കനത്ത മഴ; കവളപ്പാറയിലേക്ക് എത്താനാകാതെ സൈന്യം, രക്ഷാപ്രവർത്തനം പുനരാരംഭിക്കുന്നതിൽ ആശങ്ക

By Web TeamFirst Published Aug 10, 2019, 7:07 AM IST
Highlights

ഉരുൾപൊട്ടലിൽ കവളപ്പാറയിൽ അമ്പതിലേറെ പേരെ കാണാതായതായാണ് റിപ്പോർട്ട്. മുപ്പതിലധികം വീടുകൾ മണ്ണിനിടയിൽ ഉണ്ടെന്നാണ് നാട്ടുകാർ നൽകുന്ന വിവരം. 

മലപ്പുറം: വൻദുരന്തമുണ്ടായ മലപ്പുറത്തെ കവളപ്പാറയിൽ സൈന്യത്തിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനം പുനരാരംഭിക്കുന്ന കാര്യത്തിൽ ആശങ്കയെന്ന് റിപ്പോർട്ട്. കനത്ത മഴയും ദുഷ്കരമായ വഴിയുമാണ് രക്ഷാപ്രവർത്തകർക്ക് കവളപ്പാറയിലേക്ക് എത്തുന്നതിന് തടസ്സമാകുന്നത്. പനങ്കയത്ത് നിന്നും കവളപ്പാറയിലേക്ക് ഏകദേശം പതിനഞ്ച് കിലോമീറ്ററോളം വ്യാപകമായ മണ്ണിടിച്ചിലാണ് ഉണ്ടായത്.

കവളപ്പാറയിലേക്ക് പോകുന്ന വഴിയിലെ റോഡിന് ഇരുവശവും മണ്ണിടിച്ചൽ ​രൂക്ഷമാണ്. അവിടേക്ക് എത്തുന്നതിനിടെ വാഹനത്തിന് മുകളിൽ മൺകൂനകൾ വീണ് അപകമുണ്ടാകാനുള്ള സാധ്യതയുണ്ട്. പ്രദേശത്ത് മഴയും മലവെള്ളപ്പാച്ചിലും ശക്തമാണ്. അതിനാൽ ഇത്തരം കാര്യങ്ങൾ പരിശോധിച്ചതിന് ശേഷം മാത്രമേ കവളപ്പാറയിലെ രക്ഷാപ്രവർത്തനത്തെക്കുറിച്ച് സംസ്ഥാന ​ദുരന്ത നിവാരണ സേനയടക്കം തീരുമാനങ്ങൾ എടുക്കാനാകുകയുള്ളു.

ഉരുൾപൊട്ടലിൽ കവളപ്പാറയിൽ അമ്പതിലേറെ പേരെ കാണാതായതായാണ് റിപ്പോർട്ട്. മുപ്പതിലധികം വീടുകൾ മണ്ണിനിടയിൽ ഉണ്ടെന്നാണ് നാട്ടുകാർ നൽകുന്ന വിവരം. കഴിഞ്ഞ ദിവസത്തെ തെരച്ചിലിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മോശം കാലാവസ്ഥയെത്തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ രക്ഷാപ്രവർത്തനം നിർത്തിവച്ചിരുന്നു. 

വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് കവളപ്പാറയിൽ ഉരുൾപ്പൊട്ടലുണ്ടാകുന്നത്. തിങ്കളാഴ്ച മുതൽ പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. 
മഴ പെയ്യാൻ തുടങ്ങിയത് മുതൽ വാര്‍ത്താ വിനിമയ സംവിധാനങ്ങളും വൈദ്യുതിയും പൂര്‍ണ്ണമായും ഇല്ലാതായി. പ്രദേശത്തേക്കുള്ള വഴിയിലും മണ്ണിടിഞ്ഞും മരം വീണും ഗതാഗതം തടസപ്പെട്ട നിലയിലാണ്.

പാലങ്ങളും റോഡുകളും തകർന്നതിനാൽ പ്രദേശത്തേക്ക് എത്തിപ്പെടാൻ ആർക്കും സാധിച്ചിരുന്നില്ല. ഇതേത്തുടർന്ന് സംഭവിച്ച ദുരന്തം പുറം ലോകം അറിയാൻ ഏറെ സമയമെടുത്തിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് സംഘമാണ് ആദ്യമായി കവളപ്പാറയിലെത്തി അവിടത്തെ ദൈന്യതയാര്‍ന്ന ചിത്രം പുറം ലോകത്തെ അറിയിച്ചത്. 

click me!