Fuel price| പ്രതിപക്ഷ എംഎല്‍എമാർ സൈക്കിള്‍ ചവിട്ടി നിയമസഭയിലേക്ക്, വേറിട്ട പ്രതിഷേധം ഇന്ധന നികുതിക്കെതിരെ

By Web TeamFirst Published Nov 11, 2021, 10:00 AM IST
Highlights

പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടേയുള്ള യുഡിഎഫ് എംഎൽഎമാർ സൈക്കിൾ ചവിട്ടിയാണ് നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം സഭയിലെത്തിയത്.

തിരുവനന്തപുരം: ഇന്ധന വില (Fuel price)വർധനവിൽ കേന്ദ്രസർക്കാരിനെതിരെയും ഇന്ധന നികുതി കുറക്കാത്ത സംസ്ഥാന സർക്കാരിനെതിരെയും വേറിട്ട പ്രതിഷേധവുമായി പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെയുള്ള യുഡിഎഫ് എംഎൽഎമാർ സൈക്കിൾ ചവിട്ടിയാണ് നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം സഭയിലെത്തിയത്. പാളയത്തെ എംഎൽഎ ഹോസ്റ്റലിൽ നിന്നും തുടങ്ങിയ പ്രതിഷേധ സൈക്കിൾ യാത്ര നിയമസഭ വരെ നീണ്ടു. കോൺഗ്രസിനൊപ്പം ഘടകകക്ഷികളുടെ പ്രതിനിധികളും പ്രതിഷേധ സൈക്കിൾ മാർച്ചിൽ പങ്കെടുത്തു. 

സംസ്ഥാനം നികുതി കുറക്കണമെന്ന ആവശ്യം നിയമസഭയിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ ശ്രമം. കോൺഗ്രസ് എംഎൽഎ  കെ ബാബു അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. നികുതി കുറക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ, മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകൾ നികുതി കുറക്കുന്നില്ലെന്ന് വാദം മുൻനിർത്തിയാണ് സിപിഎമ്മും ധനമന്ത്രിയും നേരത്തെ പ്രതിരോധിച്ചിരുന്നത്. എന്നാൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബും രാജസ്ഥാനും ഇതിനോടകം നികുതി കുറച്ചു. ഈ സാഹചര്യത്തിലാണ് യുഡിഎഫ് എംഎൽഎമാർ  സൈക്കിൾ  ചവിട്ടി പ്രതിഷേധവുമായി എത്തിയത്. 

ഇന്ധന വിലയിൽ കേന്ദ്ര സർക്കാരിനെതിരെയും നികുതി കുറക്കാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെയുമാണ് പ്രതിഷേധമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. 

click me!