
ഇരിങ്ങാലക്കുട : 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന് വിജയം. 10212 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. തോമസ് ഉണ്ണിയാടൻ 66282 വോട്ടുകളാണ് നേടിയത്. അതേസമയം, മുൻ മന്ത്രി കൂടിയായിരുന്ന ഡോ. ആർ. ബിന്ദു 56070 വോട്ടാണ് നേടിയത്. എൻഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറകുളം 27167 വോട്ടുകളും നേടി. വിവിധ മണ്ഡലങ്ങളില്‍ മന്ത്രിമാരടക്കം ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ കാണാൻ സാധിച്ചത്. ആർ. ബിന്ദുവിന്റെ കാര്യവും മറിച്ചായിരുന്നില്ല.
തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട നഗരസഭയും മുകുന്ദപുരം താലൂക്കിലെ ആളൂർ, കാറളം, കാട്ടൂർ മുരിയാട്, പടിയൂർ, പൂമംഗലം, വേളൂക്കര എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ഇരിങ്ങാലക്കുട നിയമസഭാമണ്ഡലം. ഇരിങ്ങാലക്കുട മണ്ഡലത്തിന് കടുത്ത മത്സരബുദ്ധിയുള്ള രാഷ്ട്രീയ ചരിത്രമാണുള്ളത്. വികസനവും ആരോപണങ്ങളും ചർച്ചയാക്കിയ തെരഞ്ഞെടുപ്പ് പ്രചാരണമാണ് നടന്നത്. ഇരിങ്ങാലക്കുട മണ്ഡലത്തിലെ ആദ്യ വനിതാപ്രതിനിധിയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ആര്‍ ബിന്ദു വീണ്ടും അങ്കത്തിനിറങ്ങിപ്പോൾ സംസ്ഥാനം ഉറ്റുനോക്കുന്ന പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്.
2021- ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം
2021- ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കൂടിയായ ഡോ. ആർ. ബിന്ദു (സിപിഎം) വലിയ വിജയം നേടുകയായിരുന്നു. 62,493 വോട്ടുകൾ (40.27%) നേടിയാണ് ബിന്ദു മണ്ഡലം നിലനിർത്തിയത്. യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച അഡ്വ. തോമസ് ഉണ്ണിയാടന് (കേരള കോൺഗ്രസ് ജേക്കബ്) 56,544 വോട്ടുകൾ ലഭിച്ചു. ബിജെപി സ്ഥാനാർത്ഥി മുൻ ഡിജിപി ഡോ. ജേക്കബ് തോമസ് 34,329 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. യുഡിഎഫും എൻഡിഎയും വലിയ വോട്ട് വിഹിതം പിടിച്ചെങ്കിലും ഭൂരിപക്ഷം ഉയർത്തിക്കൊണ്ട് എൽഡിഎഫ് മണ്ഡലം നിലനിർത്തി.
പഞ്ചായത്തുകൾ എൽഡിഎഫിനൊപ്പം
മണ്ഡലത്തിൽ ഇരിങ്ങാലക്കുട നഗരസഭയും ആളൂർ പഞ്ചായത്തും മാത്രമാണ് യുഡിഎഫിനൊപ്പമുള്ളത്. കാറളം, കാട്ടൂർ, മുരിയാട്, പടിയൂർ, പൂമംഗലം, വെള്ളൂക്കര പഞ്ചായത്തുകൾ എൽഡിഎഫിനൊപ്പമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam