പോളിം​ഗിനിടെ മലപ്പുറത്ത് രണ്ടിടത്ത് സംഘ‍ർഷം, കോഴിക്കോട്ട് ബിജെപി സ്ഥാനാർത്ഥിക്ക് കാട്ടുപന്നിയുടെ കുത്തേറ്റു

By Web TeamFirst Published Dec 14, 2020, 12:50 PM IST
Highlights

മലപ്പുറം പെരുമ്പടപ്പ് കോടത്തൂരിലാണ് പോളിങ് ബൂത്തിന് മുന്നിൽ എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. സംഘർഷത്തിനിടയിൽ യുഡിഎഫ് സ്ഥാനാർഥി സുഹറ അഹമ്മദിന് പരുക്കേറ്റു. 

മലപ്പുറം: പോളിങ്ങിനിടെ മലപ്പുറം ജില്ലയില്‍ രണ്ടിടത്ത് സംഘര്‍ഷം.എല്‍.എഡി.എഫ്- യുഡിഎഫ് പ്രവർത്തകർ തമ്മില്‍ ഉണ്ടായ
സംഘര്‍ഷത്തില്‍ യുഡിഎഫ് വനിത സ്ഥാനാര്‍ത്ഥിക്ക് പരിക്കേറ്റു. കോഴിക്കോട് കോടഞ്ചേരിയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് ബിജെപി സ്ഥാനാര്‍ത്ഥിക്ക് പരിക്കു പറ്റി. ബേപ്പൂരില്‍ വോട്ട് ചെയ്ത് മടങ്ങിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു. വോട്ടിങ്ങ് യന്ത്ര തകരാറ് മൂലം ചിലയിടങ്ങളില്‍ അല്‍പ നേരം പോളിങ്ങ് തടസ്സപ്പെട്ടു.

മലപ്പുറം പെരുമ്പടപ്പ് കോടത്തൂരിലാണ് പോളിങ് ബൂത്തിന് മുന്നിൽ എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. സംഘർഷത്തിനിടയിൽ യുഡിഎഫ് സ്ഥാനാർഥി സുഹറ അഹമ്മദിന് പരുക്കേറ്റു. അക്രമാസക്തരായ പ്രവർത്തകരെ പിന്നീട് പൊലീസ് ലാത്തി വീശി ഓടിച്ചു. ഓപ്പൺ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. 

താനൂർ നഗരസഭയിലെ പതിനാറാം വാര്‍ഡിലും യുഡിഎഫ് - എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി മുൻ കൗൺസിലർ ലാമിഹ്  റഹ്മാന് പരിക്കേറ്റു. വോട്ടർമാരെ സ്വധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്നായിരുന്നു സംഘർഷം. കണ്ണൂർ പരിയാരം  പഞ്ചായത്തിലെ മാവിശേരിയില്‍ ബൂത്ത് ഏജന്റിനെ സിപിഎം പ്രവര്‍ത്തര്‍ മർദ്ദിച്ചതായി പരാതി. കോണ്‍ഗ്രസ്സിന്‍റെ ബൂത്ത് ഏജന്റ് നിസാറിനാണ് പരിക്കേറ്റത്. 

കോഴിക്കോട് ബേപ്പൂര്‍ ഹാര്‍ബര്‍ ബൂത്തില്‍ വോട്ട് ചെയ്ത് മടങ്ങിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു. ബേപ്പൂര്‍ സ്വദേശി ദേവിയാണ് മരിച്ചത്. കോഴിക്കോട് കോടഞ്ചേരിയില്‍ ബൂത്തിലേക്ക് വരുന്ന വഴി സ്ഥാനാർത്ഥിയെ കാട്ടു പന്നി കുത്തി.കോടഞ്ചേരി പഞ്ചായത്ത് പത്തൊൻപതാം വാർഡ്‌ ബി ജെ പി സ്ഥാനാർഥി വാസുകുഞ്ഞനെയാണ് കാട്ടുപന്നികുത്തിയത്. പരിക്കേറ്റ വാസുകുഞ്ഞനെ നെല്ലിപ്പൊയിലിലെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കോഴിക്കോട് പയ്യാനയ്ക്കലിൽ വോട്ട്ചെയ്യാനെത്തിയ വ്യക്തിക്ക് വോട്ട് നിഷേധിച്ചതായും പരാതി ഉയർന്നു. കോവിഡ് രോഗികളുടെ ലിസ്റ്റിലുണ്ടെന്ന് പറഞ്ഞ് പ്രിസൈഡിങ് ഓഫിസർ വോട്ട് നിഷേധിച്ചെന്ന് പയ്യാനക്കല്‍ സ്വദേശിഅർഷാദ് പരാതിപ്പെട്ടു. കണ്ണൂര്‍ മുഴപ്പിലങ്ങാട് പഞ്ചായത്തിലെ നാലാം വാർഡിൽ വോട്ട് മാറി ചെയ്തതായി പരാതിയുണ്ട്. കണ്ണന്‍വയല്‍ പടന്നക്കണ്ടി ഈസ്റ്റ് എല്‍പി സ്‌കൂളിലാണ് സംഭവം. മുഴുപ്പിലങ്ങാട് സ്വദേശി പ്രേമദാസന്റെ പേരില്‍ പ്രേമൻ എന്നയാൾ  വോട്ടു ചെയ്യുകയായിരുന്നു.

പ്രേമദാസന് പ്രിസൈഡിങ്ങ് ഓഫീസര്‍ ചലഞ്ച് വോട്ടു ചെയ്യാൻ അവസരം നൽകി.വിവധ ജില്ലകളിലായി ചിലയിടങ്ങളില്‍ വോട്ട് യന്ത്രം തകരാറിലായത് പോളിങ്ങിനെ ബാധിച്ചു.ഇവിടങ്ങിളില്‍ യന്ത്രതകരാറ് പരിഹരിച്ച് പോളിങ്ങ് വീണ്ടും തുടങ്ങി. വോട്ടെടുപ്പ് തുടങ്ങിയതു മുതല്‍ മിക്കയിടത്തും വോട്ടര്‍മാരുടെ ണ്ട നിര ഉണ്ടായിരുന്നു. സാമൂഹിക അകലം പാലിക്കാന്‍ അടയാളങ്ങള്‍ ഉള്‍പ്പെടെ രേഖപ്പെടുത്തിയിരുന്നെങ്കിലും
പലയിടത്തും അത് പാളി.

click me!