മലപ്പുറം: കവളപ്പാറയിൽ വീട് ഇരുന്നിടത്ത് അടയാളം വച്ച് രക്ഷാ പ്രവര്‍ത്തകരെ കാത്തിരിക്കുകയാണ് സഹോദരങ്ങളായി സുമോദും സുമേഷും. ആ മണ്ണിനടിയിൽ അവരുടെ അച്ഛനും അമ്മയും ഉണ്ട്. മണ്ണിൽ പുതഞ്ഞ നിലയിൽ അമ്മയുടെ പേരെഴുതിയ ഒരു തുണ്ട് കടലാസ് ഇവർക്ക് കിട്ടി. അത് മാത്രമാണ് വീട് അവിടെയായിരുന്നുവെന്ന് ഉറപ്പിക്കാൻ ഇവർക്ക് കിട്ടിയ അടയാളം.
മുത്തപ്പൻ മല ഉരുൾപൊട്ടി വീടുകൾക്ക് മുകളിലേക്ക് ഇടിച്ചിറങ്ങുമ്പോൾ ഇവരുടെ അച്ഛൻ സുകുമാരനും അമ്മ രാധാമണിയും മാത്രമാണ് ഇവരുടെ വീട്ടിലുണ്ടായിരുന്നത്. മഴ കനത്തപ്പോൾ മരുമക്കളെയും ചെറുമക്കളെയും സുകുമാരനും രാധാമണിയും അവരുടെ വീടുകളിലേക്ക് പറഞ്ഞയച്ചു. ഇവരെ കൊണ്ടുവിടാൻ പോയതായിരുന്നു സഹോദരങ്ങൾ. തിരിച്ചെത്തിയപ്പോൾ വീടിരുന്ന സ്ഥലം പോലും തിരിച്ചറിയാനാകാത്ത വിധം മൺകൂന മാത്രം.
കൈക്കോട്ടുപയോഗിച്ച് മണ്ണ് മാറ്റി നോക്കിയിട്ട് കാര്യമില്ലെന്ന് ഇവർ തിരിച്ചറിയുന്നു. മണ്ണുമാന്തികളെത്താതെ ഒന്നും സാധ്യമല്ല. അവസാനമായി ഒരു നോക്ക് മാതാപിതാക്കളുടെ മൃതദേഹം കാണണമെന്ന് മാത്രമാണ് ആഗ്രഹമെന്ന് രണ്ട് പേരും പറയുന്നു. ഇവരെ പോലെ ഇനിയുമുണ്ട് ഒരുപാട് പേർ കവളപ്പാറയിൽ.
"
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam