
കാസർഗോഡ്: കാസർഗോഡ് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബങ്ങൾക്കുള്ള സഹായധനം വിതരണം ചെയ്തു. യുഡിഎഫിന്‍റെ നേതൃത്വത്തിൽ സമാഹരിച്ച 64 ലക്ഷം രൂപയാണ് ഇരു കുടുംബങ്ങൾക്കായി കൈമാറിയത്.
കഴിഞ്ഞ മാർച്ച് രണ്ടിന് കാസർഗോഡ് ജില്ലയിൽ നിന്ന് യുഡിഎഫ് നേതൃത്വം ബക്കറ്റ് പിരിവിലൂടെ സമാഹരിച്ച തുകയാണ് കൈമാറിയത്. പെരിയ കല്യോട്ട് നടന്ന ചടങ്ങിൽ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനിൽ നിന്നും ശരത് ലാലിന്‍റെ അച്ഛൻ സത്യനാരായണനും കൃപേഷിന്‍റെ പിതാവ് കൃഷ്ണനും സഹായ ധനം ഏറ്റുവാങ്ങി.
ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെ തുടർന്നാണ് പണം കൈമാറുന്നത് ഇത്ര വൈകിയതെന്ന് നേതൃത്വം വ്യക്തമാക്കി. കെപിസിസിയുടെ പ്രത്യേക സഹായം ഉൾപ്പടെ ഇതുവരെ ഒരു കോടി എൺപത് ലക്ഷം രൂപയാണ് ഇരുകുടുംബങ്ങൾക്കുമായി സമാഹരിച്ച് നൽകിയത്.
കൃപേഷിന്‍റെ കുടുംബത്തിന് വീടുൾപ്പടെ ഒരു കോടി രൂപയും ശരത് ലാലിന്‍റെ കുടുംബത്തിന് എൺപത് ലക്ഷം രൂപയും നൽകിയതായി ജില്ലാ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. ഇരുവരുടേയും സഹോദരിമാരുടെ വിദ്യാഭ്യാസ ചെലവുകളും പാർട്ടി ഏറ്റെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam