നിഷ തന്നെയെന്ന് ജോസ് കെ മാണി, നേതൃത്വം അംഗീകരിക്കാതെ 'രണ്ടില'യില്ലെന്ന് ജോസഫ്

By Web TeamFirst Published Aug 31, 2019, 12:09 PM IST
Highlights

ചിഹ്നവും സ്ഥാനാർത്ഥിയുമൊക്കെ പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്ന് ജോസ് കെ മാണി നിലപാടെടുക്കുമ്പോൾ നിഷയുടെ വിജയസാധ്യതയെക്കുറിച്ച് മിണ്ടാൻ പോലും തയ്യാറല്ല ജോസഫ്. 

കോട്ടയം: പാലായിൽ ആര് മത്സരിക്കുമെന്ന കാര്യത്തിലൊരു സമവായമുണ്ടാക്കാൻ ജോസ് കെ മാണി - പി ജെ ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ യുഡിഎഫ് ഉപസമിതി യോഗം ചേർന്നു. കോട്ടയം ഡിസിസിയിൽ നടക്കുന്ന യോഗത്തിൽ ജോസ് കെ മാണിയുമായും പി ജെ ജോസഫുമായും വെവ്വേറെ ചർച്ച നടത്തി. യോഗത്തിൽ ഇരുവിഭാഗവും സ്വന്തം നിലപാടിൽ ഉറച്ചു നിന്നു. 

സ്ഥാനാർത്ഥിയും ചിഹ്നവും പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും 'പുറത്തു നിന്നുള്ള' ആരും അതിലിടപെടേണ്ടെന്നുമാണ് ജോസ് കെ മാണിയുടെ ഉറച്ച നിലപാട്. നിഷാ ജോസ് കെ മാണിയുടെ പേരിന് തന്നെയാണ് സജീവ സാധ്യത പറഞ്ഞുകേൾക്കുന്നത്. എന്നാൽ പി ജെ ജോസഫിന്‍റെ നേതൃത്വം അംഗീകരിച്ചാൽ മാത്രം ചിഹ്നം നൽകിയാൽ മതിയെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ പൊതു അഭിപ്രായം. അതില്ലെങ്കിൽ 'രണ്ടില' തരില്ലെന്നാണ് ഭീഷണി.

കോട്ടയത്ത് യുഡിഎഫ് ഉപസമിതിയ്ക്ക് മുമ്പ് ജോസഫ് വിഭാഗത്തിന്‍റെ യോഗവും ജോസ് കെ മാണി വിഭാഗത്തിന്‍റെ യോഗവും വെവ്വേറെ നടന്നു. നിഷയുടെ വിജയസാധ്യതയെക്കുറിച്ചോ, യോഗത്തിൽ സമവായമാകുമോ എന്നതിനെക്കുറിച്ചോ യോഗത്തിനെത്തിയ പി ജെ ജോസഫ് പ്രതികരിക്കാൻ പോലും തയ്യാറായില്ല. ''ചിഹ്നമൊക്കെ പിന്നെ തീരുമാനിക്കും. യുഡിഎഫ് അല്ലെങ്കിലേ സ്ഥാനാർത്ഥിയെ ഒടുവിൽ മാത്രമേ തീരുമാനിക്കാറുള്ളൂ'', എന്ന് ജോസഫ്. 

അതേസമയം, നിലപാടിലുറച്ചു നില്‍ക്കുകയാണ് ജോസ് കെ മാണി വിഭാഗം. സ്ഥാനാർത്ഥിയും ചിഹ്നവും പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്. മറ്റാരും ഇതിൽ ഇടപെടേണ്ടതില്ല. ഇക്കാര്യം യുഡിഎഫ് ഉപസമിതിയില്‍ അറിയിക്കുമെന്നും ജോസ് കെ മാണി വിഭാഗം വ്യക്തമാക്കുന്നു. സ്ഥാനാർത്ഥി നിർണയത്തെക്കുറിച്ച് അന്തിമ തീരുമാനമെടുക്കാൻ സംസ്ഥാന സമിതി യോഗവും ഇന്ന് വൈകീട്ട് കോട്ടയത്ത് ചേരുന്നുണ്ടെന്ന് ജോസ് കെ മാണി.

പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയാണ് യോഗശേഷം ജോസ് കെ മാണി പങ്കുവച്ചത്. ഇന്നലത്തെ ചർച്ചയിൽ ഒരു സ്ഥനാർത്ഥിയുടെ പേരും ഉയർന്നു വന്നിട്ടില്ല. ജോസഫ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി കൂടുന്ന കാര്യം അറിയില്ലെന്നും ജോസ് കെ മാണി പറഞ്ഞു. എന്നാല്‍, കേരള കോണ്‍ഗ്രസുകള്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നാണ് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടത്. ആ പ്രതീക്ഷയിലാണ് കോൺഗ്രസും. ഇല്ലെങ്കിൽ ചിഹ്നം മുതൽ പ്രചാരണം വരെയുള്ള സകല പദ്ധതികളും താളം തെറ്റും. 

അതേസമയം, റോഷി അഗസ്റ്റിൻ പറയുന്നത് യുഡിഎഫ് സ്ഥാനാർത്ഥി രണ്ടിലച്ചിഹ്നത്തിൽത്തന്നെ മത്സരിക്കുമെന്നാണ്. യുഡിഎഫ് കൺവീനർ തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും മറിച്ചുള്ള പ്രചാരണങ്ങൾ കണക്കിലെടുക്കുന്നില്ലെന്നും റോഷി. 

അതേസമയം, പാലായിലെ ഇടതു മുന്നണി സ്ഥാനാർഥി മാണി സി കാപ്പൻ പത്രിക നൽകി. സിപിഎം ജില്ലാ സെക്രട്ടറി വി എൻ വാസവൻ അടക്കമുള്ള ജില്ലയിലെ മുതിർന്ന എൽഡിഎഫ് നേതാക്കൾക്കൊപ്പം എത്തിയാണ് ളാലം ബ്ളോക് ഓഫീസിൽ അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫീസർ ഇ ദിൽഷാദിന് പത്രിക കൈമാറിയത്.

click me!