ഗ്രൂപ്പ് പോര്; അരൂരിലെ സ്ഥാനാ‍ർഥി നിർണയം കോണ്‍ഗ്രസിന് തലവേദനയാകുന്നു

By Web TeamFirst Published Sep 24, 2019, 9:35 AM IST
Highlights

സീറ്റ് ഐ ഗ്രൂപ്പിന് ലഭിച്ചാൽ ഷാനിമോൾ ഉസ്മാൻ, എ എ ഷുക്കൂർ, എം ലിജു തുടങ്ങി നേതൃത്വത്തിന് പരിഗണിക്കാൻ പേരുകളുണ്ട്.

തിരുവനനന്തപുരം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ അരൂരിലെ സ്ഥാനാ‍ർഥി നിർണയം കോൺഗ്രസിന് തലവേദനയാകുന്നു. ഗ്രൂപ്പും സാമുദായിക സമവാക്യങ്ങളും പരിഗണിച്ചുള്ള അരൂരിലെ സ്ഥാനാ‍ർഥി നിർണയമാണ് കോൺഗ്രസിന് തലവേദനയാകുന്നത്. ഷാനിമോൾ ഉസ്മാന് പുറമെ നേതൃത്വം പരിഗണിച്ചിരുന്ന പലരും മത്സരിക്കാൻ തയ്യാറല്ലെന്ന നിലപാടിലാണ്. 

കോൺഗ്രസിലെ ഗ്രൂപ്പ് താൽപര്യങ്ങളിൽപ്പെട്ട് കോന്നിയിലും വട്ടിയൂർക്കാവിലും സ്ഥാനാർത്ഥി ചർച്ചകൾ പലവഴിയാണ്. ഇത് അരൂരിലെ ചർച്ചകളെയും ബാധിക്കുന്നു. സീറ്റ് ഐ ഗ്രൂപ്പിന് ലഭിച്ചാൽ ഷാനിമോൾ ഉസ്മാൻ, എ എ ഷുക്കൂർ, എം ലിജു തുടങ്ങി നേതൃത്വത്തിന് പരിഗണിക്കാൻ പേരുകളുണ്ട്. എന്നാൽ എ ഗ്രൂപ്പ് തന്നെ സീറ്റ് നിലനിർത്തിയാൽ സ്ഥാനാർത്ഥിയെ കണ്ടെത്തുക പ്രയാസമാണ്. മുൻമന്ത്രി കെ. ബാബു അടക്കം മത്സരത്തിനില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. പ്രാദേശിക നേതാക്കളായ ചിലരെ പരിഗണിക്കുമ്പോഴും മണ്ഡലത്തിലെ സാമുദായിക ഘടകങ്ങൾ അത്ര അനുകൂലമല്ല.

അതേസമയം വെള്ളാപ്പള്ളിയെ ഒപ്പം നിർത്തിയുള്ള സ്ഥാനാർത്ഥി നിർണയമാണ് സിപിഎം ഉദ്ദേശിക്കുന്നത്. സംസ്ഥാന കമ്മിറ്റി അംഗം സിബി ചന്ദ്രബാബുവിന്‍റെ പേരിനാണ് സിപിഎമ്മിൽ മുൻതൂക്കം. എന്നാൽ വെള്ളാപ്പള്ളിയുടെ താത്പര്യം കോന്നിയിൽ നടപ്പാക്കി, അരൂരിൽ മനു സി പുളിക്കൽ, പിപി ചിത്തരഞ്ജൻ തുടങ്ങിയ പേരുകളിലേക്ക് നീങ്ങാനും സിപിഎം ആലോചിക്കുന്നു. 

നാളെ ചേർത്തലയിൽ ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിനു ശേഷം ബിഡിജെഎസ് സ്ഥാർത്ഥിയെ തുഷാ‍ർ വെള്ളാപ്പള്ളി പ്രഖ്യാപിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അരൂരിൽ മത്സരിച്ച ടി. അനിയപ്പന് തന്നെയാണ് സാധ്യത.
 

click me!