
കോഴിക്കോട്: നരേന്ദ്രമോദി സര്‍ക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ മഹാ പ്രതിഷേധത്തിനാണ് കേരളത്തിന്‍റെ തെരുവോരങ്ങള്‍ സാക്ഷ്യം വഹിച്ചത്. കാസര്‍കോട് മുതല്‍ കളിയിക്കാവിളവരെ ഒരൊറ്റ ചങ്ങലയായി ഇടതുപക്ഷം പ്രതിഷേധം രേഖപ്പെടുത്തിയപ്പോള്‍ കോഴിക്കോട് ആ പ്രതിഷേധത്തിന്‍റെ ഭാഗമാകാന്‍ താഹയുടെ ഉമ്മയും എത്തി. ഇടതുപക്ഷ സര്‍ക്കാരിന്‍റെ കാലത്ത് യു എ പി എ പ്രകാരം മകന്‍ താഹ ഫസല്‍ ഇരുമ്പഴിക്കുള്ളില്‍ കഴിയുമ്പോഴും, ഇടതുപക്ഷത്തിന്‍റെ ചെങ്കൊടിക്ക് കീഴില്‍ പ്രതിഷേധ ചങ്ങലയാകാന്‍ ജമീല കരളുറപ്പോടെയെത്തിയത് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുകയാണ്.
അടിയുറച്ച പാര്‍ട്ടി വിശ്വാസമുള്ളതുകൊണ്ടാണ് ജമീല പ്രതിഷേധചങ്ങലയുടെ ഭാഗമായതെന്ന് പലരും ചൂണ്ടികാട്ടുന്നു. താഹയുടെ സഹോദരനും മനുഷ്യചങ്ങലയുടെ ഭാഗമായി അണിനിരന്നു. മാവോയിസ്റ്റ് ബന്ധത്തിന്‍റെ പേരിലാണ് പിണറായി സര്‍ക്കാര്‍ താഹ ഫസലിനെയും അലനെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി ജയിലിലടച്ചത്. സിപിഐ, കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം സിപിഎമ്മിലെ പല നേതാക്കളും രഹസ്യമായും പരസ്യമായും ഇവരുടെ മാവോയിസ്റ്റ് ബന്ധം എന്ന ആരോപണം തള്ളികളഞ്ഞിട്ടുണ്ട്.
സിപിഎം അംഗത്വം ഉണ്ടായിട്ടും മാവോയിസ്റ്റുകളാണെന്ന് പറയുന്നതിലെ ശരികേട് അനുഭാവികളും സോഷ്യല്‍ മീഡിയയില്‍ ചോദ്യം ചെയ്യുന്നുണ്ട്. താഹയുടെ ഉമ്മ ഇടതുപക്ഷത്തിന്‍റെ മനുഷ്യചങ്ങലയില്‍ അടിയുറച്ച് നിന്നതോടെ സോഷ്യല്‍ മീഡിയയിലടക്കം വിഷയം വീണ്ടും ചര്‍ച്ചയാകുമെന്നുറപ്പാണ്.
അതേസമയം സിപിഎം പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള കാസര്‍കോട് ആദ്യ കണ്ണിയും സിപിഎം പിബി അംഗം എം എ ബേബി അവസാനകണ്ണിയുമായ എല്‍ ഡി എഫ് മനുഷ്യ മഹാശൃംഖലയില്‍ വന്‍ ജനപങ്കാളിത്തമായിരുന്നു. പാളയത്തെ രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, എംവി ഗോവിന്ദൻ, സികെ നാണു തുടങ്ങിയ രാഷ്ട്രീയ നേതാക്കളും പാളയം ഇമാം അടക്കം മതസാമുദായിക പ്രതിനിധികളും അണിനിരന്നു.
സംവിധായകൻ കമൽ, ഭാഗ്യലക്ഷ്മി, സി എസ് ചന്ദ്രിക തുടങ്ങി ഒട്ടേറെ പേര്‍ പാളയത്ത് മനുഷ്യമഹാശൃംഖലക്കെത്തി. ഭാര്യ കമലയ്ക്കും മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം കുടുംബ സമേതമാണ് പിണറായി വിജയൻ പ്രതിഷേധത്തിനെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam