കമറുദീന് പിന്നാലെ ഇബ്രാഹിംകുഞ്ഞും അറസ്റ്റില്‍; യുഡിഎഫ് കടുത്ത പ്രതിരോധത്തില്‍, കേസുകളിൽ കടുപ്പിക്കാൻ സർക്കാർ

By Web TeamFirst Published Nov 18, 2020, 2:15 PM IST
Highlights

സ്വയം വരുത്തിവെച്ച ശിക്ഷ എന്ന് പറയുമ്പോഴും ആക്രമണമാണ് മികച്ച പ്രതിരോധം എന്ന നിലയിലേക്ക് സിപിഎം മാറിയതിന്‍റെ രണ്ടാം സൂചനയാണ് ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റ്. 

തിരുവനന്തപുരം: കമറുദീന് പിന്നാലെ ഇബ്രാഹിംകുഞ്ഞും അറസ്റ്റിലായതോടെ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് കടുത്ത പ്രതിരോധത്തില്‍. തട്ടിപ്പിലും അഴിമതിയിലും രണ്ട് എംഎൽഎമാർ പതിനൊന്ന് ദിവസത്തിനുള്ളിൽ അറസ്റ്റിലായത് പ്രതിപക്ഷ നിരയിലുണ്ടാക്കുന്നത് വലിയ അങ്കലാപ്പാണ്. രാഷ്ട്രീയ പ്രേരിത നീക്കം എന്നാരോപിച്ച് അറസ്റ്റിനെ നേരിടുകയാണ് പ്രതിപക്ഷം. അറസ്റ്റിന്‍റെ സമയവും പാലം പണിത കമ്പനിയെ കരിമ്പട്ടികയിൽ പെടുത്താത്തതുമെല്ലാം ചേർത്താണ് യുഡിഎഫ് പ്രതിരോധം. 

സ്വയം വരുത്തിവെച്ച ശിക്ഷ എന്ന് പറയുമ്പോഴും ആക്രമണമാണ് മികച്ച പ്രതിരോധം എന്ന നിലയിലേക്ക് സിപിഎം മാറിയതിന്‍റെ രണ്ടാം സൂചനയാണ് ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റ്. എന്നേ നടക്കേണ്ടിയിരുന്ന ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റ് നീണ്ടതിന് പിന്നിൽ ഒത്ത് തീർപ്പാണെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. സ്വർണ്ണക്കടത്തിലും ലൈഫിലും സർക്കാർ കുടുങ്ങിയതോടെ സമ്മർദ്ദം നേരിടാൻ അറസ്റ്റ് എന്ന നിലയിലേക്ക് രാഷ്ട്രീയ തീരുമാനം മാറിയതാണ് നിർണ്ണായകമായത്. കമറുദ്ദീന്‍റെ അറസ്റ്റിന് പിന്നാലെ കുടുതൽ അറസ്റ്റുണ്ടാകുമെന്ന് പട്ടിക നിരത്തിയ എ വിജയരാഘവൻ ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റിനെ വിശേഷിപ്പിച്ചത് സ്വാഭാവിക നടപടിയെന്ന്.

കിഫ്ബിക്ക് പിന്നാലെ പാലാരിവട്ടം പാലവും സജീവമാകുന്നത് നേട്ടമാകുമെന്നാണ് ഇടത് കണക്കുകൂട്ടൽ. സ്വർണ്ണക്കടത്തിൽ നിന്നും വികസനത്തിലേക്കും അഴിമതിയിലേക്കും ചർച്ചമാറുന്നതിൽ എൽഡിഎഫ് ആശ്വസിക്കുന്നു.  കേന്ദ്ര ഏജൻസി ഇടപെടലുകളാണ് ഇടത് വലത് ഒത്ത് തീർപ്പ് പൊളിയാൻ കാരണമെന്നാണ് ബിജെപി പ്രതികരണം. യുഡിഎഫ് നേതാക്കൾ ഉൾപ്പെട്ട കേസുകളിലെല്ലാം നടപടി ശക്തമാക്കാൻ സംസ്ഥാന ഏജൻസികൾ ഒരുങ്ങുമ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് കേരള രാഷട്രീയത്തിൽ എന്തും സംഭവിക്കാവുന്ന സ്ഥിതിയാണ്.

click me!