
കാഞ്ഞിരപ്പള്ളി: കേന്ദ്രമന്ത്രി എത്തിയിട്ടും കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ ക്ലച്ച് പിടിച്ചിക്കാനാവാതെ ബിജെപി. കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ സ്ഥാനാർഥിത്വം പാർട്ടിവോട്ടുകളിൽ വിള്ളൽ വീഴ്ത്തിയത് ബിജെപിക്ക് കനത്ത തിരിച്ചടിയായി. ക്രൈസ്തവ വിഭാഗത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള നേതാവിനെ ഇറക്കിയുള്ള പരീക്ഷണം വീണ്ടും നേട്ടമുണ്ടാക്കിയില്ല. 2021ൽ അൽഫോൺസ് കണ്ണന്താനത്തെയും 2024ൽ കാഞ്ഞിരപ്പള്ളി ഉൾപ്പെടുന്ന പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ അനിൽ ആൻ്റണിയെയും ഇറക്കിയുള്ള പരീക്ഷണം വിജയിച്ചിരുന്നില്ല.
യുഡിഎഫ് സ്ഥാനാർഥിയായ റോണി കെ ബേബി 5,772 വോട്ടുകൾക്കാണ് കാഞ്ഞിരപ്പള്ളി പിടിച്ചെടുത്തത്. റോണി കെ ബേബി 56,646 വോട്ട് നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ എൻ ജയരാജ് 50,874 വോട്ടുകളിലേക്ക് ഒതുങ്ങി. എൻഡിഎയ്ക്കായി മത്സരിച്ച ജോർജ് കുര്യന് 26,984 വോട്ടുകളാണ് ലഭിച്ചത്.
2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കായി മത്സരിച്ച വിഎൻ മനോജ്, അൽഫോൺസ് കണ്ണന്താനം എന്നിവർ യഥാക്രമം 31,411 വോട്ടും 29,157 വോട്ടുമാണ് വോട്ടുകളാണ് പിടിച്ചിരുന്നത്. 2024ൽ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ബിജെപിക്കായി മത്സരിച്ച അനിൽ ആൻ്റണി 30,013 വോട്ടുകൾ നേടിയിരുന്നു. എന്നാൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ സ്ഥാനാർഥിത്വം പാർട്ടിവോട്ടുകളിൽ വിള്ളൽ വീഴ്ത്തിയത് കനത്ത തിരിച്ചടിയായി.
കോട്ടയം ജില്ലക്കാരനും കേന്ദ്രമന്ത്രിയുമാണെങ്കിലും കാഞ്ഞിരപ്പള്ളി മണ്ഡലത്തിൻ്റെ താഴേത്തട്ടിൽ പരിചിതനല്ല ജോർജ് കുര്യൻ. മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥിയെ മത്സരിപ്പിച്ചേക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും ഒടുവിൽ നറുക്ക് ജോർജ് കുര്യന് വീഴുകയായിരുന്നു. കോട്ടയം ഏറ്റുമാനൂർ കാണക്കാരി സ്വദേശിയായ ജോർജിൻ്റെ സ്ഥാനാർഥ്വത്തിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ പൊട്ടിത്തെറി ഉണ്ടായിരുന്നു. ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡൻ്റും മുൻ ജില്ലാ പ്രസിഡൻ്റുമായ നോബിൾ മാത്യു ജോർജ് കുര്യനെ സ്ഥാനാർഥിയാക്കിതനെതിരെ പരസ്യമായി രംഗത്തെത്തിയത് പാർട്ടിക്ക് നാണക്കേടായിരുന്നു.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൻ്റെ പരിധിയിൽ വരുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ബിജെപിക്ക് കാര്യമായ മുന്നേറ്റം നടത്താൻ കഴിഞ്ഞിരുന്നില്ല. ചിറക്കടവ്, കാഞ്ഞിരപ്പള്ളി, മണിമല, കങ്ങഴ, കറുകച്ചാൽ, നെടുംകുന്നം, വാഴൂർ, വെള്ളാവൂർ, പള്ളിക്കത്തോട് മണ്ഡലങ്ങളാണ് കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ ഉൾപ്പെടുന്നത്. ഇതിൽ ഭരണമുണ്ടായിരുന്ന പള്ളിക്കത്തോട് പഞ്ചായത്ത് പാർട്ടിക്ക് നഷ്ടമായിരുന്നു. നിലവിൽ ചിറക്കടവ് പഞ്ചായത്തിൽ മാത്രമാണ് പാർട്ടിക്ക് മുഖ്യ പ്രതിപക്ഷത്തുള്ളത്.
കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നിർണായക സ്വാധീനമുള്ള ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള വോട്ടുകൾ കോൺഗ്രസ് സ്ഥാനാർഥി റോണി കെ ബേബിയുടെ പെട്ടിയിലേക്ക് ഒഴുകിയതാണ് 2011 മുതൽ മണ്ഡലത്തിൽ ജയിച്ചുവരുന്ന സിറ്റിങ് എംഎൽഎ എൻ ജയരാജിൻ്റെ പതനത്തിന് കാരണം. മണ്ഡലത്തിൽ കാര്യമായ വികസനപ്രവൃത്തികൾ നടക്കാത്തതും ജയരാജന് തിരിച്ചടിയായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam