
കായംകുളം: മുസ്ലിം ലീഗ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ വിതുമ്പി കായംകുളം എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭ. ഇടതുപക്ഷമടക്കം സ്ത്രീകളെ രാഷ്ട്രീയ രംഗത്തേക്ക് കൊണ്ടുവരുമ്പോൾ ഇത്തരത്തിലുള്ള പ്രതിലോമ പ്രവർത്തനങ്ങൾ വരാനിരിക്കുന്ന പുതിയ തലമുറക്കൊക്കെ വിഷമം വരുമെന്നും പ്രതിഭ പറഞ്ഞു. സ്ത്രീകൾ ശക്തരാണെങ്കിലും അവരെ ഡീമോറലൈസ് ചെയ്യുക എന്നതാണ് ചില നീചമായ ശക്തികളുടെ ലക്ഷ്യമെന്നും പ്രതിഭ പറഞ്ഞു. അപമാനിച്ചാൽ പിന്തിരിയുമെന്നാണ് ഇത്തരക്കാർ കരുതുന്നത്. കായംകുളം ഹൃദയത്തിലേറ്റിയതാണ് ഞങ്ങളെ. കുടുംബത്തെ, വ്യക്തിയെ ഒക്കെ ഇയാൾ അധിക്ഷേപിക്കുകയായിരുന്നുവെന്നും പ്രതിഭ പറഞ്ഞു. ലീഗ് നേതാവിന്റേത് സ്ത്രീപീഡനമാണെന്നും കുറ്റകൃത്യമാണെന്നും മാപ്പ് അപേക്ഷിച്ച് രക്ഷപ്പെടാനാകില്ലെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു.
കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശവുമായി യുഡിഎഫ് നേതാവ് രംഗത്തെത്തിയത് വിവാദമായിരുന്നു. വികസന പ്രവർത്തനങ്ങൾ ഒന്നും ചെയ്യാതെ വാക്ചാചതുര്യം കൊണ്ടും ശരീര അഴക് കൊണ്ടും വീണ്ടും തെരഞ്ഞെടുപ്പിലേക്ക് വരികയാണ് എന്നാണ് യുഡിഎഫ് മണ്ഡലം കൺവീനറും ലീഗ് നേതാവുമായ ഇർഷാദ് ചക്കാലശ്ശേരിയുടെ പരാമർശം. ഇന്നലെ കായംകുളത്ത് വെച്ച് നടന്ന യുഡിഎഫ് കൺവെൻഷനിലായിരുന്നു സ്ത്രീവിരുദ്ധ പരാമർശം.
വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ യു പ്രതിഭ എംഎൽഎ ആയിരുന്നപ്പോള്‍ ചെയ്തില്ല, കഴിഞ്ഞ പത്ത് വര്‍ഷമായി ഒരു വിധത്തിലുള്ള വികസനപ്രവര്‍ത്തനവും ചെയ്തിട്ടില്ല. വാക് ചാതുരിയും ശരീരത്തിന്‍റെ അഴകും വിൽപനയ്ക്ക് വെച്ചുകൊണ്ട് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുകയാണ് എന്നുള്ള ഗുരുതരമായ സ്ത്രീ വിരുദ്ധ പരാമര്‍ശമാണ് ഇദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായത്. പരാമര്‍ശത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയരുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam