
കോഴിക്കോട്: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് മന്ത്രി മുഹമ്മദ് റിയാസിനെതിരെ യുഡിഎഫ് പരാതി. കോഴിക്കോട് രാജ്യാന്തര സ്റ്റേഡിയം നിർമ്മിക്കും എന്ന റിയാസിന്റെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമെന്നാണ് ആരോപണം. ഇന്നലെ കോഴിക്കോട്ട് ആയിരുന്നു സ്റ്റേഡിയം നിർമ്മാണം സംബന്ധിച്ച റിയാസിന്റെ പ്രസംഗം. തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ക്യാമറമാൻ ഇവിടെ ദൃശ്യങ്ങൾ പകര്‍ത്തുന്നുണ്ടായിരുന്നു. എന്നാൽ മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ വേദിയിലുണ്ടായിരുന്ന കോഴിക്കോട് മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എളമരം കരീം ക്യാമറമാനെ വേദിക്ക് പിന്നിലേക്ക് വിളിച്ചുകൊണ്ടുപോയത് ഇത് സംബന്ധിച്ച ദൃശ്യങ്ങൾ മായ്ക്കാനെന്നാണ് ആരോപണം.
നേരത്തെ തീരുമാനിച്ച കാര്യമെന്നാണ് സ്റ്റേഡിയം നിര്‍മ്മാണത്തെ കുറിച്ച് റിയാസ് പ്രസംഗത്തിൽ പറഞ്ഞത്. കോഴിക്കോട് നഗരത്തിലെ സ്റ്റേഡിയം വികസിപ്പിക്കാൻ പരിമിതിയുണ്ടെന്നും അതിനാൽ അന്താരാഷ്ട്ര നിലവാരത്തിൽ വലിയ മറ്റൊരു സ്റ്റേഡിയം നിര്‍മ്മിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നുമായിരുന്നു പ്രസംഗം. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയായിരുന്നു ഇത്. നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയുടെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ക്യാമറമാൻ ഉണ്ടായിരുന്നു.
മന്ത്രിയുടെ പ്രസംഗത്തിലെ പ്രഖ്യാപനത്തിന് പിന്നാലെയാണ് വേദിയിൽ ഉണ്ടായിരുന്ന എളമരം കരീം എഴുന്നേറ്റ് ക്യാമറമാന്റെ സമീപത്തേക്ക് പോയി. ഇവിടെ നിന്നും ഇദ്ദേഹത്തെ കൂട്ടി വേദിക്ക് പിന്നിലെ ഗ്രീൻ റൂമിലേക്ക് പോയി. മന്ത്രി റിയാസിന്റെ പ്രസംഗം കഴിയുന്നത് വരെ ഇവര്‍ ഗ്രീൻ റൂമിൽ തുടര്‍ന്നു. ബലമായി വീഡിയോ നശിപ്പിച്ചുവെന്നാണ് യുഡിഎഫിന്റെ ആരോപണം. പെരുമാറ്റ ചട്ട ലംഘനം തടയാൻ ശ്രമിച്ചുവെന്നാണ് ആരോപണം. എന്നാൽ ഇതൊരു പുതിയ പ്രഖ്യാപനം അല്ലെന്നും നേരത്തെ തന്നെ പ്രഖ്യാപിച്ച കാര്യമാണെന്നും പെരുമാറ്റ ചട്ടം ലംഘിച്ചിട്ടില്ലെന്നുമാണ് മന്ത്രിയുടെ വാദം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam