സ്വന്തം തട്ടകങ്ങളിലും അടിപതറി ട്വന്റി 20; മറ്റു പാർട്ടികൾ ഐക്യമുന്നണിയായി പ്രവർത്തിച്ചത് തിരിച്ചടിയായെന്ന് നേതൃത്വത്തിന്റെ വിശദീകരണം

Published : Dec 13, 2025, 05:54 PM IST
Twenty20

Synopsis

തദ്ദേശ തെരഞ്ഞെടുപ്പില്‍ ശക്തികേന്ദ്രങ്ങളിൽ അടിപതറി ട്വന്റി 20. മറ്റു പാർട്ടികൾ ട്വന്റി 20യെ തോൽപ്പിക്കാൻ ഐക്യമുന്നണിയായി പ്രവർത്തിച്ചത് തിരിച്ചടിയായെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ശക്തികേന്ദ്രങ്ങളിൽ അടിപതറി ട്വന്റി 20. അധികാരത്തിലിരുന്ന രണ്ട് പഞ്ചായത്തുകളും ഒരു ബ്ലോക്ക് പഞ്ചായത്തും നഷ്ടമായപ്പോൾ ഒരു പഞ്ചായത്ത് അധികമായി നേടാൻ കിഴക്കമ്പലത്തെ കൂട്ടായ്മയ്ക്ക് കഴിഞ്ഞു. മറ്റു പാർട്ടികൾ ട്വന്റി 20യെ തോൽപ്പിക്കാൻ ഐക്യമുന്നണിയായി പ്രവർത്തിച്ചത് തിരിച്ചടിയായെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.

കിഴക്കമ്പലം മോഡൽ സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കാനിറങ്ങിയ ട്വന്റി 20ക്ക് സ്വന്തം തട്ടകങ്ങളിലടക്കം അടിപതറി. ഭരണത്തിലിരുന്ന നാല് പഞ്ചായത്തുകളിൽ രണ്ടെണ്ണം കൈവിട്ടു, കുന്നത്തുനാടും മഴുവന്നൂരും. ഐക്കരനാട് പഞ്ചായത്തിൽ മുഴുവൻ വാർഡുകളിലും ജയിച്ചതും തിരുവാണിയൂരിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയതും നേട്ടമായി പറയാം. സാബു എം ജേക്കബിന്റെ പഞ്ചായത്തായ കിഴക്കമ്പലത്ത് അവസാന ഘട്ടം വരെ കടുത്ത മത്സരമാണ് നേരിട്ടത്. കഴിഞ്ഞ തവണ ഒരു വാർഡ് മാത്രം നഷ്ടമായിടത്ത് ഇത്തവണ ജയിച്ചത് 21ൽ 15 ഇടത്ത്. കഴിഞ്ഞ തവണ ജയിച്ച വടവുകോട് ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്ത് ഡിവിഷനും ഇത്തവണ കൈവിട്ടു. ട്വന്റി 20ക്കെതിരെ പ്രധാന പാർട്ടികളെല്ലാം ഐക്യ മുന്നണിയായി പ്രവർത്തിച്ചത് തിരിച്ചടിയായെന്നാണ് ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിന്റെ വിശദീകരണം. 

എന്നാൽ, ഈ മറുപടി കൊണ്ടു മാത്രം ശക്തികേന്ദ്രങ്ങളിലെ തിരിച്ചടി ന്യായീകരിക്കാൻ ട്വന്റി 20 നേതൃത്വത്തിനാകില്ല. സാബു എം ജേക്കബിനോടുള്ള വിയോജിപ്പുകളുടെ പേരിൽ ട്വന്റി 20 വിട്ടവർ നിരവധിയാണ്. കിഴക്കമ്പലത്ത് ഹിറ്റായ ഭക്ഷ്യ സുരക്ഷ മാർക്കറ്റ് അടഞ്ഞു കിടക്കുന്നത് മറ്റൊരു കാരണം. തിരിച്ചടികൾ ഏറെയുണ്ടെങ്കിലും 16 വാർഡുള്ള പൂതൃക്ക പഞ്ചായത്തിൽ 7എണ്ണം നേടി യുഡിഎഫിന് ഒപ്പം എത്തിയതും തിരുവാണിയൂരിലെ ഇടതു കോട്ട പൊളിച്ചതും ട്വന്റി 20ക്ക് നേട്ടമായി പറയാം. രണ്ടിടത്തും മുഴുവൻ സ്ഥാനാർഥികളും വനിതകളായിരുന്നു. 

2015ൽ കിഴക്കമ്പലത്തും 2020ൽ നാല് പഞ്ചായത്തുകളിലും ട്വന്റി 20യെ അധികാരത്തിൽ എത്തിച്ചത് ജനക്ഷേമ പദ്ധതികളായിരുന്നു. ഇതിന്റെ തുടർച്ചയ്ക്ക് പകരം വിവാദങ്ങൾക്കൊപ്പം സഞ്ചരിച്ചത് തിരിച്ചടിയായോന്ന് പരിശോധിക്കേണ്ടത് നേതൃത്വമാണ്. ഇല്ലെങ്കിൽ കിഴക്കമ്പലത്ത് തുടങ്ങിയ പരീക്ഷണം കിഴക്കമ്പലത്ത് തന്നെ ഒടുങ്ങുമെന്നതിന്റെ സൂചന കൂടിയാണ് ജനവിധി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'എംപിയുടെ നിലപാട് ഫലത്തെ സ്വാധീനിച്ചിരിക്കാം'; കോൺഗ്രസ് എംപിയാണ് എന്നത് ശശി തരൂർ മറക്കുന്നുവെന്ന് പി ജെ കുര്യൻ
ഇത് കേരളത്തിലെ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെയുള്ള വിധിയെഴുത്തെന്ന് ഷാഫി പറമ്പിൽ; 'ജനങ്ങൾ സർക്കാരിനെ നിർത്തിപ്പൊരിച്ചു'