാസം അവസാനത്തോടുകൂടി പൂർത്തീകരിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

click me!