
കൊച്ചി: ശബരിമല ദര്‍ശനം നടത്താന്‍ തൃപ്‍തി ദേശായി കേരളത്തിലെത്തി. പുലര്‍ച്ചെ നാലരയോടെ തൃപ്‍തി ദേശായിയും സംഘവും നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങുകയായിരുന്നു. നാലംഗ സംഘത്തിനൊപ്പമാണ് തൃപ്‍തി ദേശായി നെടുമ്പാശ്ശേരിയില്‍ എത്തിയത്. ഛായാ പാണ്ഡേ, കാംബ്ലെ ഹരിനാക്ഷി, മീനാക്ഷി ഷിന്‍ഡെ, മനീഷ എന്നിവരാണ് ഒപ്പമുള്ളത്. ശബരിമല ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും തൃപ്‍തി ദേശായിക്കൊപ്പമുണ്ട്.
നെടുമ്പാശ്ശേരിയില്‍ നിന്ന് നിലയ്‍ക്കലിലേക്ക് തൃപ്‍തി ദേശായിയും സംഘവും തിരിച്ചെന്നാണ് ലഭിക്കുന്ന വിവരം. നവംബര്‍ 20 ന് ശേഷം ശബരിമല സന്ദര്‍ശിക്കാന്‍ താന്‍ എത്തുമെന്ന് നേരത്തെ തൃപ്‍തി ദേശായി വെളിപ്പെടുത്തിയിരുന്നു. പൂനെയില്‍ നിന്നുള്ള വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ പുലര്‍ച്ചെയോടെയാണ് സംഘം എത്തിച്ചേര്‍ന്നത്. ആലുവ റൂറല്‍ എസ്‍പി ഓഫീസില്‍ എത്തി ശബരിമല ദര്‍ശനം നടത്തണമെന്ന് സംഘം ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് സ്വകാര്യ വാഹനത്തില്‍ നിലയ്ക്കലിലേക്ക് സംഘം പുറപ്പെട്ടുവെന്നാണ് വിവരം. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിന് കേരളത്തില്‍ എത്തിയെങ്കിലും വലിയ പ്രതിഷേധത്തെ തുടര്‍ന്ന് വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ പോലും കഴിയാതെ തൃപ്‍തി ദേശായി തിരിച്ച് പോവുകയായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ കേരളത്തിലെത്തിയത് വളരെ രഹസ്യമായിട്ടാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam