കഞ്ചിക്കോട് റെയിൽപാളത്തിൽ കാട്ടാന, വാളയാറിൽ കാട്ടിലകപ്പെട്ട പൊലീസിനെ തിരയുന്ന സംഘത്തിന് മുന്നിലും ആന

By Web TeamFirst Published Oct 9, 2021, 11:51 AM IST
Highlights

അതിനിടെ വാളയാർ കാട്ടിൽ അകപ്പെട്ട പോലീസുകാരെ തിരയാൻ പോകുന്ന സംഘവും കാട്ടാനയ്ക്ക് മുന്നിൽപ്പെട്ടു. ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു

പാലക്കാട്: കഞ്ചിക്കോട് റെയിൽപ്പാളത്തിലും (Kanjikode railway track) വാളയാറിൽ (Walayar) കാട്ടികപ്പെട്ട പൊലീസുകാരെ (Kerala Police) തിരയുന്ന സംഘത്തിന് മുന്നിലും കാട്ടാന. കഞ്ചിക്കോട് ഒറ്റയാൻ റെയിൽവേ ട്രാക്കിലിറങ്ങിയത് പരിഭ്രാന്തി പരത്തി. രാവിലെ പത്ത് മണിയോടെയാണ് പയറ്റുകാട് ഭാഗത്ത് ആന ട്രാക്കിലിറങ്ങിയത്. പാലക്കാട് ടസ്കർ 5 എന്ന് പേരിട്ടിരിക്കുന്ന കൊമ്പൻ മേഖലയിൽ സ്ഥിരം സാന്നിധ്യമാണ്. ആന ട്രാക്കിൽ നിലയുറപ്പിച്ചതിനെ തുടർന്ന് പാലക്കാട് ഭാഗത്തേക്ക് വന്നിരുന്ന ചരക്ക് തീവണ്ടി കുറച്ച് സമയം ട്രാക്കിൽ നിർത്തിയിട്ടു. ആനയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കാട്ടിലേക്ക് കയറ്റി.

അതിനിടെ വാളയാർ കാട്ടിൽ അകപ്പെട്ട പോലീസുകാരെ തിരയാൻ പോകുന്ന സംഘവും കാട്ടാനയ്ക്ക് മുന്നിൽപ്പെട്ടു. ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. വാളയാറിൽ നിന്ന് പോയ സംഘമാണ് കാട്ടാനയ്ക്ക് മുന്നിൽപ്പെട്ടത്. മലമ്പുഴ വനത്തില്‍ പരിശോധനയ്ക്ക് പോയ തണ്ടര്‍ ബോള്‍ട്ട് അംഗങ്ങളടക്കമുള്ള സംഘമാണ് വഴി തെറ്റി കാട്ടില്‍ കുടുങ്ങിയത്. നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി സിഡി ശ്രീനിവാസ്, മലമ്പുഴ സിഐ സുനിൽ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘമാണ് വനത്തിൽ കുടുങ്ങിയത്. വാളയാർ വനമേഖലയിൽ എട്ട് കിലോമീറ്റർ ഉൾവനത്തിൽ ഇവരുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇവർക്കായി പൊലീസും വനം വകുപ്പും ആദിവാസികളും തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. കഞ്ചാവ് പരിശോധനയക്കാണ് ഇവർ വനത്തിനുള്ളിലേക്ക് പോയത്. പിന്നീട് വഴി തെറ്റുകയായിരുന്നു.

click me!