
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിരയില്‍ സെലിബ്രിറ്റികളുടെ വലിയ നിര പ്രത്യക്ഷപ്പെട്ട പാര്‍ട്ടിയാണ് ട്വന്‍റി 20. എന്‍ഡിഎയുടെ ഭാഗമായ ട്വന്‍റി 20യില്‍ മുന്‍ ബിഗ് ബോസ് താരങ്ങള്‍ മാത്രം മൂന്ന് പേര്‍ ഉള്‍പ്പെട്ടു. ബിഗ് ബോസ് സീസണ്‍ 5 വിജയി അഖില്‍ മാരാരുടെ പാര്‍ട്ടിയിലേക്കുള്ള കടന്നുവരവിന് പിന്നാലെ ലക്ഷ്മിപ്രിയ, വീണ നായര്‍ എന്നിവരും ട്വന്‍റി 20യില്‍ ചേര്‍ന്നു. ഒപ്പം ചലച്ചിത്ര താരമായ അഞ്ജലി നായരും സ്ഥാനാര്‍ഥിയായി. തൃപ്പൂണിത്തുറയിലാണ് അഞ്ജലി നായര്‍ മത്സരിക്കുന്നത്. അഞ്ജലിയുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.
എന്തുകൊണ്ട് ട്വന്‍റി 20യില്‍ ചേര്‍ന്നു?
ട്വന്‍റി 20 ബിജെപിക്കൊപ്പം ചേര്‍ന്നത് കൊണ്ട്, ഇങ്ങനെയൊരു ക്ഷണം വന്നപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല. കാരണം ബിജെപിയുടെ കുടുംബത്തിലേക്കാണ് എന്നെ ക്ഷണിക്കുന്നത് എന്നുള്ള ഒരു ബോധ്യം എനിക്കുണ്ടായി. എന്‍റെ കുടുംബം ബിജെപിയെ പിന്തുണക്കുന്നവരാണ്. അപ്പോൾ അതിൽ കൂടുതലൊന്നും എനിക്ക് ചിന്തിക്കാൻ ഉണ്ടായിരുന്നില്ല എന്നുള്ളതാണ് സത്യം.
മത്സരിക്കാന്‍ തയ്യാറായതും നിയോഗമാണ്!
ഞാൻ സിനിമയിലേക്ക് എത്തിയത് വളരെ യാദൃച്ഛികമായിട്ടാണ്. 17 വർഷമായി ഞാന്‍ ഇവിടെ പിടിച്ചു നില്‍ക്കുന്നു. അപ്പോൾ അതുപോലെ തന്നെ ഇതും ഒരു നിയോഗമാണ്. അല്ലെങ്കിൽ എത്രയോ പേര് വരാൻ സാധ്യതയുള്ള ഒരു മണ്ഡലത്തിൽ എന്നെപ്പോലൊരു ആളെ തേടി വന്നെങ്കിൽ അത് ഭഗവാന്റെ അനുഗ്രഹമാണ്. ഒരു നിയോഗം പോലെയാണ് എനിക്ക് തോന്നിയത്.
ബിജെപിയോട് താല്‍പര്യം
ബിജെപി നമുക്ക് അറിയാവുന്ന ഒരു പാർട്ടിയാണ്, വളരെ ഇഷ്ടമുള്ള പാര്‍ട്ടിയുമാണ്. എന്‍ഡിഎ മുന്നണിയുടെ വികസനങ്ങളെ കുറിച്ചും അറിയാം. അത്തരം വികസനങ്ങൾ ഇവിടെ കൊണ്ടുവരാൻ പദ്ധതിയുണ്ട്. എത്രത്തോളം വികസന പദ്ധതികൾ തൃപ്പൂണിത്തുറയ്ക്ക് എത്തിക്കാൻ സാധിക്കുമോ അതെല്ലാം കൊണ്ടുവരാന്‍ ഞാൻ ആഗ്രഹിക്കുന്നുണ്ട്. വളരെ ആത്മവിശ്വാസത്തോടുകൂടിയിട്ടാണ് ബിജെപി കുടുംബത്തിൽ അല്ലെങ്കിൽ എൻഡിഎ കുടുംബത്തിൽ, ട്വന്റി 20 കുടുംബത്തിൽ ഞാൻ ഇപ്പോൾ നിൽക്കുന്നത്. പ്രവര്‍ത്തകരും നേതാക്കളുമെല്ലാം നല്ല പിന്തുണയാണ് എനിക്ക് തുടക്കം മുതലേ നല്‍കുന്നത്.
തൃപ്പൂണിത്തുറയിലെ പ്രചാരണം
തൃപ്പൂണിത്തുറയിലെ ഓരോ വോട്ടര്‍മാരും എന്നോട് അവരുടെ ഓരോരോ പ്രശ്നങ്ങൾ പറയുന്നുണ്ട്. പൊതു ഗ്രൗണ്ടില്ലാത്തതിന്റെ പ്രശ്നവും ട്രാഫിക്കിന്റെ പ്രശ്നവും കുടിവെള്ളത്തിന്റെ പ്രശ്നവും അങ്ങനെ നിരവധി പ്രശ്നങ്ങളാണ് ഇതുവരെ കേട്ടത്. വരും ദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ കൂടി അറിയേണ്ടതുണ്ട്. അവയ്ക്കെല്ലാം എങ്ങനെ പരിഹാരം കാണാമെന്നും ചര്‍ച്ച ചെയ്യാനുണ്ട്.
സൗഹൃദപരമായിട്ടുള്ള മത്സരം
എതിരാളികളുമായി തീര്‍ച്ചയായും മത്സമുണ്ട്. പക്ഷേ വളരെ സൗഹൃദപരമായിട്ടുള്ള മത്സരമായിട്ടാണ് എനിക്ക് തോന്നുന്നത്. എതിരാളികളെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിലുള്ള പ്രചാരണം ഞാന്‍ ആഗ്രഹിക്കുന്നില്ല. പ്രശ്നങ്ങളെ കണ്ടെത്തി അതിനുള്ള പരിഹാരം പറഞ്ഞുകൊണ്ടാണ് മത്സരത്തെ നേരിടാന്‍ ആഗ്രഹിക്കുന്നത്.
ജയിച്ചാല്‍ ചെയ്യാന്‍ പോകുന്നത്...
എനിക്കാണ് വിജയം എന്നുണ്ടെങ്കിൽ 100% ഞാൻ ജനങ്ങളോടൊപ്പം ഉണ്ടാകും. തൃപ്പൂണിത്തുറയ്ക്ക് വേണ്ട കാര്യങ്ങളെ കുറിച്ച് പഠിച്ച് മനസ്സിലാക്കി പാർട്ടിയോട് സംസാരിച്ച് എന്താണോ അതിന് വരുന്ന ഒരു ബഡ്ജറ്റ് അത് എവിടെയാണോ സമീപിക്കേണ്ടത്, മോദിജിയുടെ വികസന പദ്ധതിയിൽ നിന്നാണെങ്കിൽ പോലും തൃപ്പൂണിത്തുറയിലേക്ക് അത് എത്തിക്കുക എന്നതായിരിക്കും ചെയ്യുന്നത്.
ട്വന്‍റി 20 സിനിമാ താരങ്ങളെ മാത്രം നോക്കി ഇറക്കുന്നതിന് പിന്നില്‍?
ഇതൊക്കെ പാർട്ടിയുടെ ഒരു തീരുമാനമായിരുന്നല്ലോ. അവരുടെ ഒരു സ്ട്രാറ്റജി ആയിരിക്കാം. ഇതിന് മുമ്പും പല പാര്‍ട്ടിയിലും സിനിമാ താരങ്ങള്‍ വന്നിട്ടുണ്ടല്ലോ.
സുരേഷട്ടനും ഗണേഷട്ടനുമൊക്കെ അതിനുള്ള ഉദാഹരണമാണല്ലോ. രാഷ്ട്രീ പശ്ചാത്തലം ഉള്ളതുകൊണ്ടോ അല്ലെങ്കിൽ രാഷ്ട്രീയത്തിലെ കാര്യങ്ങൾ പ്രസംഗിച്ചതുകൊണ്ടോ ഒന്നും ഇവിടെ ജനങ്ങളുടെ മനസില്‍ ഇടം നേടാന്‍ കഴിയണമെന്നില്ല. വാക്കിലല്ല, പ്രവര്‍ത്തിയിലാണ് കാര്യം.
സോഷ്യൽ മീഡിയ ട്രോളുകള്‍?
ഫോണ്‍ അധികം നോക്കാറില്ല, ഇടയ്ക്ക് നോക്കിയാല്‍ തന്നെ ആയിരക്കണക്കിന് മോശം മെസ്സേജുകളും കമന്റുകളും കാണാം. ചിലപ്പോൾ പിആർ വർക്കുകൾ ചെയ്യുന്നതാവാം. ഇത്തരത്തില്‍ എനിക്കെതിരെ മോശം പോസ്റ്റുകള്‍ ഇട്ടു കഴിഞ്ഞാൽ അവർക്ക് അന്നേ ദിവസം സുഖമായിട്ട് കിടന്നുറങ്ങാന്‍ പറ്റുന്നുണ്ടാകും. അത്തരം പോസ്റ്റുകള്‍ എന്റെ മനസ്സിലേക്ക് ഞാൻ എടുക്കാത്തതുകൊണ്ട് എനിക്കും സുഖമായിട്ട് കിടന്നുറങ്ങാം.
പേമെന്‍റ് സീറ്റാണെന്ന് ആരോപണം
ആരോപണങ്ങളില്‍ പ്രതികരിക്കാന്‍ ഞാൻ ആഗ്രഹിക്കുന്നില്ല. ആരോപണങ്ങള്‍ ആരോപണങ്ങളായി തന്നെ ഇരിക്കട്ടെ. അതിനെപ്പറ്റി ഇപ്പോള്‍ ചര്‍ച്ച ചെയ്യാനില്ല.
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍...
എന്ത് വിധി തന്നെ ആയാലും സന്തോഷത്തോടുകൂടി സ്വീകരിക്കും, കാരണം സ്ഥാനാർത്ഥിയായി സാബു സാർ എന്‍റേ പേര് പറഞ്ഞപ്പോള്‍ തന്നെ ഞാൻ വിജയം കൈവരിച്ച ഒരാളാണ്. ഞാന്‍ മത്സരത്തിൽ എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നോ അതിന്‍റെ ഫലമായിരിക്കും ഭഗവാൻ എനിക്ക് തരുക, ജനങ്ങൾ എനിക്ക് തരുക, അത് എന്ത് തന്നെ ആണെങ്കിലും സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാണ്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ രാഷ്ട്രീയത്തില്‍ തുടരുമോ ഇല്ലയോ എന്നുള്ളത് എനിക്കറിയില്ല. പക്ഷേ ബിജെപിയിലുള്ള പ്രവർത്തകരൊക്കെ ഇപ്പോള്‍ എന്‍റെ വലിയൊരു കുടുംബമായിട്ട് മാറി, സൗഹൃദം നിറഞ്ഞ ഒരുപാട് ആളുകളെ എനിക്ക് കിട്ടി. തൃപ്പൂണിത്തുറയിലെ കുറേ ചേച്ചിമാരെ, ചേട്ടന്മാരെ, ഒരുപാട് പേരെ കിട്ടി. അവരൊക്കെ എന്ത് ആവശ്യത്തിന് എന്നെ വിളിച്ചാലും ഞാനും എന്റെ കുടുംബവും ഉണ്ടാകും.
രാഷ്ട്രീയം സിനിമ അഭിനയത്തെ ബാധിക്കുമോ?
അതേക്കുറിച്ച് എനിക്ക് അറിയില്ല. 17 വർഷങ്ങൾക്ക് മുമ്പ് ഒരു സിനിമ ചെയ്തപ്പോൾ അറിയില്ലല്ലോ രണ്ടാമതും മൂന്നാമതുമൊക്കെ സിനിമ വരുമെന്ന്. എന്നിട്ടും 157 സിനിമകളോളം ഞാൻ ചെയ്തു കഴിഞ്ഞു. അതുപോലെ ഇപ്പോൾ രാഷ്ട്രീയത്തിൽ വന്നതുകൊണ്ട് നാളെ സിനിമ വരുമോ വരില്ലേ എന്ന് എനിക്കറിയാത്ത ഒരു കാര്യമാണ്. വന്നാൽ സന്തോഷം. ഇനി വന്നില്ലെങ്കിൽ അത് വരാൻ വേണ്ടിയിട്ടുള്ള കാര്യങ്ങൾ എന്തൊക്കെയാണോ അത് ചെയ്യും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam