കേരള സ്റ്റേറ്റ് ഐ.ടി മിഷനും എറണാകുളം ജില്ലാ ഭരണകൂടവും ചേർന്ന് 'AI-ERA' പദ്ധതിക്ക് തുടക്കം കുറിക്കുന്നു.
കൊച്ചി : കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെയും എറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തിൽ നൂതന പദ്ധതി ആരംഭിക്കുന്നു. AI-ERA (Ernakulam Revolutionising Administration) എന്ന പേരിൽ കേരളത്തിലെ ആദ്യ എഐ സാക്ഷര സർക്കാർ ജില്ല എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് കാക്കനാട് ഇൻഫോപാർക്കിലെ പാർക്ക് സെന്റർ ഹാളിൽ നടക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി, വിവിധ വകുപ്പു മേധാവികൾ, മുതിർന്ന ഉദ്യോഗസ്ഥർ, കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ പ്രതിനിധികൾ, മറ്റ് വിശിഷ്ടാതിഥികൾ പങ്കെടുക്കും.
സർക്കാർ ഉദ്യോഗസ്ഥരിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംബന്ധിച്ച അടിസ്ഥാന അറിവും പ്രായോഗിക വൈദഗ്ധ്യവും വളർത്തി, ഭരണനിർവഹണത്തിൽ സാങ്കേതികവിദ്യയുടെ ഉത്തരവാദിത്വപരവും സുരക്ഷിതവും ഫലപ്രദവുമായ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് AI-ERA (Ernakulam Revolutionising Administration) പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിലൂടെ ഭരണകാര്യക്ഷമത വർധിപ്പിക്കാനും പൊതുസേവനങ്ങൾ കൂടുതൽ വേഗത്തിലും ഗുണമേന്മയോടെയും ജനങ്ങളിലെത്തിക്കാനുമാണ് ഉദ്ദേശിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി എറണാകുളം കളക്ടറേറ്റിൽ പ്രത്യേക എഐ സ്റ്റുഡിയോ (AI Studio) സ്ഥാപിക്കും. ജില്ലയിലെ വിവിധ സർക്കാർ ഉദ്യോഗസ്ഥർക്കായി വർഷം മുഴുവൻ അടിസ്ഥാനതലത്തിൽ നിന്ന് അത്യാധുനിക AI ടൂളുകൾ വരെയുള്ള പരിശീലനങ്ങൾ ഇവിടെ സംഘടിപ്പിക്കും. പ്രോംപ്റ്റ് എൻജിനീയറിംഗ്, ഡാറ്റാ വിശകലനം, സൈബർ സുരക്ഷ, ഭരണതലത്തിലുള്ള എ ഐ യുടെ ഉപയോഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയാണ് ലക്ഷ്യം.
സർക്കാർ ഭരണസംവിധാനത്തെ എ ഐ അധിഷ്ഠിത സംവിധാനമാക്കി മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പാണ് AI-ERA. സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ കാര്യക്ഷമവും സുതാര്യവും ജനകീയവുമായ ഭരണസംവിധാനം സൃഷ്ടിക്കുന്നതിൽ എറണാകുളം ജില്ല സംസ്ഥാനത്തിന് മാതൃകയാകുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടം ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.


