
കോഴിക്കോട്: കൊയിലാണ്ടിയിലെ ലോക്കൽ സെക്രട്ടറി പിവി സത്യനാഥന്റെ കൊലപാതകത്തിൽ നിർണായക കണ്ടെത്തൽ. കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തി. കൃത്യം നടന്ന സ്ഥലത്തിന് അടുത്ത് നിന്നാണ് കുത്താനുപയോഗിച്ച കത്തി കണ്ടെത്തിയത്. പ്രതി സിപിഎം മുൻ ബ്രാഞ്ച് കമ്മിറ്റി അംഗം അഭിലാഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.കൊലപാതക കാരണം വ്യക്തി വൈരാഗ്യമെന്നാണ് അഭിലാഷ് പോലീസിന് മൊഴി നൽകിയത്. തനിക്കെതിരെ നേരത്തെ ഉണ്ടായ പല അക്രമ സംഭവങ്ങളും പാർട്ടി ചെറുത്തില്ലെന്നും സംരക്ഷിച്ചില്ലെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് ലോക്കൽ സെക്രട്ടറിയെ ആക്രമിച്ചതെന്നും പ്രതി പൊലീസിന് മൊഴി നൽകി.
കോഴിക്കോട് കൊയിലാണ്ടിയിൽ ക്ഷേത്രമുറ്റത്ത് വെച്ചാണ് ലോക്കൽ സെക്രട്ടറി കുത്തേറ്റ് കൊല്ലപ്പെട്ടത്. മൂന്ന് വലിയ മുറിവുകളാണ് സത്യനാഥന്റെ ശരീരത്തിലുളളത്. കഴുത്തിൽ ഏറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 10 മണിയോടെ ചെറിയപ്പുറം പരദേവതാ ക്ഷേത്ര മുറ്റത്തായിരുന്നു കേട്ടുകേൾവിയില്ലാത്ത വിധമുള്ള അരുംകൊല അരങ്ങേറിയത്.ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുള്ള ഗാനമേള നടക്കുന്നതിനിടെയാണ് ദാരുണ സംഭവമുണ്ടായത്.
ഉത്സവത്തിനെത്തിയ ഭക്തജനങ്ങളും ഗാനമേള കേൾക്കാൻ എത്തിയ നാട്ടുകാരും അടക്കം നൂറുകണക്കിനാളുകൾ ക്ഷേത്ര പരിസരത്ത് തിങ്ങിനിറഞ്ഞു നിൽക്കവെയായിരുന്നു ക്ഷേത്ര ഓഫീസിന് മുന്നിൽ സിസിടിവി ക്യാമറകൾക്ക് തൊട്ടു താഴെ വച്ചുള്ള കൊലപാതകം. അയൽവാസിയും സത്യനാഥനൊപ്പം സിപിഎം ബ്രാഞ്ച് കമ്മിറ്റിയിൽ നേരത്തെ പ്രവർത്തിച്ചിട്ടുളളയാളുമാണ് അഭിലാഷ്. സത്യനാഥനെ ഉടനടി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവശേഷം ക്ഷേത്ര പരിസരത്തുനിന്ന് രക്ഷപ്പെട്ട അഭിലാഷ് വൈകാതെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam