ഗുണ്ടാ-മണ്ണ് മാഫിയാ ബന്ധം: മംഗലപുരം പൊലീസ് സ്റ്റേഷനിലെ മുഴുവൻ പേരെയും ഒറ്റ രാത്രി കൊണ്ട് മാറ്റി

By Web TeamFirst Published Jan 20, 2023, 7:52 AM IST
Highlights

അഞ്ച് പൊലീസുകാരെ സസ്പെന്റ് ചെയ്ത റൂറൽ പൊലീസ് സൂപ്രണ്ട് ഡി ശിൽപ 25 പേരെ സ്ഥലം മാറ്റുകയായിരുന്നു

തിരുവനന്തപുരം: ഗുണ്ടകളുമായും മണ്ണ് മാഫിയയുമായും ബന്ധം വ്യക്തമായതിന് പിന്നാലെ മംഗലപുരം സ്റ്റേഷനിലെ മുഴുവൻ പേരെയും മാറ്റി. അഞ്ച് പൊലീസുകാരെ സസ്പെന്റ് ചെയ്ത റൂറൽ പൊലീസ് സൂപ്രണ്ട് ഡി ശിൽപ 25 പേരെ സ്ഥലം മാറ്റി. സ്റ്റേഷനിലെ സ്വീപ്പർ തസ്തികയിലുള്ളവരെ മാറ്റിയില്ല. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലേക്കാണ് 25 പേരെയും മാറ്റിയത്. പകരം 25 പേരെ സ്റ്റേഷനിൽ നിയമിച്ചു.

ഗുണ്ടാ ബന്ധത്തിൽ ഇന്നലെ എസ് എച്ച് ഒ സജേഷിനെ സസ്പെന്റ് ചെയ്തിരുന്നു. അനൂപ് കുമാർ ,ജയൻ, സുധി കുമാർ ,ഗോപകുമാർ , കുമാർ എന്നീ പൊലീസുകാരെയാണ് സസ്പെന്റ് ചെയ്തത്. അഴിമതിക്ക് കൂട്ടു നിന്ന 5 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെന്നും മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ മുഴുവൻ ഉദ്യോഗസ്ഥരെയും മാറ്റാൻ തീരുമാനിച്ചുവെന്നുമാണ് പൊലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

ഗുണ്ട , ക്രിമിനൽ ബന്ധത്തിന്റെ പേരിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഇന്നുണ്ടാകുമെന്നാണ് കരുതുന്നത്. അയിരൂർ എസ് എച്ച് ഒ ആയിരുന്ന ജെ.എസ്. അനിൽ, മലയിൻകീഴ് എസ് എച്ച് ഒ ആയിരുന്ന സൈജു എന്നിവർക്ക് എതിരെയാകും നടപടി ഉണ്ടാവുക. റിസോർട്ടിൽ നിന്ന് പിരിവ് നടത്താൻ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണമാണ് ജെഎസ് അനിൽ നേരിടുന്നത്.

സൈജു രണ്ട് പീഡന കേസിലാണ് ഉൾപ്പെട്ടത്. ഇന്നലെ ഒരു ഇൻസ്‌പെക്ടർ അടക്കം മൂന്ന് പേരെ പിരിച്ചു വിട്ടിരുന്നു. സസ്പെൻഷനും പിരിച്ചു വിടലും അടക്കം കടുത്ത നടപടിയിലൂടെ മുഖം രക്ഷിക്കാൻ ആണ് സർക്കാർ നീക്കം.

click me!