
തൃശ്ശൂർ: തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴിയിൽ യുഡിഎഫിന് അട്ടിമറിജയം. 993 വോട്ടിന്റ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സിറ്റിംഗ് സീറ്റിൽ യുഡിഎഫ് വിജയിച്ചു. ഇതോടെ കോർപ്പറേഷൻ ഭരണം പിടിക്കാൻ യുഡിഎഫ് ഇനി നീക്കം ശക്തമാക്കും.
എൽഡിഎഫ് സ്ഥാനാർഥി അഡ്വ എം കെ മുകുന്ദന്റെ നിര്യാണത്തെ തുടർന്നാണ് പുല്ലഴിയിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. എൽഡിഎഫിനായി അഡ്വ മഠത്തിൽ രാമൻകുട്ടിയും യുഡിഎഫിനായി കെ രാമനാഥനും, എൻഡിഎക്കായി സന്തോഷ് പുല്ലഴിയുമാണ് മത്സരിച്ചത്. 993 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർത്ഥി കെ രാമനാഥാന്റെ ജയം. രാമനാഥന് 2042 വോട്ടും, എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ മഠത്തിൽ രാമൻകുട്ടിക്ക് 1049 വോട്ട് മാത്രമേ നേടാൻ സാധിച്ചുള്ളു. എൻഡിഎ സ്ഥാനാർത്ഥി സന്തോഷ് പുല്ലഴി 539 വോട്ട് നേടി.
പുല്ലഴി കിട്ടിയാല്‍ ഭരണം ഭീഷണികളില്ലാതെ മുന്നോട്ടുകൊണ്ടുപോകാമെന്ന പ്രതീക്ഷയിലായിരുന്നു എല്‍ഡിഎഫ്. നിലവിൽ കോൺഗ്രസ് വിമതനായ എം കെ വർഗീസാണ് തൃശ്ശൂർ മേയർ.
നിലവിൽ എൽഡിഎഫിനൊപ്പം തന്നെ നിൽക്കുമെന്നും മുന്നണി തന്നോട് അനുഭാവപൂർണ്ണമായി പെരുമാറുമെന്നാണ് പ്രതീക്ഷയെന്നും എം കെ വർഗീസ് പ്രതികരിച്ചു. ഇപ്പാൾ രണ്ട് വർഷത്തേക്കാണ് മേയർ സ്ഥാനം, നിലവിലെ സാഹചര്യത്തിൽ അത് അഞ്ച് വർഷം വരെ ആകാമല്ലോ എന്നും എംകെ വർഗീസ് പറഞ്ഞ് വയ്ക്കുന്നു. തന്നെ ബുദ്ധിമുട്ടിക്കാത്ത കാലം വരെ എൽഡിഎഫിനൊപ്പം നിൽക്കുമെന്ന് ആവർത്തിച്ച തൃശ്ശൂർ മേയർ നിലവിലെ സാഹചര്യത്തിൽ യുഡിഎഫുമായി ചർച്ചകൾക്ക് സാധ്യതയില്ലെന്ന് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam