വടക്കന്‍ കേരളത്തില്‍ മഴക്കെടുതികളില്‍ ഇന്ന് രണ്ട് മരണം; വ്യാപക നാശനഷ്ടങ്ങൾ

Published : Aug 07, 2020, 07:59 PM IST
വടക്കന്‍ കേരളത്തില്‍ മഴക്കെടുതികളില്‍ ഇന്ന് രണ്ട് മരണം; വ്യാപക നാശനഷ്ടങ്ങൾ

Synopsis

വടക്കന്‍ കേരളത്തില്‍ മഴക്കെടുതികളില്‍ ഇന്ന് രണ്ട് മരണം. വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് വീടുകളും ഒരു റിസോര്‍ട്ടും തകര്‍ന്നു. നെന്മാറ നെല്ലിയാമ്പതി റോഡിൽ  മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ മഴക്കെടുതികളില്‍ ഇന്ന് രണ്ട് മരണം. വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് വീടുകളും ഒരു റിസോര്‍ട്ടും തകര്‍ന്നു. നെന്മാറ നെല്ലിയാമ്പതി റോഡിൽ  മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലകളിലായി നാലായിരത്തോളം പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി.

തുടര്‍ച്ചയായ മൂന്നാം ദിവസവും വടക്കന്‍ കേരളത്തിലെ ദുരിതപ്പെയ്ത്തിനു ശമനമില്ല. റെഡ് അലര്‍ട്ട് തുടരുന്ന വയനാട്ടിലാണ് മഴ ഏറ്റവുമധികം നാശം വിതച്ചത്. മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ പുഞ്ചിരിമട്ടത്ത് രാവിലെ ഉണ്ടായ ഉരുൾപൊട്ടലിൽ രണ്ട് വീടുകളും ഒരു റിസോർ‍ട്ടും തകർന്നു. പാലം ഒഴുകി പോയതിനെത്തുടർന്ന് 4 കുടുംബങ്ങൾ ഒറ്റപ്പെട്ടു. 

ഒറ്റപ്പെട്ട് പോയ 21 പേരെ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ഭൂരിഭാഗം പേരെയും ഒഴിപ്പിച്ചിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വയനാട്ടില്‍ 62 ക്യാംപുകളിലായി 3368 പേരെ മാറ്റി പാർപ്പിച്ചു. മുത്തങ്ങയിൽ വെള്ളം കയറി ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

മലപ്പുറത്തും കനത്ത മഴ തുടരുകയാണ്. നിലമ്പൂര്‍  കനോലി തേക്കുതോട്ടത്തിലേക്കുളള തൂക്കുപാലം ഒലിച്ചുപോയി. മൂന്ന് ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു. നിലമ്പൂര്‍ നാടുകാണി പാതയില്‍ രാത്രിയാത്ര നിരോധിച്ചു. ജില്ലയില്‍ 900 പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി.  പോത്ത് കല്ല്‌, എടക്കര,വഴിക്കടവ്, കാളികാവ്, വാഴക്കാട് മേഖലകളിൽ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.

കോഴിക്കോട് കോടഞ്ചേരി, കൂടരഞ്ഞി, കുറ്റ്യാടി, വിലങ്ങാട് ഭാഗങ്ങളില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും മണ്ണിടിച്ചിലും മലവെളളപ്പാച്ചിലും ദുരിതം വിതച്ചു. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളെ  ക്യാംപുകളിലേക്ക് മാറ്റി.  സ്വന്തം നിലയില്‍ ബന്ധുവീടുകളിലേക്ക് മാറിയവരും ഏറെ.  ചെമ്പുകടവ് അടിവാരം പാതയില്‍ ഗതാഗതം തടസപ്പെട്ടു.  ചെമ്പുകടവ് 82 പേരെയും, തിരുവമ്പാടി മുത്തപ്പന്‍പുഴയില്‍18 പെരെയും, മാവൂരില്‍ 33 പെരെയും ക്യാംപുകളിലേക്ക് മാറ്റി. കക്കയം ഡാമിന്‍റെ ഷട്ടര്‍ ഉയര്‍ത്തി. 

പാലക്കാട് പട്ടാമ്പിക്ക് സമീപം പോക്കുപ്പടിയിൽ വീടിന്‍റെ ചുമർ തകർന്ന് വീണ് ഒരാൾ മരിച്ചു. പോക്കുപ്പടി സ്വദേശി മൊയ്തീനാണ് മരിച്ചത്. നെന്മാറ നെല്ലിയാമ്പതി റോഡിൽ രണ്ടിടത്ത് മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം മുടങ്ങി. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. ജല നിരപ്പ് ഉയർന്നതോടെ കാഞ്ഞിരപ്പുഴ ഡാമിന്‍റെ മൂന്ന് ഷട്ടറുകളും 110 സെന്‍റിമീറ്റർ ഉയർത്തി.

കണ്ണൂര്‍ ഇരിട്ടിയില്‍ യുവാവ് പുഴയില്‍ വീണ് മരിച്ചു. സ്വകാര്യ കേബിൾ ടിവി തൊഴിലാളിയാണ് ജോം തോമസാണ് മരിച്ചത്. കേബിൾ വലിക്കുന്നതിനിടെ പുഴയിലേക്ക് വീഴുകയായിരുന്നു മുന്ന്  മണിക്കുർ നീണ്ട തെരച്ചിലിന് ഒടുവിലാണ് മൃതദേഹം കിട്ടിയത്. 

കൊട്ടിയൂരിൽ ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. ജില്ലയിൽ ഇതുവരെ നാല് വീടുകൾ പൂർണമായും ,360 വീടുകൾ ഭാഗികമായും തകർന്നതായാണ് കണക്ക്. അഴീക്കൽ തുറമുഖത്ത് കടലാക്രമണത്തെത്തുടര്‍ന്ന് നിരവധി വീടുകളില്‍ വെളളം കയറി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റി, ബസ് ഡ്രൈവർ അറസ്റ്റില്‍
വിസി നിയമനം; 'സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ', വിമർശനങ്ങളിൽ പിണറായിയെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്