
കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത അലനും താഹയും ഇന്ന് ഹൈക്കോടതിയില്‍ ജാമ്യ ഹർജി നല്‍കും. ജാമ്യാപേക്ഷ തള്ളിയ കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിവിധി ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിക്കുന്നത്. പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് കീഴ്കോടതി ഉത്തരവില്‍ പറയുന്നുണ്ട്. അതേസമയം കേസ് കെട്ടിചമച്ചതാണന്നാണ് ഹർജിക്കാരുടെ വാദം.
അതേസമയം അലൻ ഷുഹൈബിനേയും താഹ ഫസലിനേയും കോഴിക്കോട് ജില്ലാ ജയിലിൽ നിന്ന് മാറ്റേണ്ട സാഹചര്യം നിലവിലില്ലെന്ന് ജയിൽ വകുപ്പ് വ്യക്തമാക്കിയിരുന്നു. സുരക്ഷ കണക്കിലെടുത്ത് ഇരുവരേയും വിയ്യൂരിലെ അതീവ സുരക്ഷ ജയിലേക്ക് മാറ്റണമെന്നായിരുന്നു ജയിൽ സൂപ്രണ്ടിന്‍റെ ആവശ്യം. എന്നാൽ നിലവിൽ സുരക്ഷാ പ്രശ്നങ്ങളില്ലെന്ന് വിലയിരുത്തിയാണ് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് ഈ ആവശ്യം തള്ളിയത്.
അലൻ ഷുഹൈബിനേയും താഹ ഫസലിനേയും കോഴിക്കോടുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ജയിൽ സൂപ്രണ്ട് ജയിൽ വകുപ്പിന് കത്ത് നൽകിയിരുന്നത്. ഇതാണ് ഡിജിപി ഋഷിരാജ് സിംഗ് തള്ളിയത്. കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്‍റെ അപേക്ഷയിൽ വിധി വന്ന ശേഷം ബാക്കി തീരുമാനങ്ങൾ എടുക്കാമെന്നും ജയിൽ വകുപ്പ് നിലപാടെടുത്തു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകുന്ന ഘട്ടം ഉണ്ടായാൽ ബാക്കി കാര്യം അപ്പോൾ പരിഗണിക്കാമെന്ന് വാക്കാൽ ഉറപ്പും കോഴിക്കോട് ജയിൽ സൂപ്രണ്ടിന് ജയിൽ വകുപ്പ് മേധാവി നൽകിയിട്ടുണ്ട്.
എന്നാല്‍ മഞ്ചിക്കണ്ടി വനമേഖലയിൽ നിന്ന് കണ്ടെടുത്ത ലഘുലേഖയും അലന്‍റെയും താഹയുടേയും വീട്ടിൽ വിന്ന് കണ്ടെടുത്ത ലഘുലേഖകളും തമ്മിൽ സാമ്യമുള്ളത് ഗൗരവമുള്ള സംഗതിയാണെന്നാണ് അന്വേഷണസംഘം പറയുന്നത്. അതുകൊണ്ട് തന്നെ അറസ്റ്റിലായവരെ കൊണ്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണസംഘം. കസ്റ്റഡിയിൽ വാങ്ങാനായി അന്വേഷണസംഘം അപേക്ഷ നൽകി. രക്ഷപ്പെട്ട മൂന്നാമനായി തെരച്ചിൽ ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച് യുഎപിഎ കേസ് സ്ഥാപിക്കാനാണ് പൊലീസ് ശ്രമം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam