
കോഴിക്കോട്: വടകരയിലെ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച മുന്‍ മന്ത്രി എം എം മണിയുടെ പരാമര്‍ശത്തിനെതിരെ എല്‍ജെഡി രംഗത്ത്. വടകരയിൽ നിയമസഭാതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം തോറ്റത് എല്‍ജെഡി മത്സരിച്ചത് കാരണമാണെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം തോറ്റതിന്റെ കാരണമെന്താണെന്ന് എല്‍ജെഡി ജനറല്‍ സെക്രട്ടറി സലീം മടവൂർ ചോദിച്ചു. വ്യക്തിപരമായ ആക്രമണം നിർത്തി ആശയപരമായ പോരാട്ടത്തിലേക്ക് മാറണമെന്നും എം എം മണിയോടുള്ള പ്രതികരണമായി സലീം മടവൂര്‍ പറഞ്ഞു.
വടകരയിൽ ജനതാദൾ മത്സരിച്ചതുകൊണ്ടാണ് കെ കെ രമ ജയിച്ചതെന്ന വാദം സിപിഎം നേതൃത്വത്തിന്‍റെ അഭിപ്രായമാണെന്ന് കരുതുന്നില്ലെന്ന് സലീം മടവൂര്‍ നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. ജനതാദൾ മത്സരിച്ചത് കൊണ്ടാണ് രമ ജയിച്ചതെന്ന് മുഖ്യമന്ത്രിയോ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്ററോ ഇതേവരേ പറഞ്ഞിട്ടില്ല. ഉത്തരവാദിത്തപ്പെട്ടവർ പറഞ്ഞാൽ പ്രതികരിക്കാം.
കൂടിയും കുറഞ്ഞുമായി 137 നിയോജക മണ്ഡലങ്ങളിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികൾക്ക് വേണ്ടി എൽജെഡി പ്രവർത്തിക്കുകയും വോട്ടു ചെയ്യുകയും ചെയ്തത് കൊണ്ടാണ് എൽഡിഎഫ് മൂന്ന് സീറ്റുകൾ പാര്‍ട്ടിക്ക് നല്‍കിയത്. ഏതെങ്കിലും നിയോജക മണ്ഡലത്തിൽ എൽജെഡി പ്രവർത്തകർ എൽഡിഎഫിനു വേണ്ടി പ്രവർത്തിക്കാതിരിക്കുകയോ വോട്ടു ചെയ്യാതിരിക്കുകയോ ചെയ്തുവെന്ന് എം എം മണിക്ക് പരാതിയുണ്ടെങ്കിൽ പറയണം.
Read Also: സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപിടിക്കുകയാണ് തന്‍റെ ലക്ഷ്യം', എം എം മണിക്ക് ആനി രാജയുടെ മറുപടി
തിരുത്താനും നടപടിയെടുക്കാനും എൽജെഡി തയാറാണ്. വടകരയിൽ എൽഡിഎഫ് കണക്കുകളിൽ നിന്ന് വിഭിന്നമായി ചില സിപിഎം ശക്തികേന്ദ്രങ്ങളിൽ രമ വോട്ടുപിടിച്ചിട്ടുണ്ട്. നേരത്തെ വേറിട്ട് ഒറ്റക്ക് മത്സരിച്ചിരുന്ന ആർഎംപി ഇത്തവണ യുഡിഎഫിന്‍റെ പിന്തുണയോടെ മത്സരിച്ചപ്പോൾ ചില ബൂത്തുകളിലെ എൽഡിഎഫ് വോട്ടുചോർന്നു. ഇതേക്കുറിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി അന്വേഷിക്കുകയോ പഠിക്കുകയോ ചെയ്തിട്ടില്ലെന്നിരിക്കേ എൽഡിഎഫിലെ ഘടകകക്ഷിയായ എൽജെഡിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് ശരിയല്ല. സിപിഎമ്മും മറ്റു ഘടകകക്ഷികളും തോറ്റ മണ്ഡലങ്ങളിലും എം എം മണിക്ക് ഇതേ അഭിപ്രായമാണോ ഉള്ളതെന്നറിയാൻ താൽപര്യമുണ്ടെന്നും സലീം മടവൂര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam