
കോഴിക്കോട്: കോഴിക്കോട് മഴക്കെടുതിയില്‍ രണ്ടുമരണം. കൊളത്തറയിലും എടച്ചേരിയിലുമായി രണ്ടുപേരാണ് മരിച്ചത്. കൊളത്തറയില്‍ 13 വയസുകാരന്‍ മുങ്ങിമരിച്ചു. അറയ്ക്കല്‍ പാടത്ത് മുഹമ്മദ് മിര്‍ഷാദ് (13) ആണ് മരിച്ചത്. മദ്രസ വിട്ടുപോകുമ്പോള്‍ കുട്ടി കുളത്തില്‍ വീഴുകയായിരുന്നു. എടച്ചേരിയില്‍ ആലിശേരി സ്വദേശി അഭിലാഷ് (40) ആണ് മരിച്ചത്. കുളത്തിൽ വീണാണ് മരണം.
സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്. സംസ്ഥാനത്ത് 23 ക്യാമ്പുകൾ തുറന്നുവെന്നും കെ രാജന്‍ അറിയിച്ചു. കാറ്റ് പ്രവചനാതീതമാണെന്ന് അറിയിച്ച മന്ത്രി, ഉൾമേഖലയിലെ കാറ്റ് പുതിയ പ്രതിഭാസമാണെന്നും ഗസ്റ്റിനാഡോ ചുഴലിക്കാറ്റാണ് ഇതിന് കാരണമെന്നും കൂട്ടിച്ചേര്‍ത്തു.
കേരളത്തിൽ 14 ഡാമുകൾ തുറന്നുവെന്നും റവന്യൂ മന്ത്രി അറിയിച്ചു. മൂഴിയാർ തുറക്കാൻ അനുമതി കിട്ടിയിട്ടുണ്ട്. അപകടകരമായ മരങ്ങൾ മുറിക്കാൻ റവന്യൂ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. നിലവില്‍ നാല് എൻ ഡിആർ എഫ് ടീമുകൾ കേരളിഞ്ഞിലുണ്ടെന്നും അടിയന്തര ഘട്ടങ്ങളിൽ നാല് ലക്ഷം പേർക്ക് താമസിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നഷ്ടപരിഹാരം പെട്ടെന്ന് നൽകാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും 25000 രൂപ വില്ലേജ് ഓഫീസർമാർക്ക് ദുരന്ത നിവാരണത്തിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കുത്തിയൊലിക്കുന്ന പുഴയില്‍ ചാടി മരത്തടി പിടുത്തം; മലപ്പുറത്തെ 'മുള്ളൻകൊല്ലി വേലായുധൻമാർ'ക്കെതിരെ പൊലീസ്
മലപ്പുറം: മലവെള്ളപ്പാച്ചിലില്‍ ഒഴുകി വരുന്ന മരത്തടികള്‍ അപകടകരമാം വിധം പുഴയില്‍ ചാടി പിടിക്കുന്നവര്‍ക്കെതിരെ നടപടിയ്ക്കൊരുങ്ങി മലപ്പുറം പൊലീസ്. മലപ്പുറത്ത് 'മുള്ളൻകൊല്ലി വേലായുധൻമാര്‍' കൂടിയതോടെ കുത്തിയൊലിച്ചു വരുന്ന വെള്ളത്തില്‍ ചാടി ജീവന്‍ അപകടത്തിലാക്കി മരത്തടികൾ സാഹസികമായി പിടിക്കുന്നവർക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങുകയാണ് പൊലീസ്. മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളില്‍ ഇത്തരത്തില്‍ മരത്തടി പിടിക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി.
നിലമ്പൂരിലെ മമ്പാട് ചാലിയാറില്‍ ഇത്തരത്തില്‍ യുവാക്കള്‍ ചാടുന്ന വീഡിയോ വൈറലായിരുന്നു. വലിയ മരത്തടികളും തേങ്ങയും വനവിഭവങ്ങളും പുഴയിലൂടെ ഒലിച്ചു വരുമ്പോള്‍ നരൻ സിനിമയിലെ മോഹൻലാൽ കഥാപാത്രമായ മുള്ളൻ കൊല്ലി വേലായുധന്റെ സാഹസികതകൾ അനുകരിക്കുകയാണ് ചില ചെറുപ്പക്കാർ. പാലത്തിൽ നിന്നും കയർ കെട്ടി പുഴയിലേക്ക് ഇറങ്ങി ഒലിച്ചു വരുന്ന മരങ്ങൾ പിടിച്ചു കെട്ടാനുള്ള ശ്രമമാണ്. ജീവന്‍ പണയം വച്ചുള്ള യുവാക്കളുടെ സാഹസികത സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ടത്തോടെ കർശന മുന്നറിയിപ്പുമായി വനം റവന്യൂ പൊലീസ് വകുപ്പുകൾ രംഗത്തെത്തി. മലയോര മേഖലയിൽ പെയ്യുന്ന കനത്ത മഴയെ തുടർന്ന് പുഴകളിൽ ജലനിരപ്പ് ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ പുഴയിലൂടെ ഒഴുകി വരുന്ന മരത്തടികളും മറ്റും പിടിക്കുന്നതിനായി പുഴയിൽ ഇറങ്ങുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വനം റവന്യൂ അധികൃതർ അറിയിച്ചു. പുഴയിൽ ജലനിരപ്പ് വർധിച്ച സാഹചര്യത്തിൽ കുട്ടികളുമായി പുഴയോ മറ്റു ജലാശയങ്ങളോ കാണാൻ പോകരുതെന്നും മീൻ പിടിക്കുന്നതിന് വേണ്ടി പുഴയിൽ ഇറങ്ങരുതെന്നും അധികൃതർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam