
തിരുവനന്തപുരം: അഞ്ചിടത്തെ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളുടെ തിരക്കിലേക്ക് നീങ്ങി മുന്നണികൾ. ചൊവ്വാഴ്ച എൽഡിഎഫ് യോഗം ചേരും. നാളെയും മറ്റന്നാളുമായി യുഡിഎഫ് നേതാക്കൾ കൂടിയാലോചനകൾ നടത്തും. ബിജെപി കോർ കമ്മിറ്റി ഞായറാഴ്ച ചേരും.
വെറുമൊരു ഉപതെരഞ്ഞെടുപ്പ് മാത്രമല്ല വരാന്‍ പോകുന്നത്. കാസർക്കോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന മണ്ഡലങ്ങളിലെ വിധി സംസ്ഥാനത്തെ പൊതുവിലയിരുത്തലായി കാണാം. തദ്ദേശ ഭരണ തെരഞ്ഞെടുപ്പും പിന്നെ നിയമസഭാ തെരഞ്ഞെടുപ്പും വരും മുമ്പുള്ള മത്സരം മൂന്ന് മുന്നണികൾക്കും ജീവന്മരണ പോരാട്ടം കൂടിയായി മാറും.
ലോകസ്ഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയം ഒരു പ്രത്യേക സാഹചര്യത്തിലുള്ളതെന്നായിരുന്നു ഇടത് വിലയിരുത്തൽ. അത് മാറിയെന്ന് തെളിയിച്ച് തിരിച്ചു വരവ് നടത്തുക എന്നതാണ് ഇടതിനുള്ള വെല്ലുവിളി. ലോക്സഭാ തെരഞ്ഞെടുപ്പിലും മിന്നും ജയം ആവർത്തിക്കലിൽ കുറഞ്ഞൊന്നും യുഡിഎഫ് ലക്ഷ്യമിടുന്നില്ല. വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും ഇനിയും താമര വിരിഞ്ഞില്ലെങ്കിൽ ബിജെപിക്ക് പിടിച്ചു നിൽക്കാനാക്കില്ല.
അഞ്ചിൽ നാലും യുഡിഎഫിന്‍റെ സിറ്റിംഗ് സീറ്റാണ്. പക്ഷെ അഞ്ചും ആരുടെയും കുത്തക മണ്ഡലമാണെന്ന് ഉറപ്പിച്ച് പറയാനാകാത്ത സ്ഥിതി. മഞ്ചേശ്വരമൊഴികെ നാലും കോൺഗ്രസ് സീറ്റ്. അതും ഐ ഗ്രൂപ്പ് മണ്ഡലങ്ങൾ. ഗ്രൂപ്പിനപ്പുറത്തേക്ക് വെച്ചുമാറൽ വേണമെങ്കിൽ അതടക്കം നേതാക്കൾ ചർച്ച ചെയ്യും.
ഇടതുപക്ഷത്ത് നിന്ന് നോക്കുമ്പോള്‍ അഞ്ചിടത്തും മത്സരിക്കുന്നത് സിപിഎമ്മാണ്. ബിഡിജെഎസിന് നൽകാൻ ധാരണയുള്ള അരൂർ ഒഴികെ നാലിടത്തും ബിജെപി പോരിനിറങ്ങും. പാലാ പോരിൽ തുടങ്ങി അഴിമതിയെ ചൊല്ലിയുള്ള വാദപ്രതിവാദമാണിപ്പോള്‍ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാന ചർച്ചാവിഷയം.
അഞ്ചിടത്തും അഴിമതിയിലൂന്നി തന്നെയാകും ഇനിയും പ്രചാരണം. പാലാരിവട്ടം ഇടതുപക്ഷം ആയുധമാക്കുമ്പോള്‍ കിഫ്ബിയും കിയാലും വച്ച് യുഡിഎഫ് തിരിച്ചടിക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായെന്ന് വിലയിരുത്തപ്പെട്ട ശബരിമല വിഷയത്തിലും യുഡിഎഫും ബിജെപിയും ഇപ്പോഴും പ്രതീക്ഷവയ്ക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam