യുഎപിഎ കേസ്: അലന്‍റെയും താഹയുടെയും ജാമ്യാപേക്ഷ മാറ്റി, 30 വരെ റിമാൻഡില്‍

By Web TeamFirst Published Nov 18, 2019, 11:32 AM IST
Highlights

പ്രോസിക്യൂഷൻ പൊലീസ് കസ്റ്റഡി ആവശ്യപ്പെടാതിരുന്നതിനെ തുടര്‍ന്നാണ് റിമാൻഡ്. ഇരുവരെയും കോഴിക്കോട് ജില്ലാ ജയിലിലേക്കായിരിക്കും അയക്കുക.

കോഴിക്കോട്: പന്തീരാങ്കാവില്‍ മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി മറ്റന്നാളത്തേക്ക് മാറ്റി. കേസ് ഡയറി പരിശോധിച്ചശേഷം ജാമ്യാപേക്ഷ പരിശോധിക്കാമെന്ന് കോടതി അറിയിച്ചു. അതേസമയം, അലനെയും താഹയെയും വീണ്ടും റിമാൻഡ് ചെയ്തു. ഈ മാസം 30വരെയാണ്  ഇരുവരെയും റിമാൻഡ് ചെയ്തത്. പ്രോസിക്യൂഷൻ പൊലീസ് കസ്റ്റഡി ആവശ്യപ്പെടാതിരുന്നതിനെ തുടര്‍ന്നാണ് റിമാൻഡ്. ഇരുവരെയും കോഴിക്കോട് ജില്ലാ ജയിലിലേക്കായിരിക്കും അയക്കുക.

യുഎപിഎ കേസിലെ മൂന്നാമന് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. അലന്‍റെയും താഹയെയും അറസ്റ്റ് ചെയ്യുന്ന സമയത്ത് ഒപ്പമുണ്ടായിരുന്നത് മലപ്പുറം സ്വദേശിയായ ഉസ്മാന്‍ ആണെന്നാണ് പൊലീസ് പറയുന്നത്. നിരവധി കേസുകളിലെ പ്രതിയാണ് ഉസ്മാനെന്നും പൊലീസ് വ്യക്തമാക്കി. ഇയാൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു. പെരിന്തൽമണ്ണ ഡിവൈഎസ്‍പിക്ക് കീഴിൽ ഉസ്മാനെതിരെ യുഎപിഎ കേസുമുണ്ട്.

അലനെയും താഹയെയും അറസ്റ്റ് ചെയ്യുന്ന സമയത്ത് മൂന്നാമന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഓടി രക്ഷപ്പെടുന്നതിനിടെ ഇയാളുടെ ബാഗ് പൊലീസിന് ലഭിച്ചിരുന്നു. ഈ ബാഗിൽ നിന്നുമാണ് മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്ന പോസ്റ്ററുകളും ലഘുലേഖകളും ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് ഉസ്മാനെ തിരിച്ചറിഞ്ഞത്.

click me!