Asianet News MalayalamAsianet News Malayalam

വള്ളംകളിക്കായി പോയ പള്ളിയോടം മറിഞ്ഞ് അപകടം: രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

ചെന്നിത്തല സ്വദേശി രാഗേഷിനെയാണ് ഇനി കണ്ടെത്താനുള്ളത്. അമ്പതില്‍ അധികം ആളുകള്‍ പള്ളിയോടത്തില്‍ ഉണ്ടായിരുന്നു.   

body of one of the missing persons who went out to participate in the boating was recovered
Author
First Published Sep 10, 2022, 12:19 PM IST

ആലപ്പുഴ: ആറന്മുള്ള ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട പള്ളിയോടം മറിഞ്ഞ് കാണാതയവരില്‍ രണ്ടാളുടെ മൃതദേഹം കണ്ടെടുത്തു. പ്ലസ് ടു വിദ്യാര്‍ത്ഥി ആദിത്യനും ചെറുകോല്‍ സ്വദേശി വിനീഷുമാണ് മരിച്ചത്. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ചെന്നിത്തല സ്വദേശി രാഗേഷിനെയാണ് ഇനി കണ്ടെത്താനുള്ളത്. അമ്പതില്‍ അധികം ആളുകള്‍ പള്ളിയോടത്തില്‍ ഉണ്ടായിരുന്നു.   

തൃശ്ശൂരിൽ പുലിക്കളി നാളെ തന്നെ; ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കും

തൃശ്ശൂരില്‍ നാളെ തന്നെ പുലിക്കളി നടത്താൻ തീരുമാനം. പുലിക്കളി മാറ്റി വയ്ക്കേണ്ടതില്ലെന്ന് തൃശ്ശൂരിലെ സംഘങ്ങൾ തീരുമാനിച്ചു. എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ നാളെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ പുലിക്കളി മാറ്റി വച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഓദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലാത്തതിനാൽ നാളത്തെ പുലിക്കളിയുമായി മുന്നോട്ടു പോകുകയാണെന്ന് സംഘങ്ങൾ പ്രഖ്യാപിച്ചു. അതേസമയം ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കിയിട്ടുണ്ട്. 

നാളെ തന്നെ നടത്തുകയാണെങ്കിൽ ഔദ്യോഗിക പങ്കാളിത്തം ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടർ സംഘങ്ങളെ നേരിട് അറിയിച്ചിരുന്നു. തീരുമാനമെടുക്കാൻ സംഘങ്ങളോട് തന്നെ ജില്ലാ ഭരണകൂടം നിർദേശിച്ചു. മിക്ക പുലിക്കളി സംഘങ്ങളും പുലിവേഷം കെട്ടുന്നതിലുള്ള ഛായം അരയ്ക്കുന്ന ജോലി തുടങ്ങിയിരുന്നു. പുലിവേഷം കെട്ടുന്നതിനായി നൽകിയ മുൻകൂർ തുക അടക്കം വലിയ സംഖ്യ ഇപ്പോൾ തന്നെ മുടക്കി കഴിഞ്ഞു. ഈ സാഹചര്യത്തിൽ മാറ്റിവയ്ക്കുന്നത് ഭീമമായ നഷ്ടമുണ്ടാക്കുമെന്ന് വിലയിരുത്തലിലാണ് നാളെ തന്നെ പുലിക്കളിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. അഞ്ച് സംഘങ്ങളിലായി ഇരുന്നൂറ്റി അമ്പതിലധികം പുലിക്കളി കലാകാരന്മാരാണ് പങ്കെടുക്കുന്നത്. അകമ്പടിയായി 35 വാദ്യകലാകാരന്മാർ വീതമുളള മേളവും ടാബ്ലോയും ഉണ്ടാകും

കഴിഞ്ഞ രണ്ടു തവണയും കൊവിഡിൽ മുങ്ങിയ പുലിക്കളി ഇക്കുറി വിപുലമായി നടത്താൻ സംഘാടകർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായ ഘട്ടത്തിലാണ് എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്നുള്ള ഔദ്യോഗിക ദു-ഖാചരണത്തിന്റെ പശ്ചാത്തലത്തിൽ പുലിക്കളി മാറ്റി വയ്ക്കേണ്ടി വരുമോ എന്ന് ആശങ്ക ഉയർന്നത്. ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഞായറാഴ്ച ഔദ്യോഗിക പരിപാടികൾ ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. 

അതേസമയം ചായം തയ്യാറാക്കിയും നിശ്ചല ദൃശ്യങ്ങൾ ഒരുക്കിയും വിവിധ പുലിക്കളി സംഘങ്ങൾ അവസാനവട്ട ഒരുക്കങ്ങളിലാണ്. നാളെ വൈകീട്ടാണ് സ്വരാജ് റൗണ്ടിൽ പുലികൾ ഇറങ്ങുക. ഇതിനു മുന്നോടിയായി വിവിധ ദേശങ്ങളിലെ പുലികൾ അവസാനവട്ട പരിശീലനത്തിലാണ്. പതിവുപോലെ വേഷത്തിലും ഒരുക്കത്തിലും വിവിധ ദേശങ്ങൾ അത്ഭുതങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. ഇക്കുറിയും പെൺപുലികളും കരിമ്പുലികളുമുണ്ടാകും. ഒന്നാം സ്ഥാനമുറപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും തകൃതിയാണ്. ഓണാഘോഷങ്ങളുടെ സമാപനം കൂടിയാണ് പുലിക്കളി എന്നതിനാൽ ആയിരക്കണക്കിനാളുകൾ സ്വരാജ് റൗണ്ടിലെത്തുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വർഷവും അതിന് മുന്നത്തെ വർഷവും ഓൺലൈനായിട്ടായിരുന്നു പുലിക്കളി നടത്തിയത്. 2021ൽ 7 പുലികൾ മാത്രമാണ് ഓൺലൈൻ ആഘോഷത്തിന്റെ ഭാഗമായി രംഗത്തിറങ്ങിയത്. 

Follow Us:
Download App:
  • android
  • ios