പള്ളിയോടം മറിഞ്ഞ് അപകടം; രണ്ട് മരണം; കാണാതായ രണ്ട് പേർക്കായി തിരച്ചിൽ; നേവിയും സ്ഥലത്ത്

By Web TeamFirst Published Sep 10, 2022, 4:33 PM IST
Highlights

ആറൻമുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്.

ആലപ്പുഴ : അച്ചൻകോവിലാറിൽ പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പ്ലസ് ടു വിദ്യാർത്ഥി ആദിത്യൻ, ചെറുകോൽപ്പുഴ സ്വദേശി വിനീഷ് എന്നിവരാണ് മരിച്ചത്. രണ്ട് പേരെ കാണാതായി. മാവേലിക്കര വലിയ പെരുംമ്പുഴ കടവിൽ രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. ആറൻമുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്.

പള്ളിയോടം അച്ചൻകോവിലാർ ചുറ്റിയ ശേഷമാണ് ആറൻമുളയിലേയ്ക്ക് പുറപ്പെടുന്നത്. ഇതിനായി വലിയ പെരുംപുഴ കടവിൽ നിന്ന് പുറപ്പെട്ട ഉടൻ ദിശതെറ്റി മറിയുകയായിരുന്നു. കാണാതായവർക്കായി നേവിയും ഫയർഫോഴ്സും നാട്ടുകാരും തെരച്ചിൽ തുടരുകയാണ്.

read more ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കാൻ പുറപ്പെട്ട പള്ളിയോടം മറഞ്ഞു, പതിനേഴുകാരനെ കാണാതായി

പരിധിയിൽ കൂടുതൽ ആളുകൾ കയറിയതോടെ നിയന്ത്രണം പെട്ടെന്ന് നഷ്ടപ്പെടുകയായിരുന്നുവെന്നാണ് 
പള്ളിയോടത്തിലുണ്ടായിരുന്ന അതുൽ എന്നയാൾ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചത്. അച്ചൻകോവിലാറ്റിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു. ഇതിനൊപ്പം അടിയൊഴുക്കും ഉണ്ടായതോടെയാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. സാധാരണ 61 പേരാണ് പള്ളിയോടത്തിൽ കയറുന്നത്. യാത്രക്ക് മുന്നോടിയായുള്ള വലം ചുറ്റുന്ന ചടങ്ങിനായതിനാൽ കൂടുതലാളുകൾ തളളിക്കയറി. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ടു. യാത്ര തുടങ്ങി എല്ലാവരും ഇരിക്കും മുമ്പേ തന്നെ വള്ളം കീഴ്മേൽ മറിഞ്ഞുവെന്നും അതുൽ വിശദീകരിച്ചു. അപകടം എങ്ങനെയുണ്ടായെന്ന് വിശദമായി പരിശോധിക്കുമെന്ന് സ്ഥലത്തെത്തിയ, മന്ത്രി പി പ്രസാദ് അറിയിച്ചു. 

വള്ളംകളിക്കായി പോയ പള്ളിയോടം മറിഞ്ഞ് അപകടം: രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

click me!