
കൊല്ലം: ഒരുമിച്ച് കളിച്ച് വളര്‍ന്നവര്‍... പിച്ച വച്ച് നടന്ന് തുടങ്ങിയപ്പോള്‍ മുതല്‍ താങ്ങും തണലുമായി പരസ്പരം തോളോട് തോള്‍ ചേര്‍ന്ന് നടന്നവര്‍... അങ്ങനെയുള്ള ഒരാള്‍ പെട്ടെന്ന് അങ്ങ് ഇല്ലാതെ പോയാലോ? നെഞ്ച് തകര്‍ന്ന് പോകുന്ന വേദനക്കിടയിലും ഐഐടി മദ്രാസില്‍ ആത്മഹത്യയില്‍ ചെയ്ത ഫാത്തിമയുടെ ഇരട്ടസഹോദരി ഐഷയ്ക്ക് ഈ രാജ്യത്തോട് പറയാനുള്ളത് ഒരേ ഒരു കാര്യമാണ്.
'ഫാത്തിമയെ പോലെ ഒരു കുട്ടിയെ ഒരിക്കലും ഈ സമൂഹത്തിന് നഷ്ടമാകാന്‍ പാടില്ല. അവള്‍ക്ക് നീതി വേണം. ഒരു ഐഷയ്ക്കും ഇനി ഒരു ഫാത്തിമയെ നഷ്ടമാകരുത്. കൂടെപ്പിറപ്പ് ഒന്നും പറയാതെ പോയതിന്‍റെ വേദന തിങ്ങി നിറയുമ്പോഴും ഇക്കാര്യങ്ങള്‍ പറയുമ്പോള്‍ ഐഷയുടെ കണ്ണുകള്‍ നിറഞ്ഞില്ല, പകരം തന്‍റെ സഹോദരിക്ക് നീതി ലഭിക്കണം എന്ന കൃത്യമായി ബോധ്യമാണ് ഉണ്ടായിരുന്നത്.
സഹോദരിയെ കുറിച്ച് പറഞ്ഞ് തുടങ്ങിയാല്‍ ഐഷയ്ക്ക് നിര്‍ത്താന്‍ പറ്റില്ല. അത്രമാത്രം പരസ്പരം സ്നേഹിച്ചിരുന്നവരാണവര്‍. പട്ടു എക്സ്ട്രാ ബ്രില്യന്‍റ് ആയിരുന്നുവെന്ന് ഐഷ പറയുന്നു. ഫാത്തിമ ഒരിക്കലും ക്ലാസില്‍ താഴെ പോയിട്ടില്ല. ഐഐടിയില്‍ പോയി തിരിക്കയപ്പോഴും അങ്ങനെ തന്നൊണ് പറഞ്ഞതാണ്.
അവിടെയും ഫാത്തിമ, ഫാത്തിമ തന്നെയായിരുന്നു. പത്താം ക്ലാസില്‍ എല്ലാ വിഷയങ്ങളും അവള്‍ക്ക് എ വണ്‍ ലഭിച്ചു. അതുകഴിഞ്ഞ് പ്ലസ് ടൂവിനും ഉന്നതവിജയം ലഭിച്ചു. പരീക്ഷകള്‍ വരുമ്പോഴും ഒരു സമ്മര്‍ദവുമില്ലാത്തയാളായിരുന്നു ഫാത്തിമ. ഏതെങ്കിലും നോവല്‍ ഒക്കെ പരീക്ഷയുടെ തലേദിവസവും വായിക്കുന്നത് കാണാം.
പത്ത് വരെ ഫാത്തിമയുമായി ഒരുമിച്ചാണ് പഠിച്ചത്. ഹ്യൂമാനിറ്റിസ് പഠിക്കാന്‍ ഉള്ള ആഗ്രഹം കൊണ്ടാണ് ഫാത്തിമ പിന്നീട് മാറി ക്രിസ്തുരാജ് സ്കൂളില്‍ ചേരുന്നത്. എങ്കിലും ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് ഒരു കുറവും വന്നിട്ടില്ല. ആത്മഹത്യക്ക് കാരണമായി അവര്‍ പറയുന്നത് അക്കാദമിക് പ്രകടനം മോശമായത് കൊണ്ടാണെന്നാണ്.
ഇങ്ങനെ പഠിച്ച് വന്ന ഒരു കുട്ടി എങ്ങനെയാണ് പഠനത്തില്‍ മോശമാകുന്നത്. ഒരിക്കലും അങ്ങനെ സംഭവിക്കില്ല. എല്ലാത്തിലും മുന്നില്‍ ഫാത്തിമ ആയിരുന്നുവെന്നാണ് അവിടെ അന്വേഷിച്ചപ്പോഴും അറിയാന്‍ കഴിഞ്ഞത്. കഴിഞ്ഞയാഴ്ച പോലും പൊളിറ്റിക്സില്‍ ഒരു സെമിനാര്‍ എടുക്കുന്നതിനായി എല്ലാം പറഞ്ഞ് തന്നത് ഫാത്തിമയാണ്. തന്‍റെ സുഹൃത്തുക്കള്‍ക്കും സെമിനാറിന് വേണ്ട കാര്യങ്ങള്‍ പറഞ്ഞ് തന്നത് ഫാത്തിമ തന്നെയാണ്.
സഹോദരി ഫാത്തിമയെ കുറിച്ച് ഐഷ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞത് ഇങ്ങനെ
അവസാനം കുറച്ച് ദിവസമായി വലിയ നിരാശയിലായിരുന്നു ഫാത്തിമ. ഐഐടിയില്‍ നിന്ന് സ്കോളര്‍ഷിപ്പ് ലഭിച്ച് വിദേശ സര്‍വകലാശാലയില്‍ പഠിക്കണമെന്ന് അവള്‍ സ്വപ്നം കണ്ടിരുന്നു. അങ്ങനെ ഒരു കുട്ടി ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കണമെങ്കില്‍ അവരെല്ലാം ചേര്‍ന്ന് അവളെ എത്രമാത്രം മാനസികമായി തളര്‍ത്തിയിരിക്കണം. ഫാത്തിമയെ പോലെ ഒരു കുട്ടി ഒരു സമൂഹത്തിന് നഷ്ടമാകാന്‍ പാടില്ല. ഫാത്തിമയ്ക്ക് നീതി വേണം... ഐഷ പറഞ്ഞു നിര്‍ത്തി...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam