
തിരുവനന്തപുരം: വാമനപുരം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി സുധീർഷാ പാലോടിന് മിന്നും ജയം. 12185 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ആകെ പോള്‍ ചെയ്‌ത വോട്ടുകളില്‍ 73590 വോട്ടുകള്‍ ആണ് സുധീർഷ നേടിയത്. പ്രധാന എതിര്‍ സ്ഥാനാര്‍ഥികളായ എൽഡിഎഫ് സ്ഥാനാർത്ഥി മുരളീധരൻ നായർ 61405 വോട്ടുകളും എൻഡിഎയിലെ വേണു 12093 വോട്ടുകളും നേടി.
മണ്ഡലം രൂപീകരിച്ചതു മുതൽ 1970ൽ മാത്രമാണ് ഇനിടെ കോൺഗ്രസ് വിജയിച്ചത്. ഇടതുപക്ഷത്തിൻ്റെ കുത്തക മണ്ഡലം എന്നുതന്നെ വാമനപുരം നിയോജക മണ്ഡലത്തെ വിശേഷിപ്പിക്കാം. നെടുമങ്ങാട് താലൂക്കിലെ ആനാട്, കല്ലറ, നന്നിയോട്, നെല്ലനാട്, പനവൂർ, പാങ്ങോട്, പെരിങ്ങമ്മല, പുല്ലമ്പാറ, വാമനപുരം എന്നീ ഒൻപത് ഗ്രാമപഞ്ചായത്തുകൾ ചേർന്നതാണ് ഈ മണ്ഡലം.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ഡികെ മുരളി 73,137 വോട്ടുകൾ നേടിയാണ് മണ്ഡലത്തിൽ വിജയിച്ചിരുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ആനാട് ജയന് 62,895 വോട്ടുകൾ ലഭിച്ചപ്പോൾ, 10,242 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഡികെ മുരളിക്ക് ലഭിച്ചത്. ബിഡിജെഎസ് സ്ഥാനാർത്ഥി തഴവ സഹദേവൻ 5,603 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തുകയായിരുന്നു.
കഴിഞ്ഞ അഞ്ച് വർഷം നടത്തിയ വികസനപ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു ഡികെ മുരളി മണ്ഡലത്തിൽ വോട്ട് തേടിയത്. പിണറായി സർക്കാരിന്‍റെ വികസനപ്രവർത്തനങ്ങളും മുന്നണി മണ്ഡലത്തിൽ ഉയർത്തിക്കാട്ടുകയായിരുന്നു. സിപിഎം കോട്ട തകർക്കാൻ യുഡിഎഫ് മുഹമ്മദ് സുദീർഷയെയായിരുന്നു രംഗത്ത് ഇറക്കിയിരുന്നത്. വർഷങ്ങളായി സിപിഎം വിജയിച്ച് വരുന്ന മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന വാദമുയർത്തിയാണ് യുഡിഎഫ് പ്രചരണം നടന്നിരുന്നത്. ബിഡിജെഎസിനായി വേണുവായിരുന്നു മത്സരിച്ചിരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam