Asianet News MalayalamAsianet News Malayalam

സത്യനാഥനെ കൊല്ലാനുപയോ​ഗിച്ച ആയുധം ഏതെന്ന് വ്യക്തതയില്ല; പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുമെന്ന് പൊലീസ്

 എന്നാൽ കൊലപാതകം നടത്താൻ ഉപയോ​ഗിച്ച ആയുധം എന്ത് എന്നതിൽ ഇതുവരെ വ്യക്തത കൈവന്നിട്ടില്ലെന്നും പൊലീസ് അറിയിച്ചു. 

special investigation team formed for pv sathyanadhan murder koyilandy sts
Author
First Published Feb 23, 2024, 3:24 PM IST

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി സിപിഎം ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്റെ കൊലപാതകം അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഇന്ന് തെളിവ് എടുപ്പിന് സാധ്യത ഇല്ലെന്നും വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് വിശദമാക്കി. പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. എന്നാൽ കൊലപാതകം നടത്താൻ ഉപയോ​ഗിച്ച ആയുധം എന്ത് എന്നതിൽ ഇതുവരെ വ്യക്തത കൈവന്നിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ആയുധം ഏതാണെന്ന് കണ്ടെത്താൻ അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി 10 മണിയോടെ ചെറിയപ്പുറം പരദേവതാ ക്ഷേത്ര മുറ്റത്തായിരുന്നു കേട്ടുകേൾവിയില്ലാത്ത വിധമുള്ള അരുംകൊല അരങ്ങേറിയത്. ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുള്ള ഗാനമേള നടക്കുന്നതിനിടെയായിരുന്നു സംഭവം. ഉത്സവത്തിനെത്തിയ ഭക്തജനങ്ങളും ഗാനമേള കേൾക്കാൻ എത്തിയ നാട്ടുകാരും അടക്കം നൂറുകണക്കിന് ആളുകൾ ക്ഷേത്ര പരിസരത്ത് തിങ്ങിനിറഞ്ഞു നിൽക്കവെയായിരുന്നു ക്ഷേത്ര ഓഫീസിന് മുന്നിൽ സിസിടിവി ക്യാമറകൾക്ക് തൊട്ടു താഴെ വച്ചുള്ള കൊലപാതകം. അയൽവാസിയും സത്യനാഥനൊപ്പം സിപിഎം ബ്രാഞ്ച് കമ്മിറ്റിയിൽ നേരത്തെ പ്രവർത്തിച്ചിട്ടുമുള്ള അഭിലാഷാണ് ആക്രമണം നടത്തിയത്.

സത്യനാഥനെ ഉടനടി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴുത്തിലും നെഞ്ചിലും ഏറ്റ ആഴത്തിലുള്ള ആറ് മുറിവുകളാണ് മരണകാരണമായതെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. എന്നാൽ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം എന്തെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. നിലവിൽ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന വാഹനത്തിലെ ഡ്രൈവറായ അഭിലാഷ് സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന സൂചനയുമുണ്ട്. സംഭവ ശേഷം ക്ഷേത്ര പരിസരത്തുനിന്ന് രക്ഷപ്പെട്ട അഭിലാഷ് വൈകാതെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.

സത്യനാഥന്റെ കൊലപാതകത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ലഹരി മരുന്ന് ഉൾപ്പെടെയുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നിലപാട് സ്വീകരിച്ചതിലുള്ള വൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്നും പാർട്ടി കരുതുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഎം കൊയിലാണ്ടി താലൂക്കിൽ ഹർത്താൽ ആചരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

Latest Videos
Follow Us:
Download App:
  • android
  • ios