
കോവളം: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കോവളം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി എം വിൻസന്റിന് വിജയം. 32709) ഭൂരിപക്ഷം നേടിയാണ് വിൻസന്റ് വിജയിച്ചത്. 79661 വോട്ടുകളാണ് അദ്ദേഹം നേടിയത്. എൽഡിഎഫിന്റെ ഭഗത് റൂഫസ് 46952 വോട്ടും ബിജെപിയുടെ കോവളം ടി സുരേഷ് 25380 നേടി.
കോവളത്ത് ഇക്കുറി എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും തമ്മില്‍ വാശിയേറിയ പോരാട്ടം ദൃശ്യമായിരുന്നു. കഴിഞ്ഞ രണ്ട് തവണയും കോവളത്തെ തീരദേശം തുണച്ചത് കോൺഗ്രസ് നേതാവ് എം വിന്‍സന്‍റിനെയായിരുന്നു. ഇത്തവണ ഹാട്രിക് വിജയം ലക്ഷ്യമിട്ട് വിന്‍സന്‍റിനെ തന്നെ യുഡിഎഫ് കളത്തിലിറക്കി. മുന്നണികൾ വിട്ടുവന്ന സ്ഥാനാർഥികളായിരുന്നു ഇത്തവണ എല്‍ഡിഎഫിലും എൻഡിഎയിലുമെന്ന കൗതുകവുമുണ്ടായിരുന്നു. സഖ്യകക്ഷിയായ അർ.ജെ.ഡി വിട്ട് ഐ.എസ്.ജെ.ഡിയിൽ ചേർന്ന ഭഗത് റൂഫസിനെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയാക്കിയപ്പോള്‍ ഐ.എസ്.ജെ.ഡിയിൽ നിന്നും കൂടുമാറിയെത്തിയ ടി.എൻ സുരേഷായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി. കോവളം സീറ്റിനെ ചൊല്ലി അർ.ജെ.ഡിയും, ഐ.എസ്.ജെ.ഡിയും തമ്മില്‍ സീറ്റ് തർക്കം രൂക്ഷമായതോടെയാണ് സ്വതന്ത്ര സ്ഥാനാർഥി പരീക്ഷണത്തിലേക്ക് സിപിഎം കടന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് ഇടതിന് നഷ്‌ടമായ ഒരേയൊരു മണ്ഡലം കൂടിയാണ് കോവളം. തീരദേശ കാറ്റ് സിറ്റിംഗ് എംഎല്‍എ എം വിൻസന്‍റിന് അനുകൂലമായി വീണ്ടുമടിച്ചാൽ ഹാട്രിക്ക് വിജയം സുനിശ്ചിതം.
മണ്ഡലത്തിലെ നിർണ്ണായക വോട്ട് ബാങ്ക്
സാമുദായിക സമവാക്യങ്ങളും സാമൂഹിക ചലനങ്ങളും വ്യക്തമായി കോവളത്തുണ്ട്. ലത്തീൻ കത്തോലിക്കാ വോട്ടുകളും, മുസ്ലീം വോട്ടർമാരും മണ്ഡലത്തില്‍ ഗണ്യമായ ഭാഗമാണ്. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് തീരദേശ മേഖലകളിലെ പ്രശ്‌നങ്ങളിൽ ലത്തീൻ കത്തോലിക്ക സഭ വ്യക്തമായ രാഷ്ട്രീയ നിലപാട് കൈക്കൊണ്ടിരുന്നു എന്നത് നിർണ്ണായകമാണ്.
2021-ലെ തെരഞ്ഞെടുപ്പ് ഫലം
2021-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ യുഡിഎഫ് സ്ഥാനാർഥി എം. വിൻസെന്‍റ് 74,868 വോട്ടുകൾ നേടി കോവളം മണ്ഡലത്തില്‍ വിജയിക്കുകയായിരുന്നു. 11,562 വോട്ടുകളായിരുന്നു വിന്‍സെന്‍റിന്‍റെ ഭൂരിപക്ഷം. പ്രധാന എതിരാളിയായിരുന്ന ജെ.ഡി.എസിലെ നീലലോഹിതദാസൻ നാടാര്‍ 63,306 വോട്ടുകള്‍ നേടി. മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്‌ത എന്‍ഡിഎ സ്ഥാനാർഥി വിഷ്‌ണുപുരം ചന്ദ്രശേഖരൻ 18,664 വോട്ടുകളാണ് കഴിഞ്ഞവട്ടം പേരിലാക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam