Twenty20 worker death : ദീപുവിന്റെ മരണം: ശ്രീനിജൻ എംഎൽഎ-യുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച യുവതി അറസ്റ്റിൽ

Published : Feb 18, 2022, 09:13 PM IST
Twenty20 worker death : ദീപുവിന്റെ മരണം: ശ്രീനിജൻ  എംഎൽഎ-യുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച യുവതി അറസ്റ്റിൽ

Synopsis

കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജനെ നവമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം റെസീന പരീതിനെയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.

കൊച്ചി: കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജനെ (Sreenijan MLA) നവമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം റെസീന പരീതിനെയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. ട്വന്റി ട്വന്റി പ്രവർത്തകൻ ( Twenty20 worker) ദീപു (Deepu) സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് എംഎൽഎയെ നവമാധ്യമത്തിൽ അപകീർത്തിപ്പെടുത്തിയത്. പ്രതികൾക്കൊപ്പം എംഎൽഎയുടെ ഫോട്ടോയും ഉൾപ്പെടുത്തിയ പോസ്റ്ററാണ് പ്രചരിപ്പിച്ചത്. കുന്നത്തുനാട് പഞ്ചായത്തംഗം നിസാർ ഇബ്രാഹിമും പോസ്റ്ററിലുണ്ട്. നിസാറിന്റെ പരാതിയിൽ അമ്പലമേട് പൊലീസും റെസീനക്കെതിരെ കേസെടുത്തിട്ടുണ്ട്.

ട്വന്‍റി 20 പ്രവർത്തകൻ ദീപുവിന്‍റെ മരണകാരണം ലിവർ സിറോസിസ് ആയിരിക്കാമെന്ന പിവി ശ്രീനിജൻ എംഎൽഎയുടെ പ്രതികരണത്തിനെതിരെ രൂക്ഷ വിമർശനവുമായാണ് ട്വന്‍റി 20 പ്രവർത്തകർ പ്രതികരിച്ചത്. പട്ടിയെപ്പോലെയാണ് ദീപുവിനെ സിപിഎം പ്രവർത്തകർ തല്ലിച്ചതച്ചതെന്നും, തങ്ങളവിടെ എത്തുമ്പോൾ ദീപുവിനെ കഴുത്തിന് കുത്തിപ്പിടിച്ച് ഇടിക്കുകയായിരുന്നുവെന്നും അവർ പറയുന്നു. ക്രൂരമായ മർദ്ദനം തന്നെയാണ് ദീപുവിന്‍റെ മരണകാരണമെന്നും അവർ ആരോപിക്കുന്നു. 

തിങ്കളാഴ്ച രാവിലെയാണ് രക്തം ഛർദ്ദിച്ചതിനെത്തുടർന്ന് കിഴക്കമ്പലത്തിന് അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ദീപുവിനെ പ്രവേശിപ്പിച്ചത്. ആന്തരിക രക്തസ്രാവമുണ്ടെന്നും കൂടുതൽ ചികിത്സ വേണമെന്നും വ്യക്തമായതിനെത്തുടർന്ന് ദീപുവിനെ രാജഗിരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. 

''പട്ടിയെപ്പോലെ തല്ലിക്കൊന്നിട്ട് ലിവർ സിറോസിസെന്നോ, എന്‍റെ കൊച്ചിനെ കൊന്നവരെ വെറുതെ വിടൂല. ഞങ്ങളാ അടിച്ചത്, ഞങ്ങള് സിപിഎംകാരാ, അതില് നിനക്കെന്താ വേണ്ടേടീ, എന്നാ അവരെന്നോട് ചോദിച്ചത്. എന്‍റൊപ്പം പ്രവർത്തിച്ചിരുന്ന എന്‍റെ സഹോദരനാ പോയത്. കിഴക്കമ്പലത്ത് എംഎൽഎയെ കാല് കുത്തിക്കൂല്ല. ഓർത്തോ. പാവപ്പെട്ട ഒരാളുടെ പോലും മെക്കട്ട് പോലും കേറാൻ നിക്കാത്ത അവനെ ഭീഷണിപ്പെടുത്തി വീട്ടിലിരുത്തി. അതുകൊണ്ടാ അവന് ചികിത്സ വൈകിയത്. രണ്ട് ദിവസം വൈകിയാ അവനെ ആശുപത്രിയിൽ കൊണ്ട് പോയത്. അതും ചോര ഛർദ്ദിച്ചിട്ട്. ഇവിടെ കൊണ്ടുവന്ന പിന്നാലെ ഡോക്ടറ് പറഞ്ഞു വെന്‍റിലേറ്ററിലേക്ക് മാറ്റണമെന്ന്. അവിടെ നിന്ന് പിന്നെ കുറച്ച് കഴിഞ്ഞപ്പോ പറഞ്ഞു വെന്‍റിലേറ്റർ മാറ്റിയാൽ ആള് ബാക്കി ഉണ്ടാവില്ലെന്ന്. ബ്രെയിൻ ഡെത്തായി എന്നാ പറഞ്ഞത്. അങ്ങനെ രണ്ട് ദിവസമാ ഇവരിവിടെ അവനെ കിടത്തിയത്. ഇതിനെല്ലാം പിന്നിൽ പി വി ശ്രീനിജൻ എംഎൽഎയാ'', അവർ ആരോപിക്കുന്നു. 

ശക്തമായ ആന്തരികരക്തസ്രാവമുണ്ടായതിനാൽ ദീപുവിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് ദീപുവിനെ പിന്നീട് വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രോഗി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് വ്യക്തമായതോടെ ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് ചേർന്ന് ദീപുവിന്‍റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. 

കഴിഞ്ഞ ശനിയാഴ്ച കിഴക്കമ്പലത്ത് കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജനെതിരെ നടന്ന വിളക്കണയ്ക്കൽ പ്രതിഷേധത്തിനിടെയാണ് സിപിഎം പ്രവർത്തകർ ട്വന്‍റി 20 പ്രവർത്തകനായ ദീപുവിനെ മർദ്ദിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴേകാലോടെയാണ് കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയിൽ താമസക്കാരനായ ദീപുവിന് മർദ്ദനമേറ്റത്. 

അന്നേ ദിവസം രാത്രി ഏഴ് മണി മുതൽ പതിനഞ്ച് മിനിറ്റായിരുന്നു ട്വന്‍റി 20 ഭരിക്കുന്ന നാല് പഞ്ചായത്തുകളിലും വിളക്കണയ്ക്കൽ സമരം നടന്നത്. ആളുകളിൽ നിന്ന് പിരിവെടുത്ത് തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന ട്വന്‍റി 20-യുടെ പദ്ധതിക്കെതിരെ പി വി ശ്രീനിജന്‍ എംഎൽഎ രംഗത്ത് വന്നതാണ് സമരത്തിന് കാരണം. 

ട്വന്‍റി 20-യുടെ സജീവ പ്രവർത്തകനായ ദീപുവും പ്രതിഷേധം ഏകോപിപ്പിക്കാൻ  മുന്നിൽ ഉണ്ടായിരുന്നു. ലൈറ്റണയ്ക്കൽ സമരം നടക്കുന്നതിനിടെ വീട്ടിലെത്തിയ നാല് സിപിഎം പ്രവർത്തകർ ദീപുവിനെ മർദിക്കുകയായിരുന്നു. അന്ന് ദീപു ചികിത്സ തേടിയിരുന്നില്ല. തിങ്കളാഴ്ച പുലർച്ചെ രക്തം ഛർദിച്ചതോടെയാണ് ദീപുവിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .  

സംഭവവുമായി ബന്ധപ്പെട്ട് നാല് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കിഴക്കമ്പലം സ്വദേശികളും സിപിഎം പ്രവർത്തകരുമായ ബഷീർ, സൈനുദ്ദീൻ, അബ്ദു റഹ്മാൻ, അബ്ദുൽ അസീസ് എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം, ഹരിജന പീഡനം എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരിപ്പോൾ മൂവാറ്റുപുഴ സബ് ജയിലിലാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാനൂരിലെ വടിവാള്‍ ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിൽ, യുഡിഎഫ് ഓഫീസ് ആക്രമിച്ചതിൽ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം
'മരിച്ചാൽ കുഴിച്ചിടാൻ വരേണ്ട, വീട്ടിൽ കൊടി കെട്ടാൻ വരേണ്ട'; എസ്എൻഡിപിയുടെ പേരിൽ ആരും വീട്ടിൽ കയറരുതെന്ന് സിപിഎം സ്ഥാനാര്‍ത്ഥിയുടെ മകൻ