യുവാവിനെ കൊന്ന് കുഴിച്ചിട്ട കേസ്, അന്വേഷണം തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും വ്യാപിപ്പിച്ചു

By Asianet MalayalamFirst Published Oct 4, 2022, 10:41 PM IST
Highlights

തന്‍റെ ഭാര്യയ്ക്ക് ബിന്ദു മോനുമായി അടുപ്പമുണ്ടെന്ന മുത്തു കുമാറിന്‍റെ സംശയമാണ് ആസൂത്രിത കൊലപാതകത്തിലേക്ക് നയിച്ചതെന്നും മുത്തു കുമാറിന്‍റെ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയിരുന്നു. 

കോട്ടയം: ചങ്ങനാശേരിയില്‍ യുവാവിനെ കൊന്ന് വീടിന്‍റെ തറയ്ക്കടിയിൽ കുഴിച്ചിട്ട കേസിലെ രണ്ട് പ്രതികൾ സംസ്ഥാനം വിട്ടെന്ന് പൊലീസ്. മുഖ്യപ്രതി മുത്തുകുമാറിനെ സഹായിച്ച ബിനോയ് , വിപിന്‍ എന്നിവരാണ് സംസ്ഥാനം വിട്ടത്. ഇവര്‍ക്കായി പൊലീസ് സംഘങ്ങളായി തിരിഞ്ഞ് തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. പുതുപ്പള്ളി സ്വദേശികളായ ബിനോയ് , വിപിൻ എന്നിവരുമായി ചേർന്ന് ഗൂഡാലോചന നടത്തിയാണ് മുത്തുകുമാർ കൊല നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. കൊലപാതക ശേഷം വിപിനും ബിനോയിയും കോയമ്പത്തൂരിലേക്ക് കടന്നെന്ന വിവരം പൊലീസിന് കിട്ടിയിരുന്നു. അവിടെ നിന്ന് ഇരുവരും ബെംഗളൂരുവിലേക്ക് കടന്നെന്ന സൂചനകൾ കിട്ടിയതോടെയാണ് അന്വേഷണം ഇവിടേക്കും വ്യാപിപ്പിച്ചത്.

തന്‍റെ ഭാര്യയ്ക്ക് ആര്യാട് സ്വദേശി ബിന്ദുമോനുമായി അടുപ്പമുണ്ടെന്ന മുത്തുകുമാറിന്‍റെ സംശയമാണ് ആസൂത്രിത കൊലപാതകത്തിലേക്ക് നയിച്ചതെന്നും മുത്തുകുമാറിന്‍റെ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയിരുന്നു. വാരിയെല്ല് തകരും വിധം ഉണ്ടായ ക്രൂരമർദ്ദനമാണ് ബിന്ദുമോന്‍റെ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിലും തെളിഞ്ഞിരുന്നു. കൊല്ലപ്പെട്ട ബിന്ദുകുമാറിന്‍റെ ഫോൺ രേഖകളുടെ പരിശോധനയിൽ അവസാനം അയാളെ വിളിച്ചത് ആലപ്പുഴ  ചങ്ങനാശേരി  റോഡിൽ എസി കനാലരികിലെ എ സി കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന മുത്തുകുമാർ ആണെന്ന് വ്യക്തമായി. എന്നാല്‍ ബിന്ദുകുമാർ എവിടെയെന്ന് അറിയില്ലെന്നായിരുന്നു ഫോൺ വിളിച്ച് അന്വേഷിച്ച പൊലീസിന് മുത്തുകുമാർ നൽകിയ മറുപടി. സ്റ്റേഷനിൽ നേരിട്ടെത്താമെന്ന് പറഞ്ഞ മുത്തുകുമാർ ഫോൺ ഓഫാക്കി കുട്ടികളെ ബന്ധുവീട്ടിലേക്ക് മാറ്റി മുങ്ങിയതോടെയാണ് പൊലീസ് സംഘം മുത്തുകുമാറിന്‍റെ വാടക വീട്ടിലെത്തിയതും അടുക്കളയ്ക്ക് പിന്നിലെ ചായ്പ്പിൽ കോൺക്രീറ്റ് പണികൾ നടന്നതിന്‍റെ സൂചനകൾ കണ്ടെത്തിയതും.  പിന്നാലെ വീടിന്‍റെ ചായ്പ്പ് തുരന്ന പൊലീസ് സംഘത്തിന്‍റെ സംശയം ശരിയായി. കുഴിച്ചിട്ട നിലയിൽ ബിന്ദുകുമാറിന്‍റെ മൃതദേഹം കണ്ടെത്തി.

click me!