
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരേ ദിവസം ഒരേ സാമ്പിളുകളിൽ രണ്ട് പരിശോധനാ ഫലം. ഒരിടത്ത് പോസിറ്റീവും ഒരിടത്ത് നെഗറ്റീവ് റിസൾട്ടുമാണ് ഉണ്ടായത്. തിരുവനന്തപുരത്ത് ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേർക്കാണ് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പരിശോധനയിൽ കൊവിഡ് ഇല്ലെന്ന് കണ്ടെത്തിയത്.
സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലായിരുന്ന രണ്ട് പേരുടെ ഫലത്തിലാണ് ഇങ്ങിനെ സംഭവിച്ചത്. ഇവരുടെ സാമ്പിളുകൾ ആദ്യം രാജീവ് ഗാന്ധി ബയോ ടെക്നോളജി സെന്ററിൽ പരിശോധിച്ചു. പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത് ഇവിടെ വച്ചാണ്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ച് നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായി.
ഇതിന് മുൻപ് വർക്കല സ്വദേശിയുടെ കാര്യത്തിലും ഇങ്ങിനെ സംഭവിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചെന്ന് അറിഞ്ഞ ശേഷം കടുത്ത മനോ വേദന അനുഭവിച്ചെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു. അതേസമയം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരുടെ ഫലം ആഴ്ചകൾ കഴിഞ്ഞിട്ടും പോസിറ്റീവ് എന്ന് കാണിക്കുന്നു. ഈ സാമ്പിളുകളും രാജീവ് ഗാന്ധിസെന്ററിലാണ് പരിശോധിക്കുന്നത്.
ഒരാളുടെ ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാൽ അത് പോസിറ്റീവ് തന്നെയായിരിക്കും. എന്നാൽ നെഗറ്റീവ് എന്നാണ് ഫലം വന്നതെങ്കിൽ അത് നെഗറ്റീവോ പോസിറ്റീവോ ആകാൻ സാധ്യതയുണ്ടെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. സംഭവത്തിൽ തങ്ങൾക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് രാജീവ് ഗാന്ധി സെന്റർ വ്യക്തമാക്കി. തങ്ങളുടേത് ജർമ്മൻ സാങ്കേതിക വിദ്യയാണെന്നും ഇവർ വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam