
തൃശ്ശൂർ: തൃശ്ശൂർ തിരുവില്വാമയിൽ എട്ടുവയസുകാരി ആദിത്യ ശ്രീ മരിച്ചത് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചല്ലെന്ന ഫൊറൻസിക് റിപ്പോർട്ടില്‍ പ്രതികരിച്ച് കുട്ടിയുടെ അച്ഛന്‍. വരുന്ന വാർത്തകൾ വിശ്വസിക്കാനാവില്ലെന്ന് കുട്ടിയുടെ അച്ഛന്‍ അശോകൻ പറഞ്ഞു. മകളുടെ മരണം നടന്നതിന് പിന്നാലെ വിശദ പരിശോധന നടന്നിരുന്നു. അപകടം ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചെന്നാണ് ഫോറൻസിക് വിദഗ്ധരും പൊലീസും അന്ന് പറഞ്ഞ്. ഇപ്പോൾ മറ്റൊരഭിപ്രായം പറയുന്നത് എങ്ങനെയെന്ന് അറിയില്ലെന്നും കുട്ടിയുടെ അച്ഛന്‍ പറയുന്നു. അപകടം നടന്നതിന് പിന്നാലെ ഫോണിന്റെ ബാറ്ററിക്ക് കേടു പറ്റി എന്ന് കാണിച്ചു തന്നിരുന്നു. ഇപ്പോൾ ബാറ്ററിക്ക് കേടില്ല എന്നാണ് പറയുന്നത്. നാളെ എസിപിയെ കാണുന്നുണ്ട്. രാസപരിശോധനാ ഫലം ആവശ്യപ്പെടുമെന്നും കുട്ടിയുടെ അച്ഛന്‍ കൂട്ടിച്ചേര്‍ത്തു.
പന്നിപ്പടക്കം പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് പുതിയ നിഗമനം. പൊട്ടാസ്യം ക്ലോറേറ്റ്, സൾഫർ എന്നിവയുടെ സാന്നിധ്യം ഫോറൻസിക് വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്. പറമ്പിൽ നിന്ന് കിട്ടിയ പന്നിപ്പടക്കം കുട്ടി കടിച്ചതാകാമെന്നാണ് സംശയം. ഫോറൻസിക് പരിശോധന ഫലത്തിൻ്റെ അടിസ്ഥാനത്തിൽ കുന്നംകുളം എ.സി.പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഫോണിന്റെ അവശിഷ്ടങ്ങളും കിടക്കയുടെ ഭാഗങ്ങളും പരിശോധിച്ചു. ഫൊറൻസിക് പരിശോധന ഫലം പൊലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ 26 നായിരുന്നു സംഭവം. വീഡിയോ കാണുന്നതിനിടയിൽ കുട്ടി ഫോൺ പൊട്ടിത്തെറിച്ച് മരിക്കുകയായിരുന്നുവെന്നാണ് വീട്ടുകാർ പറഞ്ഞത്. പുതപ്പിനടിയിൽ കിടന്ന് ഫോണിൽ ഗെയിം കളിക്കുകയായിരുന്നെന്നായിരുന്നു മുത്തശ്ശിയുടെ മൊഴി. ഈ സമയം മുത്തശ്ശിയും ആദിത്യ ശ്രീയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്നു ആദിത്യശ്രീ. പിതാവ് അശോക് കുമാർ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. വീടിനുള്ളിൽ നിന്ന് സ്ഫോടന ശബ്ദം കേട്ടതായി പരിസരവാസികൾ പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam