
കോഴിക്കോട് : വടകര പൊലീസ് കസ്റ്റഡിയിൽ യുവാവ് കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. എസ്‌ഐ നിജീഷ്, സിവിൽ പൊലീസ് ഓഫിസർ പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. മുൻകൂർ ജാമ്യം നേടിയിരുന്നതിനാൽ ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ഹൃദയാഘാതം മൂലമാണ് കല്ലേരി സ്വദേശി സജീവൻ മരിച്ചതെന്നും കസ്റ്റഡിയിൽ മർദിച്ചിട്ടില്ലെന്നുമാണ് പൊലീസുകാരുടെ വാദം. എന്നാൽ ഇതിൽ സ്ഥിരീകരണം ലഭിക്കണമെങ്കിൽ സിസിടിവി പരിശോധിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ കേസിൽ നിർണായകമായ, പരിശോധനക്ക് അയച്ച ഡിജിറ്റൽ തെളിവുകളുടെ ഫലം വേഗത്തിൽ വേണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് റീജിയണൽ ഫോറെൻസിക് ലബോറട്ടറിക്ക് കത്തയച്ചു. സിസിടിവി ദൃശ്യങ്ങൾ, വടകര പോലീസ് സ്റ്റേഷനിലെ ഹാർഡ് ഡിസ്ക് ഉൾപ്പടെയുള്ള ഡിജിറ്റൽ തെളിവുകളുടെ പരിശോധന ഫലമാണ് ആവശ്യപ്പെട്ടത്. അന്വേഷണനടപടികൾ പൂർത്തിയാകണമെങ്കിൽ പരിശോധന ഫലം വേഗത്തിൽ ലഭിക്കണമെന്നാണ് ആവശ്യം.
മരണകാരണം ഹൃദയാഘാതമെന്നാണ് സജീവന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. എന്നാൽ ഹൃദയാഘാതത്തിലേക്ക് നയിച്ച കാരണങ്ങളാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തേടുന്നത്. സജീവന്‍റെ രണ്ട് കൈമുട്ടുകളിലെയും തോൽ ഉരഞ്ഞ് പോറലുണ്ടെന്നും മുതുകിൽ ചുവന്ന പാടുണ്ടെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്. ഇത് കസ്റ്റഡിയിൽ സംഭവിച്ചതാണോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
വടകരയിൽ പൊലീസ് സ്റ്റേഷൻ വളപ്പിൽ മരിച്ച സജീവന് പ്രാഥമിക ചികിത്സ നൽകുന്നതിൽ ഗുരുതര വീഴ്ച പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്ന് ഉത്തരമേഖല ഐജി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നെഞ്ചുവേദന അനുഭവപ്പെട്ട കാര്യം പലതവണ പറഞ്ഞിട്ടും പൊലീസ് കാര്യമായി എടുത്തില്ല. സഹായിക്കാൻ ശ്രമിച്ചവരെ പിന്തിരിപ്പിച്ചു. ഇതെല്ലാം ഗുരുതര വീഴ്ചയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വടകര സജീവന്‍റെ മരണം: ഡിവൈഎസ്പി, സിഐ എന്നിവരുടെ മൊഴിയെടുക്കും,എസ്ഐ ഉൾപ്പെടെ 3 പൊലീസുകാർക്ക് നോട്ടീസ്
സജീവന് സംഭവിച്ചത്...
വടകര ടൗണിലെ അടയ്ക്കാതെരുവില്‍ വച്ച് വടകര കല്ലേരി സ്വദേശിയായ സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമായി. ഒടുവില്‍ പൊലീസെത്തി. സജീവന്‍ സഞ്ചരിച്ചിരുന്ന കാര്‍ സ്റ്റേഷനിലേക്ക് മാറ്റി. അപകട സമയം സജീവന്‍റെ സുഹൃത്തായിരുന്ന കാര്‍ ഓടിച്ചത്. എങ്കിലും മദ്യപിച്ചെന്ന പേരില്‍ സബ് ഇന്‍സ്പെകര്‍ നിജേഷ് കയ്യേറ്റം ചെയ്യുകയായിരുന്നെന്നാണ് സജീവനൊപ്പം ഉണ്ടായിരുന്നവര്‍ നൽകിയ മൊഴി.
വടകര സജീവന്‍റെ മരണം;കൂട്ട അച്ചടക്ക നടപടി, സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാര്‍ക്കും സ്ഥലം മാറ്റം
മര്‍ദ്ദനമേറ്റതിന് പിന്നാലെ തനിക്ക് നെഞ്ച് വേദന അനുഭവപ്പെടുന്നതായി സജീവന്‍ പറഞ്ഞു. എന്നാല്‍ പൊലീസുകാര്‍ അത് കാര്യമാക്കിയില്ല. 45 മിനിട്ടിന് സ്റ്റേഷനിലെ നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെ പൊലീസ് ഇവരെ വിട്ടയച്ചെങ്കിലും സജീവന്‍ സ്റ്റേഷന് മുന്നില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് പൊലീസുകാരുടെ ഉള്‍പ്പെടെ സഹായം തേടിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവില്‍ ഓട്ടോറിക്ഷക്കാരുടെ സഹായത്തോടെയാണ് വടകര സഹകരണ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam