
ന്യൂയോർക്ക്: റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രൈനെ കുറ്റപ്പെടുത്തി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. അമേരിക്കയും റഷ്യയും നടത്തിയ സമാധാന ചർച്ചയിൽ നിന്ന് ഒഴിവാക്കിയതിൽ യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലെൻസ്കി പ്രതിഷേധം അറിയിച്ചിരുന്നു. അതിനു മറുപടിയായാണ് സെലൻസ്കിക്കും യുക്രൈനുമെതിരെ കുറ്റപ്പെടുത്തലുമായി ട്രംപ് രംഗത്തെത്തിയത്. നിങ്ങൾ യുദ്ധം തുടങ്ങാൻ പാടില്ലായിരുന്നുവെന്നാണ് ട്രംപ് പറഞ്ഞത്. അൽപ്പമെങ്കിലും നയതന്ത്രജ്ഞത ഉള്ള നേതാവ് ആയിരുന്നെങ്കിൽ യുക്രൈന് കാര്യമായ നഷ്ടം ഉണ്ടാകാതെ പണ്ടേ യുദ്ധം അവസാനിപ്പിക്കാമായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. സെലിൻസ്കിക്ക് നാല് ശതമാനം യുക്രൈൻകാരുടെ പിന്തുണ മാത്രമേയുള്ളൂവെന്നും അവിടെ വേഗം തെരഞ്ഞെടുപ്പ് നടത്തണമെന്നുമുള്ള റഷ്യൻ വാദവും ട്രംപ് ആവർത്തിച്ചു.
അതേസമയം യുക്രൈനെയും യൂറോപ്യൻ രാജ്യങ്ങളെയും ഒഴിവാക്കി സൗദിയിൽ സമാധാന ചർച്ച നടത്തിയ അമേരിക്കയുടെയും റഷ്യയുടെയും നടപടിയിൽ കടുത്ത അതൃപ്തിയിലാണ് ഈ രാജ്യങ്ങൾ. യുക്രൈനും യൂറോപ്പും കക്ഷിയല്ലാത്ത ഒരു കരാറും ശാശ്വതമാവില്ലെന്ന് യൂറോപ്യൻ യൂണിയൻ ഇന്നലെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചർച്ചയിൽ നിന്ന് ഒഴിവാക്കിയതിലെ പ്രതിഷേധം സെലൻസ്കി പരസ്യമാക്കിയത്. സമാധാന ചർച്ചകൾ ന്യായമായ രീതിയിൽ വേണമെന്നും യൂറോപ്യൻ രാജ്യങ്ങളെ കക്ഷിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ ഇന്ന് നടക്കേണ്ട സൗദി സന്ദർശനവും സെലെൻസ്കി മാറ്റിവച്ചു. ഇതിൽ ക്ഷുഭിതനായാണ് പരാതി നിരാശപ്പെടുത്തിയെന്നും അൽപ്പമെങ്കിലും നയതന്ത്രജ്ഞത ഉള്ള നേതാവ് ആയിരുന്നെങ്കിൽ കാര്യമായ നഷ്ടം ഉണ്ടാകാതെ പണ്ടേ യുദ്ധം അവസാനിപ്പിച്ചേനെയെന്നും ട്രംപ് പറഞ്ഞത്.
അതേസമയം റഷ്യ - യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകാനുള്ള അമേരിക്കയുടെ ഏകപക്ഷീയ നീക്കത്തിൽ പ്രതിഷേധം പരസ്യമാക്കി യൂറോപ്യൻ രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയുടെ ഏകപക്ഷീയമായ നീക്കത്തെ വിമർശിച്ച യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കൾ, വിഷയം ചർച്ച ചെയ്യാൻ പാരിസിൽ പ്രധാന യൂറോപ്യൻ രാജ്യങ്ങളുടെ അടിയന്തര യോഗം ചേരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോൺ വിളിച്ചു ചേർക്കുന്ന ഉച്ചകോടിയിൽ ജർമ്മനി, ഇറ്റലി, ഇംഗ്ലണ്ട്, പോളണ്ട് രാജ്യങ്ങളുടെ തലവന്മാരും നാറ്റോ സെക്രട്ടറി ജനറലും പങ്കെടുക്കുമെന്നാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam