അഭിമന്യുവിന്‍റെ കൊലപാതകം നടന്നിട്ട് ഇന്ന് രണ്ടു വർഷം; കേസ് വിചാരണ നടപടിയിൽ

By Web TeamFirst Published Jul 2, 2020, 8:11 AM IST
Highlights

മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്‍റെ കൊലപാതകം നടന്നിട്ട് ഇന്ന് രണ്ടു വർഷം

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്‍റെ കൊലപാതകം നടന്നിട്ട് ഇന്ന് രണ്ടു വർഷം. സംഭവത്തിലെ മുഖ്യപ്രതി കഴിഞ്ഞ ദിവസം കീഴടങ്ങിയെങ്കിലും കുത്താനുപയോഗിച്ച കത്തി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേസ് വിചാരണ നടപടിയിലാണിപ്പോൾ.

മഹാരാജാസിന്റെ ഇടനാഴികളിൽ  മുഴങ്ങിക്കേട്ടിരുന്ന, എല്ലാവരുടെയും പ്രിയപ്പെട്ട  ശബ്ദം നിലച്ചിട്ട് രണ്ടു വർഷം. 2018 ജൂലെ രണ്ടിന് പുലർച്ചെയാണ് രണ്ടാം വർഷ കെമിസ്ട്രി വിദ്യാത്ഥിയായിരുന്ന അഭിമന്യു കോളേജിന് പിൻഭാഗത്തെ റോഡിന് സമീപം കുത്തേറ്റ് വീണത്. നവാഗതരെ സ്വാഗതം ചെയ്യുന്ന എസ്എഫ് ഐയുടെ ചുവരെഴുത്ത് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ മായ്ച്ചുകളഞ്ഞതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയിലായിരുന്നു കൊലപാതകം. അഭിമനന്യുവിനൊപ്പം അർ‍ജ്ജുൻ, വിനീത് എന്നീ എഫ്എഫ്ഐ പ്രവർത്തകർക്കും കുത്തേറ്റു.

വ‌ർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ക്യാമ്പസിൽ ഒരു വിദ്യാത്ഥി, രാഷ്ട്രീയ സംഘർഷത്തിൽ കൊല്ലപ്പെട്ടത് വിലയ കോളിളക്കം ഉണ്ടാക്കി. കേസിൽ ക്യമ്പസ് ഫ്രണ്ട് എസ്ഡിപിഐ പ്രവർത്തകരായ 16 പേരെ പ്രതികളാക്കി 2018 സെപ്റ്റംബറിൽ പൊലീസ് കുറ്റപത്രം നൽകി. അഭിമന്യുവിനെ കുത്തിവീഴ്ത്തിയ സഹൽ കഴിഞ്ഞ ദിവസമാണ് കോടതിയിൽ ഹാജരായത്. 

കുത്താനുപയോഗിച്ച കത്തി കായലിൽ വലിച്ചെറിഞ്ഞെന്നാണ് സഹൽ പറഞ്ഞത്. വെണ്ടുരുത്തി പാലത്തിനു സമീപം കായലിൽ ഫയർ ഫോഴ്സിൻറെ സ്കൂബ ടീമിൻറെ സഹായത്തോടെ മുങ്ങിത്തപ്പിയെങ്കിലും കത്തി കണ്ടെത്താനായില്ല. കേസിൽ അർജ്ജുൻ, വിനീത് എന്നിവരെ കുത്തി പരുക്കേൽപ്പിച്ച 12 ആം പ്രതി അരൂക്കുറ്റിയിലെ മുഹമ്മദ് ഷഹീം ഇപ്പോഴും ഒളിവിലാണ്.

click me!