സഹതാപ വോട്ടല്ല, റെക്കോർഡ് ഭൂരിപക്ഷം, ഉമ്മൻ ചാണ്ടിയുടെ മകനെ ചേർത്ത് പിടിച്ച് പുതുപ്പള്ളി

Published : May 04, 2026, 01:41 PM IST
 Chandy Oommen

Synopsis

ലാളിത്യത്തിലൂടെയും, വ്യത്യസ്തമായ പ്രതികരണങ്ങളിലൂടെയും ജനശ്രദ്ധയും മാധ്യമ ശ്രദ്ധയും ഒരുപോലെ നേടി അമ്പരപ്പിച്ചു യുവനേതാവ്. ഉമ്മൻ ചാണ്ടിയെ ചേർത്തുപിടിച്ചതുപോലെ മകൻ ചാണ്ടി ഉമ്മനെയും പുതുപ്പള്ളി ചേർത്തുപിടിക്കുന്ന കാഴ്ചയാണ് തുടക്കം മുതല്‍ കണ്ടത്.

കോട്ടയം: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് തകർപ്പൻ വിജയം. 52907 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ചാണ്ടി ഉമ്മൻ വിജയിച്ചത്. ചാണ്ടി ഉമ്മൻ 84031 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി കെഎം രാധാകൃഷ്ണൻ 31124 വോട്ടുകളും, എൻഡിഎ സ്ഥാനാര്‍ഥി രവീന്ദ്രനാഥ് വാകത്താനം 11544 വോട്ടുകളും നേടി.

ഈ തെരഞ്ഞെടുപ്പിൽ കണ്ടത് ചാണ്ടി ഉമ്മന്റെ പുതിയൊരു മുഖമായിരുന്നു, ലാളിത്യത്തിലൂടെയും, വ്യത്യസ്തമായ പ്രതികരണങ്ങളിലൂടെയും ജനശ്രദ്ധയും മാധ്യമശ്രദ്ധയും ഒരുപോലെ നേടി അമ്പരപ്പിച്ചു യുവനേതാവ്. ഉമ്മൻ ചാണ്ടിയെ ചേർത്തുപിടിച്ചതുപോലെ മകൻ ചാണ്ടി ഉമ്മനെയും പുതുപ്പള്ളി ചേർത്തുപിടിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. തുടക്കം മുതൽ തന്നെ മികച്ച ലീഡ്. ഒടുവിൽ വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ മിന്നുന്ന ജയം.

അരനൂറ്റാണ്ടുകാലം ഉമ്മൻ ചാണ്ടി എന്ന ഒരേയൊരു നേതാവിനെ മാത്രം നിയമസഭയിലേക്ക് എത്തിച്ച ചരിത്രമുള്ള മണ്ഡലമാണ് പുതുപ്പള്ളി. ജനങ്ങളിലേയ്ക്ക് ഇറങ്ങി, വികസനത്തുടര്‍ച്ചയ്ക്ക് പ്രാധാന്യം നൽകുന്നവര്‍ക്കൊപ്പം നിൽക്കുന്ന വികാര പ്രകടനമാണ് പുതുപ്പള്ളിയിലെ വോട്ടര്‍മാരിൽ നിന്ന് ഉണ്ടാകാറുള്ളത്. നേതാക്കൾ ജനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും അവരുടെ പ്രശ്നങ്ങൾ കേട്ട് പരിഹാരം കാണുകയും ചെയ്യണമെന്നാണ് വോട്ടര്‍മാരുടെ ആഗ്രഹം. ഉമ്മൻ ചാണ്ടി എന്ന നേതാവ് 53 വര്‍ഷത്തോളം പുതുപ്പള്ളി മണ്ഡലത്തിൽ വെച്ചുപുലര്‍ത്തിയ പ്രവര്‍ത്തന രീതിയാണിത്.

കേരള രാഷ്ട്രീയത്തിന്‍റെ ചരിത്രത്തിൽ ഒരു മണ്ഡലത്തിൽ നിന്ന് ഇത്രയധികം കാലം ജയിച്ച മറ്റൊരു നേതാവില്ല. 2006-ൽ സിപിഎമ്മിന്റെ സിന്ധു ജോയിക്ക് എതിരെ 20,000-ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ്മൻ ചാണ്ടി വിജയിച്ചത്. തുടര്‍ന്ന് 2011-ൽ എൽഡിഎഫ് സ്ഥാനാര്‍ഥി സുജ സൂസൻ ജോര്‍ജിനെ 33,255 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഉമ്മൻ ചാണ്ടി പരാജയപ്പെടുത്തി. ഇത് പുതുപ്പള്ളി മണ്ഡലത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷമായിരുന്നു. 2016-ൽ എൽഡിഎഫിന്റെ ജെയ്‌ക്ക് സി തോമസ് കളത്തിലിറങ്ങിയപ്പോഴും 27,092 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിൽ ഉമ്മൻ ചാണ്ടി വിജയിച്ചു. എന്നാല്‍ ജെയ്‌ക്കിനോട് 2021-ലെ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ നിന്ന് വിജയിച്ചത് 9044 വോട്ടിന്‍റെ മാത്രം ഭൂരിപക്ഷത്തിലായിരുന്നു

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് 2023-ൽ നടന്ന ഉപ തെരഞ്ഞെടുപ്പിൽ 37,000 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ മകന്‍ ചാണ്ടി ഉമ്മൻ പുതുപ്പള്ളിയില്‍ നിന്ന് വിജയിക്കുന്നത് കേരളം കണ്ടു. ഉമ്മന്‍ ചാണ്ടിക്ക് പിൻഗാമിയായി വന്ന ചാണ്ടി ഉമ്മനും മണ്ഡലത്തിൽ വ്യക്തമായ പ്രാതിനിധ്യം ഇപ്പോഴുണ്ട് എന്ന് തെളിയിക്കുന്ന തെരഞ്ഞെടുപ്പായി 2026-ലേത്. പോസ്റ്റർ ഉപയോഗിക്കാതെയും, സൈക്കിൾ ചവിട്ടിയെത്തി വോട്ട് അഭ്യർഥിക്കുന്ന എംഎൽഎ സ്ഥാനാർഥി വലിയ തോതിൽ മണ്ഡലത്തിൽ ചർച്ചക്ക് വഴിവെച്ചിരുന്നു. ഇതിന്‍റെ മികച്ച ഗുണം ഇത്തവണ ഫലം വന്നപ്പോള്‍ ചാണ്ടി ഉമ്മനുണ്ടായി.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

V Kunhikrishnan Payyanur: ഇത് ചരിത്രം... പയ്യന്നൂരിൽ സംഭവിച്ചതെന്ത്? ജനങ്ങളൊന്നാകെ ടിഐക്ക് എതിരോ?
കാസർകോട് കൈവിടാതെ ലീഗ്; ലീഡ് ഉയർത്തി കല്ലട്ര മാഹിൻ ഹാജിയുടെ വിജയം