ശബരിമല വിഷയത്തിൽ ബിജെപിയും യുഡിഎഫും വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചു: സീതാറാം യെച്ചൂരി

By Web TeamFirst Published Jun 10, 2019, 5:11 PM IST
Highlights

വിശ്വാസികളായ അനുഭാവികളെ തിരിച്ചെത്തിക്കാൻ ശ്രമിക്കും, ബിജെപിക്കും തൃണമൂലിനുമെതിരെ ധാരണയുണ്ടാക്കാൻ കോൺഗ്രസ് ബംഗാളിൽ തയ്യാറായില്ലെന്നും യെച്ചൂരി. 

ദില്ലി: ശബരിമല വിഷയത്തിൽ ബിജെപിയും യുഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിശ്വാസികളായ അനുഭാവികളെ തിരിച്ചെത്തിക്കാൻ ശ്രമിക്കുമെന്നും യെച്ചൂരി വിശദമാക്കി. ബിജെപിക്കും തൃണമൂലിനുമെതിരെ ധാരണയുണ്ടാക്കാൻ കോൺഗ്രസ് ബംഗാളിൽ തയ്യാറായില്ലെന്നും യെച്ചൂരി വ്യക്തമാക്കി. പാർട്ടിയുടെ കരുത്തും സ്വാധീനവും ദുർബലമാകുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി നിരീക്ഷിച്ചു. 

ശബരിമല പ്രശ്നത്തിൽ അകന്നുപോയ വിശ്വാസികളുടെ പിന്തുണ തിരിച്ചുപിടിക്കാൻ കേരള ഘടകത്തോട് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാര്‍ടിയെ ശക്തിപ്പെടുത്താൻ 11 ഇന കര്‍മ്മ പരിപാടിക്കും കേന്ദ്ര കമ്മിറ്റി രൂപം നൽകി. 2015ൽ കൊൽക്കത്ത പ്ളീനം അംഗീകരിച്ച തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ സംസ്ഥാന ഘടകങ്ങൾ വീഴ്ച വരുത്തിയെന്ന് കേന്ദ്ര കമ്മിറ്റിയിൽ വിമര്‍ശനം ഉയര്‍ന്നു.

ന്യൂനപക്ഷ വിഭാഗങ്ങളുടെയും വിശ്വാസികളുടെയും പിന്തുണ നഷ്ടമായതാണ് കേരളത്തിലെ തിരിച്ചടിക്ക് കാരണമെന്ന് കേന്ദ്ര കമ്മിറ്റി വിലയിരുത്തി. ശബരിമല വിഷയത്തിൽ വിശ്വാസികളുടെ വോട്ട് ചോര്‍ന്നു. അത് തിരിച്ചുപിടിക്കാനുള്ള മാര്‍ഗ്ഗങ്ങൾ സംസ്ഥാന ഘടകം കണ്ടെത്തണമെന്ന് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചു. ശബരിമല വിഷയത്തിൽ പാര്‍ടി സ്വീകരിച്ച നിലപാട് എന്തുകൊണ്ടെന്ന് ബോധ്യപ്പെടുത്തി വിശ്വാസികളെ തിരിച്ചുകൊണ്ടുവരണം. വരാനിരിക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പുകളിൽ അത് പ്രതിഫലിക്കണം. കേരളത്തിനൊപ്പം പശ്ചിമബംഗാളിലും തൃപുരയിലും ഉണ്ടായ തിരിച്ചടികൾ മറികടക്കാൻ 11 ഇന കര്‍മ്മ പരിപാടിക്കും കേന്ദ്ര കമ്മിറ്റി രൂപം നൽകി. 

പാര്‍ട്ടി അടിത്തറ ശക്തമാക്കുകയാണ് പ്രധാന ലക്ഷ്യം. ഇടത് ഐക്യം, ബി.ജെ.പിക്കെതിരെ മതേതര കൂട്ടായ്മ എന്നിവ ഉൾപ്പെടുന്നതാണ് കര്‍മ്മ പരിപാടി. പശ്ചിമബംഗാളിലും തൃപുരയിലും പാര്‍ടി മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ട സാഹര്യത്തെ മറികടക്കുക വലിയ വെല്ലുവിളിയാണ്. ജനകീയ മുന്നേറ്റങ്ങൾ ശക്തിപ്പെടുത്തി ബംഗാളിലും തൃപുരയിലും പാര്‍ടിയെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കും. 

പാര്‍ടിയെ ശക്തിപ്പെടുത്താൻ 2015ൽ കൊൽക്കത്ത പ്ളീനം അംഗീകരിച്ച തീരുമാനങ്ങൾ പല സംസ്ഥാന ഘടകങ്ങളും നടപ്പാക്കിയിട്ടില്ല. ഇക്കാര്യത്തിൽ സംസ്ഥാന ഘടകങ്ങളുടെ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം നൽകാൻ കേന്ദ്ര കമ്മിറ്റി നിര്‍ദ്ദേശിച്ചു. അതിന് ശേഷം ആവശ്യമെങ്കിൽ വിപുലീകൃത കേന്ദ്ര കമ്മിറ്റിയോ, പ്ളീനമോ വിളിക്കും.  

click me!