മുഖ്യമന്ത്രിയും സംഘവും നോര്‍വെയിലെത്തി, സ്വീകരിച്ച് ഇന്ത്യന്‍ സ്ഥാനപതി

By Web TeamFirst Published Oct 4, 2022, 10:20 PM IST
Highlights

മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനും മുഖ്യമന്ത്രിയ്ക്ക് ഒപ്പമുണ്ട്. നാളെ നോർവെ ഫിഷറീസ് മന്ത്രിയുമായി മുഖ്യമന്ത്രി ചർച്ച നടത്തും. 

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ യൂറോപ്യൻ സന്ദർശനത്തിന് തുടക്കം. ഇന്ന് വൈകിട്ടോടെ മുഖ്യമന്ത്രിയും സംഘവും നോർവെയിലെത്തി. നോർവെയിലെ ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ബാലഭാസ്കർ മുഖ്യമന്ത്രിയെ സ്വീകരിച്ചു. മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനും മുഖ്യമന്ത്രിയ്ക്ക് ഒപ്പമുണ്ട്. നാളെ നോർവെ ഫിഷറീസ് മന്ത്രിയുമായി മുഖ്യമന്ത്രി ചർച്ച നടത്തും. നോർവെയിലെ വ്യാപാര സമൂഹവുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. 

ഇന്ന് പുലർച്ചെ 3. 55 നുള്ള വിമാനത്തിൽ കൊച്ചിയില്‍ നിന്നാണ് മുഖ്യമന്ത്രിയും സംഘവും യാത്ര തിരിച്ചത്. നോർവേയിൽ നിന്നും യുകെ, ഫിൻലൻഡ് എന്നീ രാജ്യങ്ങളിലേക്ക് മുഖ്യമന്ത്രിയും സംഘവും സഞ്ചരിക്കും. വിദ്യാഭ്യാസം , ആരോഗ്യം , ടൂറിസം തുടങ്ങിയ മേഖലകളിലെ മാതൃകകൾ പഠിക്കുകയും ഈ രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുകയുമാണ് സന്ദർശന ലക്ഷ്യം. നേരത്തെ നിശ്ചയിച്ചതനുസരിച്ച് ഈ മാസം 12 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനം. രണ്ട് ദിവസം മുൻപ് യാത്ര പുറപ്പെടാനായിരുന്നു നിശ്ചയിച്ചതെങ്കിലും സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണൻ്റെ അപ്രതീക്ഷിത വിയോഗത്തെ തുട‍ര്‍ന്ന് യാത്ര അവസാനനിമിഷം മാറ്റിവയ്ക്കുകയായിരുന്നു.

അതേസമയം മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ യാത്രയെ കുറിച്ച് ഔദ്യോഗികമായി അറിയിക്കാത്തതിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അതൃപ്തിയുണ്ട്. സാധാരണ മുഖ്യമന്ത്രിമാ‍ര്‍ വിദേശത്തേക്ക് പോകുമ്പോൾ രാജ്ഭവനിലെത്തി ഗവര്‍ണറെ അക്കാര്യം അറിയിക്കുകയോ രേഖാമൂലം യാത്രയുടെ വിശദാംശങ്ങൾ കൈമാറുകയോ ചെയ്യുന്ന പതിവുണ്ട്. എന്നാൽ രാജ്ഭവന് വിവരം നൽകാതെയാണ് ഇക്കുറി മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പ് യാത്രയ്ക്ക് പോയത് എന്നാണ് രാജ്ഭവൻ്റെ പരാതി. ഇന്നലെ കണ്ണൂരില്‍ കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അർപ്പിക്കാനെത്തിയപ്പോഴാണ് യാത്രാവിവരം മുഖ്യമന്ത്രി ഗവർണറോട് പറഞ്ഞതെന്നാണ് രാജ്ഭവൻ വൃത്തങ്ങൾ അറിയിക്കുന്നത്. 

click me!