കൊല്ലത്ത് പിക് അപ് വാനിടിച്ച് രണ്ടുമരണം; നിയന്ത്രണം വിട്ട വാഹനം സമീപത്തെ വയലിലേക്ക് മറിഞ്ഞു

By Web TeamFirst Published Dec 2, 2020, 4:59 PM IST
Highlights

നിയന്ത്രണം വിട്ട വാൻ റോഡിലൂടെ നടന്ന് പോവുകയായിരുന്ന കുട്ടികളെ ഇടിച്ച് തെറിപ്പിച്ച ശേഷം വയലിലേക്ക് മറിഞ്ഞു. 

കൊല്ലം: തെന്മലയ്ക്കടുത്ത്  ഉറുകുന്നിൽ പിക്കപ്പ് വാനിടിച്ച് സഹോദരിമാരടക്കം മൂന്നു പെൺകുട്ടികൾക്ക് ദാരുണാന്ത്യം. വൈകുന്നേരം മൂന്നരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. തെന്മല പുനലൂർ പാതയിലെ ഉറുകുന്നിലുള്ള പിതാവിന്‍റെ കടയിലേക്ക് കാൽനടയായി പോവുകയായിരുന്നു ശാലിനിയും ശ്രുതിയും അയൽവാസിയായ കെസിയയും. അതിനിടെ പുനലൂരിൽ നിന്നും തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ  നിയന്ത്രണംവിട്ട് മൂന്നുപേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. 

കുട്ടികളെ ഇടിച്ച ശേഷം  വാൻ സമീപത്തെ താഴ്ചയിലേക്ക് മറിഞ്ഞു. കുട്ടികളെ കണ്ട് വേഗം കുറയ്ക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നെന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവർ വെങ്കിടേഷിന്‍റെ മൊഴി. പതിമൂന്ന് വയസുകാരി ശ്രുതി ആശുപത്രിയിലെത്തുന്നതിനിടെയും പതിനേഴുകാരി കെസിയ പുനലൂർ താലൂക്ക് ആശുപത്രിയിൽ വെച്ചും ആണ് മരിച്ചത്.

ശ്രുതിയുടെ ചേച്ചി ശാലിനിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും   ജീവൻ രക്ഷിക്കാനായില്ല. തെന്മല പഞ്ചായത്ത് ആറാം വാർഡിലെ ബിജെപി സ്ഥാനാർത്ഥി അലക്സിന്‍റെ മക്കളാണ്  ശാലിനിയും, ശ്രുതിയും. വാഹനമോടിച്ച തമിഴ്നാട്ടുകാരൻ  വാൻ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
 

click me!