
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽകഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും കാറ്റിലും 20 വീടുകൾ ഭാഗികമായി തകർന്നതായി ജില്ലാ ദുരന്ത നിവാരണ സെൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ 16 വില്ലേജുകളിലാണ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. കൊയിലാണ്ടി താലൂക്കിൽ 13 വീടുകൾക്കും വടകര താലൂക്കിൽ അഞ്ച് വീടുകൾക്കും കോഴിക്കോട് താലൂക്കിൽ ഒരു വീടിനും താമരശ്ശേരിയിലെ ഒരു വീടിനുമാണ് കനത്ത മഴയിൽ കേടുപാട് സംഭവിച്ചത്.
കണ്ണൂര്‍: കനത്ത മഴയെ തുടർന്ന് കണ്ണൂർ കൊട്ടിയൂർ മാനന്തവാടി റോഡിൽ കല്ല് ഇടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. പാൽച്ചുരം ചെകുത്താൻ റോഡിന് സമീപത്താണ് സംഭവം. ചുരത്തിന് മുകളിൽ നിന്ന് വലിയ കരിങ്കല്ലിനൊപ്പം മരങ്ങളും മണ്ണും റോഡിലേക്ക് പതിച്ചു. വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഫയർഫോഴ്സും നാട്ടുകാരും പൊലീസും ചേർന്ന് കല്ല് മാറ്റാനുള്ള ശ്രമം നടത്തുകയാണ്. കണ്ണൂരിൻ്റെ മലയോര മേഖലയിൽ ഇടവിട്ടിടവിട്ട് കനത്ത മഴ തുടരുകയാണ്.
തലശ്ശേരിയിൽ പഴയ കിണർ മൂടുന്നതിനിടെ മണ്ണിനൊപ്പം കിണറിൽ അകപ്പെട്ട തൊഴിലാളിയെ പരിക്കുകളോടെ രക്ഷിച്ചു. കനത്ത മഴയിൽ കിണറിന് സമീപമുള്ള മണ്ണ് കിണറിലേക്ക് വീഴുകയായിരുന്നു. തലശ്ശേരി കുട്ടി മാക്കൂൽ മൂഴിക്കരയിലെ മങ്ങാടൻ പ്രകാശനാണ് (50) ജോലിക്കിടയിൽ അപകടത്തിൽ പെട്ടത്.
കട്ടപ്പന: ഇടവിട്ട് മഴ ശക്തമായി പെയ്യുന്ന സാഹചര്യത്തിൽ ഇടുക്കിലെ പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല. ജില്ലയിൽ പതിനൊന്നു വീടുകൾ ഭാഗികമായി തകർന്നു. വണ്ടന്മേട്ടിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോ റിക്ഷക്കു മുകളിലേക്ക് വൈദ്യുതി പോസ്റ്റ് മറിഞ്ഞു വീണു. ഓട്ടോ റകിഷ ഭാഗികമായി തകർന്നെങ്കിലും ആരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam